നാട്ടിലിറങ്ങിയ കാട്ടാന പരിഭ്രാന്തി പരത്തി

Posted on: September 27, 2014 9:04 am | Last updated: September 27, 2014 at 9:04 am
SHARE

മേലാറ്റൂര്‍: കൂട്ടം തെറ്റി നാട്ടിലിറങ്ങിയ കാട്ടാന പരിഭ്രാന്തി പരത്തി. എടപ്പറ്റ പഞ്ചായത്തിലെ പുളിയക്കോട് അത്തിക്കുണ്ട് റോഡിലാണ് വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ ടാപ്പിംഗ് തൊഴിലാളികള്‍ കാട്ടാനയെ കണ്ടത്.
തൊഴിലാളികള്‍ ബഹളം വെച്ചതോടെ ആന ജനവാസ കേന്ദ്രമായ പുത്തനഴി മൂനടി റോഡിലേക്ക് നീങ്ങി. പ്രദേശത്ത് പരിഭ്രാന്തിയും ഭീതിയും പരത്തിയ കാട്ടാന ഒരു മണിക്കൂറിന് ശേഷം സമീപത്തുള്ള റബ്ബര്‍ തോട്ടത്തില്‍ അഭയം തേടി. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് കാട്ടാനകൂട്ടം അത്തിക്കുണ്ട് റോഡിനോട് ചേര്‍ന്നുള്ള തോട്ടത്തില്‍ എത്തിയത്.
ഇവയെ ഓടിക്കുന്നതിനായി പ്രദേശവാസികള്‍ പടക്കം പൊട്ടിക്കുകയും ഉച്ചത്തില്‍ ബഹളം വെക്കുകയും ചെയ്തപ്പോഴാണ് കൂട്ടം തെറ്റിയ കാട്ടാന റോഡിലേക്ക് കയറിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കരുവാരക്കുണ്ട് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ അജയന്‍, കാളികാവ് റേഞ്ച് ഓഫീസര്‍ ജയപ്രകാശ്, നിലമ്പൂരില്‍ നിന്ന് എലഫെന്റ് സ്‌ക്വാഡ്, വനപാലകര്‍ എന്നിവര്‍ എത്തി റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചാണ് തോട്ടത്തില്‍ ആനയെ കാട്ടിലേക്ക് തുരത്തിയത്.