ആശങ്കകള്‍ മല ഇറങ്ങട്ടെ

Posted on: September 27, 2014 6:00 am | Last updated: September 26, 2014 at 11:33 pm
SHARE

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് നാളേറെ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി പറഞ്ഞിരിക്കുകയാണ്. പരിസ്ഥിതിലോല മേഖലകള്‍ നിശ്ചയിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനം എത്രയും വേഗം വേണമെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് ട്രൈബ്യൂണല്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. അതുവരെ 2014 നവംബര്‍ 13ന് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം നടപ്പാക്കണമെന്നും ഉത്തരവിലുണ്ട്. മലയോര മേഖലയെ സംബന്ധിച്ച് ഒരു വശത്ത് ആശ്വാസവും മറുവശത്ത് ആശങ്കയും ഒളിഞ്ഞിരിക്കുന്ന ഉത്തരവാണ് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
പശ്ചിമ ഘട്ട സംരക്ഷണത്തിനായി പ്രൊഫ. മാധവ് ഗാഡ്ഗില്‍ സമിതിയും ഡോ. കസ്തൂരി രംഗന്‍ സമിതിയും നല്‍കിയ രണ്ട് റിപ്പോര്‍ട്ടുകളാണ് മുന്നിലുള്ളത്. ഇതില്‍ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നായിരുന്നു ഹരിത ട്രൈബ്യൂണലില്‍ ഹരജിയുമായെത്തിയ പരിസ്ഥിതി സംഘടന ഗോവ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടിരുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യമാണ് കേന്ദ്ര സര്‍ക്കാറിനെ നയിക്കുന്ന ബി ജെ പിയുടെ കേരള ഘടകവും ഉന്നയിച്ചതെങ്കിലും കേന്ദ്രസര്‍ക്കാറിന് പോലും ഇതിനോട് യോജിക്കാന്‍ കഴിഞ്ഞില്ല. മലയോര മേഖലയില്‍ ഉയര്‍ന്ന ആശങ്ക ഉള്‍ക്കൊണ്ട കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയ എതിര്‍പ്പായിരുന്നു കാരണം. കസ്തൂരിരംഗന്‍ സമിതിയുടെ ശിപാര്‍ശകളാണ് സ്വീകാര്യമെന്ന് എന്‍ ജി ടിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതുമാണ്. അന്തിമവിധിയില്‍ എന്‍ ജി ടിയും ഗാഡ്ഗില്‍ വേണമെന്ന ഗോവ ഫൗണ്ടേഷന്റെ ആവശ്യം തള്ളിക്കഴിഞ്ഞു.
ഇനി മുന്നിലുള്ളത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടാണ്. ഈ റിപ്പോര്‍ട്ട് അനുസരിച്ച് പരിസ്ഥിതിലോല മേഖല( ഇ എസ് എ) നിശ്ചയിച്ച് അന്തിമ വിജ്ഞാപനം ഇറക്കുകയാണ് വേണ്ടത്. പശ്ചിമ ഘട്ടത്തിലെ 37 ശതമാനം സംരക്ഷിത പ്രദേശമാക്കണമെന്നാണ് കസ്തൂരിരംഗന്‍ സമിതിയുടെ ശിപാര്‍ശ. ഇത് അംഗീകരിച്ചാണ് ഇ എസ് എ നിര്‍ണ്ണയിച്ച് 2014 നവംബര്‍ 13ന് കഴിഞ്ഞ സര്‍ക്കാര്‍ കരട് വിജ്ഞാപനം ഇറക്കിയത്. ഇതനുസരിച്ച് കേരളത്തിലെ 123 വില്ലേജുകള്‍ ഇ എസ് എയാണ്. ഈ വിജ്ഞാപനം ഇറങ്ങിയപ്പോള്‍ തന്നെ കേരളത്തിന്റെ മലയോര മേഖലകളില്‍ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. അപ്പോള്‍ തന്നെ ഇ എസ് എയുടെ അതിര്‍ഥികള്‍ പുനര്‍ നിര്‍ണയിക്കുമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഉറപ്പ് നല്‍കി. സംസ്ഥാന സര്‍ക്കാര്‍ ഇതിനുള്ള തുടര്‍ നടപടികളും സ്വീകരിച്ചു. ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ പ്രൊഫ. ഉമ്മന്‍ വി ഉമ്മന്‍ അധ്യക്ഷനായി പ്രത്യേക സമിതിയുണ്ടാക്കിയാണ് കേരളത്തിലെ ഇ എസ് എകളുടെ അതിര്‍ഥി പുനര്‍നിര്‍ണയിച്ചത്. പ്രാദേശിക സര്‍വേ നടത്തിയും കര്‍ഷകരുടെ ആവലാതികള്‍ കേട്ടും ശ്രമകരമായ ഒരു ദൗത്യമാണ് ഈ സമിതി പൂര്‍ത്തിയാക്കിയത്. അന്തിമ പട്ടിക കേന്ദ്രസര്‍ക്കാറിനും ഹരിത ട്രൈബ്യൂണലിന് മുന്നിലും സമര്‍പ്പിക്കുകയും ചെയ്തു. അന്തിമ വിധിയില്‍ എന്‍ ജി ടി കേരളത്തിന്റെ കാര്യം എടുത്തുപറയാന്‍ ഇടയാക്കിയത് ഈ ഉദ്യമം തന്നെയാണ്.
സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സമ്മര്‍ദ്ദങ്ങളുടെ ഫലമായി ഇ എസ് എയുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ച് കഴിഞ്ഞ മാര്‍ച്ച് 13ന് പുതിയ കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ ഇറക്കിയതാണ്. നവംബര്‍ 13ലെ വിജ്ഞാപനം അനുസരിച്ച് 13,108 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇ എസ് എ ആയിരുന്നെങ്കില്‍ മാര്‍ച്ച് 13ലെ കരട് വിജ്ഞാപനത്തില്‍ ഇതില്‍ 3115 ചതുരശ്ര കിലോമീറ്റര്‍ ഒഴിവാക്കി. ജനവാസ കേന്ദ്രങ്ങളും കൃഷി, തോട്ടം മേഖലകളുമാണ് ഇങ്ങനെ ഒഴിവാക്കിയിരുന്നത്. എന്നാല്‍, ട്രൈബ്യൂണല്‍ ഉത്തരവില്‍ ഈ കരട് വിജ്ഞാപനത്തെക്കുറിച്ച് പരാമര്‍ശമൊന്നുമില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം നിയമവശങ്ങള്‍ പരിശോധിക്കാതെ ഇറക്കിയത് കൊണ്ടാകാം ഇതിന് നിയമസാധുത ഇല്ലാതെ പോയത്. പുതിയ ഉത്തരവോടെ നവംബര്‍ 13ലെ ഉത്തരവാണ് നിലനില്‍ക്കുന്നത്. ഇതനുസരിച്ച് ഖനനം, ക്വാറി, മണല്‍വാരല്‍ എന്നിവക്ക് സമ്പൂര്‍ണ നിരോധം വരും. താപോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കാനും 20,000 ചതുരശ്ര അടിയേലേറെയുള്ള കെട്ടിടങ്ങളും മറ്റു നിര്‍മാണങ്ങളും അനുവദിക്കില്ല. 50 ഹെക്ടറിലേറെയുള്ളതോ 1.5 ലക്ഷം ചതുരശ്ര മീറ്ററിലേറെ നിര്‍മാണമുള്ളതോ ആയ ടൗണ്‍ഷിപ്പ് പദ്ധതികള്‍ക്കും തടസ്സം നേരിടും. ചുവപ്പ് ഗണത്തിലുള്ള വ്യവസായങ്ങളും ഈ മേഖലയില്‍ അനുവദിക്കില്ല. 64 തരം വ്യവസായങ്ങളാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചുവപ്പ് ഗണത്തില്‍പ്പെടുത്തിയിരിക്കുന്നത്.
പശ്ചിമ ഘട്ടത്തില്‍ ഇത്തരം നിയന്ത്രണങ്ങളെല്ലാം അനിവാര്യമാണ്. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ജീവവായുവും വെള്ളവും ലഭിക്കണമെങ്കില്‍ ഒരു പോറലുമേല്‍ക്കാതെ പശ്ചിമഘട്ടം സംരക്ഷിക്കപ്പെടണം. മലയോര മേഖലയിലുള്ളവര്‍ക്ക് പോലും ഇക്കാര്യത്തില്‍ രണ്ടഭിപ്രായമില്ല. സംരക്ഷണ നടപടികളും നിയന്ത്രണങ്ങളും എവിടെയൊക്കെ, ഏത് വരെ എന്നതില്‍ മാത്രമാണ് തര്‍ക്കം. ജനവാസ കേന്ദ്രങ്ങളില്‍ നിയന്ത്രണം വരുമ്പോഴാണ് പ്രശ്‌നം. ഇതിന് ഇ എസ് എ പുനര്‍നിര്‍ണയിക്കുക മാത്രമാണ് പരിഹാരം. കേരളം ഇതിനുള്ള നടപടികളെല്ലാം പൂര്‍ത്തീകരിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ കൂടി ഈ തലത്തിലുള്ള നടപടികളെടുത്താല്‍ അന്തിമ വിജ്ഞാപനം വരുമെന്നാണ് കരുതുന്നത്. മലയോര മേഖലയുടെ സാധാരണ ജീവിതം ഇല്ലാതാക്കി കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം സാധ്യമല്ല. പരിസ്ഥിതി സംരക്ഷണവും ജനജീവിതവും ഒരുമിച്ചുകൊണ്ടുപോകണം. എങ്കില്‍ മാത്രമെ നടപടികള്‍ക്ക് അര്‍ഥമുണ്ടാകൂ. നടപടികള്‍ വേഗത്തിലാക്കണമെന്ന ഉത്തരവിലെ നിര്‍ദേശത്തിന്റെ അന്ത:സത്ത കേന്ദ്രസര്‍ക്കാര്‍ ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം.