ലഡാക്കില്‍ ഇരു സൈന്യങ്ങളും പിന്‍മാറാന്‍ തീരുമാനം

Posted on: September 27, 2014 6:00 am | Last updated: September 26, 2014 at 11:24 pm
SHARE

Indian-Army-Ladakh-Reutersന്യൂഡല്‍ഹി/ ന്യൂയോര്‍ക്ക്: ജമ്മു കാശ്മീരിലെ ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ആഴ്ചകളോളം നിലനിന്ന സംഘര്‍ഷാവസ്ഥക്ക് അയവ്. ജമ്മു കാശ്മീരിലെ ലഡാക്ക് അതിര്‍ത്തി പ്രദേശത്ത് നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് ഇന്നലെ മുതല്‍ ഇരു ഭാഗത്തായി നിലയുറപ്പിച്ച സൈന്യങ്ങള്‍ പിന്മാറിത്തുടങ്ങി. ഈ മാസം മുപ്പതോടെ സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. സൈന്യത്തെ പിന്‍വലിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചത് നയതന്ത്ര വിജയമാണെന്ന് അവര്‍ പറഞ്ഞു.
ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യീയുമായി ന്യൂയോര്‍ക്കില്‍ സുഷമാ സ്വരാജ് നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് സൈന്യത്തെ പിന്‍വലിക്കാന്‍ ധാരണയായത്. ഈ മാസം മുപ്പതോടെ ഇരു രാജ്യങ്ങളും സൈന്യത്തെ ഇപ്പോഴുള്ള പ്രദേശത്ത് നിന്ന് പിന്‍വലിച്ച് സെപ്തംബര്‍ ഒന്നിന് ഉണ്ടായിരുന്ന സ്ഥാനങ്ങളില്‍ നിലനിര്‍ത്തുമെന്നും സുഷമാ സ്വരാജ് അറിയിച്ചു. ഇരു ഭാഗത്തെയും സൈനിക കമാന്‍ഡര്‍മാര്‍ വ്യാഴാഴ്ച ഫഌഗ് മീറ്റിംഗ് ചേര്‍ന്നിരുന്നു. പ്രശ്‌നം രമ്യമായി പരിഹരിച്ചെന്നും അതിര്‍ത്തി ഇപ്പോള്‍ ശാന്തമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുന്‍യിംഗ് പറഞ്ഞു. എന്നാല്‍, വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് പിന്നാലെ ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അതിര്‍ത്തി പ്രശ്‌നത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗിന്റെ ഇന്ത്യാ സന്ദര്‍ശനത്തിലുണ്ടായ തീരുമാനങ്ങളുമായി മുന്നോട്ടു പോകുമെന്നാണ് ഇതില്‍ പറയുന്നത്.
ലഡാക്കില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തി കൈയേറിയതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യത്തെ കൂടുതലായി മേഖലയില്‍ വിന്യസിച്ചത്. ആയിരത്തോളം സൈനികരാണ് ഇരുഭാഗത്തായി മുഖാമുഖം നിലയുറപ്പിച്ചത്. ലഡാക്കിലെ ചുമാര്‍ സെക്ടറില്‍ നൂറോളം ചൈനീസ് സൈനികര്‍ നുഴഞ്ഞുകയറിയെന്നും അതിര്‍ത്തിയില്‍ റോഡ് നിര്‍മാണത്തിന് ചൈന ശ്രമിക്കുന്നുവെന്നും ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു. അഞ്ച് കിലോമീറ്ററോളം കൈയേറിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സി ജിന്‍പിംഗിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലും അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നിരുന്നു. അതിര്‍ത്തി പ്രശ്‌നം ഇന്ത്യ ഗൗരവമായാണ് കാണുന്നതെന്നും എത്രയും വേഗം പരിഹാരം കാണണമെന്നും ജിന്‍പിംഗുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.