സമാധാനാന്തരീക്ഷത്തിന് കര്‍ശന നടപടികളുമായി പോലീസ്

Posted on: September 27, 2014 6:00 am | Last updated: September 26, 2014 at 10:40 pm
SHARE

കാസര്‍കോട്: പോലീസിന്റെ ശക്തമായ ഇടപെടല്‍ മൂലവും അധികൃതര്‍ സ്വീകരിച്ച കര്‍ശന നടപടിമൂലവും രാഷ്ട്രീയപാര്‍ട്ടികളും മറ്റു സംഘടനകളും ഉണര്‍ന്നു പ്രവര്‍ത്തിച്ചത് മൂലവും ജില്ലയില്‍ സമാധാന അന്തരീക്ഷം സ്ഥാപിക്കാന്‍ കഴിഞ്ഞതായി ജില്ലാ സാമാധാനകമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു.
ജില്ലയില്‍ പോലീസ് അതീവ ജാഗ്രത പാലിക്കുന്നുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. സ്ഥിരം കുറ്റവാളികളെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതും സാമൂഹ്യദ്രോഹികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുത്തതും ജില്ലക്ക് ഗുണമായി. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും സമാധാന യോഗങ്ങള്‍ ചേര്‍ന്ന് ചെറിയ പ്രശ്‌നങ്ങള്‍ അവിടെ വച്ചുതന്നെ പരിഹരിക്കണം. കൂടാതെ വാറ്റുചാരായം, അനധികൃത മദ്യവില്‍പ്പന തടയാന്‍ പഞ്ചായത്ത്തല ജനകീയ സമിതികള്‍ചേരണം. പോലീസിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ മദ്യ-മണല്‍ മാഫിയകള്‍ നടത്തുന്ന ശ്രമം ജനങ്ങള്‍ തിരിച്ചറിയണം. ജില്ലയില്‍ പലേയിടത്തും മയക്ക്മരുന്ന് വില്‍പ്പന നടന്നുവരുന്നതായി വിവരം ലഭിച്ചതായും മാതാപിതാക്കളും കുടംബാംഗങ്ങളും കുട്ടികള്‍ മയക്കുമരുന്നിന്റെ കെണിയില്‍പെടാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ജനകീയ പോലീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
ജനകീയ പോലീസിന്റെ ഇടപെടല്‍ മൂലം നാട്ടിലെ പല പ്രശ്‌നങ്ങളും സമാധാനപരമായി പരിഹരിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ അതിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. രാഷ്ട്രീയപാര്‍ട്ടികളുടെയും മറ്റ് സംഘടനകളുടെയും ഫഌക്‌സ് ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നത് മൂലം ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ ജില്ലയില്‍ സംഘര്‍ഷത്തിനു കാരണമാവുന്നതായും ആയതിനാല്‍ കൊടിതോരണങ്ങള്‍ നിരോധിക്കണമെന്ന് പി എ അശറഫ് എന്നയാള്‍ ഹൈക്കോടതിയില്‍ നല്‍കിയ റിറ്റ് പെറ്റീഷനില്‍ കോടതിക്ക് മറുപടി നല്‍കേണ്ട കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. എന്നാല്‍, കൊടിതോരണങ്ങള്‍ മൂലമല്ല ഇവിടെ പ്രശ്‌നമുണ്ടാകുന്നതെന്ന് കോടതിയെ ബോധ്യപ്പെടുത്തണമെന്ന് യോഗത്തില്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കന്‍മാര്‍ നിര്‍ദേശിച്ചു.
റോഡിനു കുറുകെ കമാനങ്ങള്‍ സ്ഥാപിക്കുന്നത് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും യോഗം നിര്‍ദേശിച്ചു. ഫഌക്‌സ് ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍ സ്ഥാപിച്ച പാര്‍ട്ടികള്‍, സംഘടനകള്‍ പരിപാടി കഴിഞ്ഞ് 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് നേരത്തെ എടുത്ത തീരുമാനം നടപ്പിലാക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ(ഉദുമ), സബ്കലക്ടര്‍ കെ ജീവന്‍ ബാബു, ഡി വൈ എസ് പി. കെ ഹരിശ്ചന്ദ്ര നായിക്ക്, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ ദിവ്യ, നീലേശ്വരം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കന്‍മാരായ കെ പി സതീഷ് ചന്ദ്രന്‍, എം സി ഖമറുദ്ദീന്‍, ജി ചന്ദ്രന്‍, ഷാഫി ചെമ്പിരിക്ക, പി വി മൈക്കേല്‍, പി കമ്മാരന്‍, ബി എം സുഹൈല്‍, ടി കൃഷ്ണന്‍, അസീസ് കടപ്പുറം, എ കുഞ്ഞിരാമന്‍ നായര്‍, പി കെ ഫൈസല്‍, എസ് കുമാര്‍, നാഷണല്‍ അബ്ദുല്ല, ഉബൈദുല്ല കടവത്ത,് ഹുസൈന്‍ സിറ്റിസണ്‍, പാദാര്‍ മുസ്തഫ, തഹസില്‍ദാര്‍മാര്‍ മറ്റ് ഉന്നതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.