കേരളം പറയുന്നു; ‘യെസ്’

Posted on: September 27, 2014 6:00 am | Last updated: September 26, 2014 at 8:30 pm
SHARE

oommen chandyയുവസംരംഭകരുടെ ജ്വലിക്കുന്ന ആശയങ്ങള്‍, ത്രസിപ്പിക്കുന്ന കണ്ടുപിടിത്തങ്ങള്‍, അവര്‍ക്ക് ഫണ്ട് നല്‍കാന്‍ സംവിധാനങ്ങള്‍, സര്‍ക്കാറിന്റെ ശക്തമായ പിന്തുണ, കൈത്താങ്ങാകാന്‍ പരിചയസമ്പന്നരായ വ്യവസായികള്‍… അങ്കമാലിയില്‍ നടന്ന യുവസംരംഭക മേളയിലൂടെ കേരളം പുതിയൊരു വ്യവസായ സംസ്‌കാരത്തിനു തുടക്കം കുറിച്ചിരിക്കുന്നു.
രണ്ടായിരത്തോളം പേരെയാണ് യെസ് പരിപാടിക്ക് പ്രതീക്ഷിച്ചതെങ്കിലും എത്തിയത് 4500ലധികം പേര്‍. യുവാക്കളുടെ മഹാ സംഗമത്തില്‍ ആശയങ്ങളും ആവേശവും വാനോളം ഉയര്‍ന്നു നിന്നു. അവരുടെ അതിശയിപ്പിക്കുന്ന കണ്ടുപിടിത്തങ്ങള്‍ എല്ലാവരിലേക്കും ഊര്‍ജം പകര്‍ന്നു. വ്യവസായ വകുപ്പിന്റെയും കെ എസ് ഐ ഡി സിയുടെയും ഉന്നത വ്യക്തികളും അനുഭവസമ്പന്നരായ വ്യവസായ പ്രമുഖരുമൊക്കെ യുവാക്കളോടൊപ്പം അണിചേര്‍ന്നു.
ആശയങ്ങള്‍ ലോകത്തെ ഭരിക്കുമെന്നു മഹാ സൈദ്ധാന്തികനായ പ്ലേറ്റോ രണ്ട് സഹസ്രാബ്ദം മുമ്പ് പറഞ്ഞത് എക്കാലത്തെയും ആപ്തവാക്യമാണ്. ഡിജിറ്റല്‍ യുഗത്തിലും ആശയങ്ങള്‍ തന്നെയാണ് രാജാവ്. പരിപാടിയില്‍ ആശയങ്ങളുടെ നിരവധി രാജകുമാരന്മാരെ തന്നെ കാണാന്‍ സാധിച്ചു. ഇതിലെ ചില ആശയങ്ങള്‍ നാളെ ലോകം തന്നെ കീഴടക്കാം. ഇതില്‍ നിന്നു പ്രചോദനം ഉള്‍ക്കൊള്ളുന്ന മറ്റു ചിലര്‍. തൊഴില്‍ തേടി അലയുന്നവരില്‍ നിന്ന് തൊഴില്‍ദാതാക്കളായി മാറുന്ന അത്ഭുതകരമായ കാഴ്ച.
ഫോട്ടോ കോപ്പികള്‍ സൗജന്യമായി നല്‍കുന്ന കോപ്പി സ്‌പോട്ട് മേളയിലെ ഏറ്റവും മികച്ച ആശയമായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു വശത്ത് പരസ്യം പ്രസിദ്ധപ്പെടുത്തി അതില്‍ നിന്നു ലഭിക്കുന്ന വരുമാനത്തിലൂടെ ഫോട്ടോ കോപ്പി സൗജന്യമായി നല്‍കാമെന്ന് പ്രശാന്ത് മേനോനും ബിറ്റു ജോര്‍ജും കണ്ടെത്തി. പഞ്ചായത്തിലെ മുഴുവന്‍ പേരുടെയും വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് സേവനങ്ങളും വിവരങ്ങളും എസ് എം എസിലൂടെ ജനങ്ങളില്‍ എത്തിക്കുന്ന അലോക് ബാബു, അഗ്രി കോപ്റ്റര്‍ ഉപയോഗിച്ച് പാടത്ത് വളമിടുന്ന അതുല്‍ കെ ഷിബു തുടങ്ങിയ 11 പേര്‍ മേളയിലെ ആശയവിസ്‌ഫോടകരായി. ആശയങ്ങള്‍ ആകാശത്തുനില്‍ക്കുന്നവയല്ല മറിച്ച് പ്രായോഗികതലത്തില്‍ നടപ്പാക്കാവുന്നതാണെന്ന് എക്‌സിബിഷന്‍ മേള തെളിയിച്ചു. ആര്‍ഫ്രഡ് ജോണ്‍സന്റെ ഓട്ടോമാറ്റിക് ഗിയറുള്ള മോട്ടോര്‍ സൈക്കിള്‍, അസിമോവിന്റെ വര്‍ക്കിംഗ് റോബോട്ടുകള്‍, ഹൗണ്ട് ഇലക്ട്രിക്കിന്റെ ശക്തിയുള്ള എന്‍ജിനുള്ള ഇലക്ട്രിക് വാഹനം, ടെക്ജീവയുടെ മള്‍ട്ടി കോപ്റ്റര്‍ അഥവാ ഡ്രോണ്‍, ലൈറ്റ് മാറ്റര്‍ ടെക്‌നോളജീസിന്റെ സോളാര്‍ അധിഷ്ഠിത ജനറേറ്ററുകള്‍ എന്നിവയാണവ. 135 സ്റ്റാളുകള്‍ എക്‌സിബിഷനില്‍ ഉണ്ടായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ 20 കോടി രൂപയാണ് ഏഞ്ചല്‍ ഫണ്ടായി (സ്റ്റാര്‍ട്ടപ്പും ഇന്‍ക്യുബേറ്ററും തുടങ്ങാനുള്ള സാമ്പത്തിക സഹായം) യുവ സംരംഭകര്‍ക്ക് മാറ്റിവെച്ചിരിക്കുന്നത്. ഒരാള്‍ക്ക് 25 ലക്ഷം രൂപ വരെ നല്‍കും. കുറഞ്ഞത് 80 പുതിയ സംരംഭകരെ വാര്‍ത്തെടുക്കാന്‍ ഇതിലൂടെ സാധിക്കും. ഇതില്‍ ഏതാനും പേരെങ്കിലും നാളെ ലോകം കീഴടക്കില്ലെന്ന് ആരു കണ്ടു? സ്റ്റാര്‍ട്ട് അപ്പുകളിലൂടെ എളിയ തോതില്‍ തുടങ്ങി ബിസിനസ് സാമ്രാജ്യം സൃഷ്ടിച്ച ഫെയ്‌സ് ബുക്കും ഗൂഗിളും പോലെയുള്ള ഒരു സംരംഭം നമ്മുടെ നാട്ടിലും പിറക്കാവുന്നതേയുള്ളു. അത്തരം ആശയങ്ങളുടെ മിന്നലാട്ടം യെസില്‍ കാണാനായി. യുവ സംരംഭകര്‍ക്ക് പ്രോത്സാഹനവും സഹായഹസ്തവുമായി സര്‍ക്കാര്‍ മുന്നില്‍ തന്നെയുണ്ട്. വ്യവസായ പ്രമുഖന്‍ എം എ യൂസുഫലി രണ്ട് കോടി രൂപയുടെ സീഡ് ഫണ്ട് സംഭാവന ചെയ്തു.
രണ്ട് വര്‍ഷം മുമ്പ് വിദ്യാര്‍ഥി സംരംഭകത്വ നയം പ്രഖ്യാപിച്ചപ്പോള്‍ ഐ ടിക്കായിരുന്നു ്ര്രപാധാന്യം. ഇനി ഐ ടിക്കു പുറമെ ടൂറിസം, ബിസിനസ് ഇന്നോവേഷന്‍, ഇല്ക്‌ട്രോണിക്‌സ്, കൃഷി, മാനുഫാക്ചറിംഗ്, ആരോഗ്യ സംരക്ഷണം എന്നീ ആറ് മേഖലകള്‍ക്കും മുന്‍ഗണന നല്‍കും. യുവസംരംഭക നയവും ഉടനെ പ്രഖ്യാപിക്കുന്നുണ്ട്. ഇതിനായി ആസൂത്രണ ബോര്‍ഡ് നിയോഗിച്ച സമിതി 27 നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. യുവസംരംഭകര്‍ക്കായി എല്ലാ സൗകര്യങ്ങളോടും കൂടിയ ലിവ്, വര്‍ക്ക്, പ്ലേ ക്യാമ്പസുകള്‍ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ സ്ഥാപിക്കുന്നതാണ്. സംസ്ഥാന ബജറ്റില്‍ ഓരോ വകുപ്പിന്റെയും ഒരു ശതമാനമാണ് യുവസംരംഭങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്. 20 ശതമാനം ഹാജരും നാല് ശതമാനം ഗ്രേസ് മാര്‍ക്കും വിദ്യാര്‍ഥി സംരംഭകര്‍ക്ക് നല്‍കും.
ആയിരം സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ പത്ത് വര്‍ഷം കൊണ്ട് ആരംഭിക്കണം എന്നാണു ലക്ഷ്യമിട്ടത്. എന്നാല്‍ രണ്ട് വര്‍ഷംകൊണ്ട് 777 കമ്പനികള്‍ രൂപംകൊണ്ടു കഴിഞ്ഞു. ഇതില്‍ 276 എണ്ണവും വിദ്യാര്‍ഥി സംരംഭങ്ങളാണ്. 4,897 അപേക്ഷകള്‍ വ്യവസായ വകുപ്പിന്റെ പരിഗണനയിലുണ്ട്. ഒരു പദ്ധതിയോടൊപ്പം അഞ്ച് ചെറുപ്പക്കാരുണ്ടാകും എന്നാണ് ഏകദേശ കണക്ക്. ഇതില്‍ കുറച്ച് സംരംഭങ്ങള്‍ വിജയകരമാകുമ്പോള്‍ അവ സൃഷ്ടിക്കുന്ന തൊഴിലും സമ്പത്തും അവര്‍ നല്‍കുന്ന നികുതിപ്പണവുമൊക്കെ സംസ്ഥാനത്തിനു വലിയ മുതല്‍ക്കൂട്ടാകും. സംരംഭകര്‍ക്ക് പരമ പ്രധാനമായ അടിസ്ഥാന സൗകര്യം, സീഡ് ക്യാപ്പിറ്റല്‍, ടെക്‌നോളജി ടൈ അപ്, മാര്‍ക്കറ്റുമായി ബന്ധിപ്പിക്കല്‍ തുടങ്ങിയ സഹായങ്ങള്‍ ലഭിക്കുന്നതാണ്.
കൊതുകിനെ നശിപ്പിക്കാനുള്ള ത്രേസ്യ തോമസിന്റെ ടേക്ക് ഇറ്റ് ഈസി ആശയം പ്രത്യേക പുരസ്‌കാരം നേടി. പ്രതിസന്ധികളെ അതിജീവിച്ച് സംരംഭകരായ കൊച്ചുമിടുക്കികളും യെസില്‍ പങ്കെടുത്തു. മട്ടാഞ്ചേരിയില്‍ സുഗന്ധവ്യഞ്ജന ഗോഡൗണിനെ അതിമനോഹരമായ കഫേ കം ഗ്യാലറിയാക്കി മാറ്റിയ ധന്യ ജോണ്‍സണ്‍, ചെന്നൈയില്‍ അനബൈറ്റ് എന്ന 360 ഡിഗ്രി ബ്രാന്‍ഡിംഗ് കമ്പനി തുടങ്ങിയ ദീന വേണുഗോപാല്‍, അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് കൊച്ചിയില്‍ സില്‍ക്ക് റൂട്ട് എസ്‌കേപ്പ് എന്ന ടൂര്‍ ഓപ്പറേറ്റിംഗ് കമ്പനി ആരംഭിച്ച മനീഷ പണിക്കര്‍, ന്യൂസ് പേപ്പര്‍ ബാഗുകള്‍ പ്രചാരത്തിലെത്തിച്ച ദിവ്യ തോമസ്, എട്ടാം വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ സി ഇ ഒ ആയ ശ്രീലക്ഷ്മി സുരേഷ് തുടങ്ങിയവര്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമായി.
സ്റ്റാര്‍ട്ടപ്പുകള്‍ വന്‍വിജയമായതിനെ തുടര്‍ന്നു കൂടുതല്‍ വ്യാപകമാക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. കൊച്ചി സ്റ്റാര്‍ട്ടപ്പിന്റെ മാതൃകയില്‍ സംരംഭകര്‍ക്ക് അടിസ്ഥാനസൗകര്യമൊരുക്കാന്‍ അഞ്ച് ഇന്‍ക്യുബേറ്ററുകള്‍ക്ക് തുടക്കമിട്ടു. വനിതാ സംരംഭകര്‍ക്കായുള്ള സംസ്ഥാനത്തെ ആദ്യത്തെ ഇന്‍ക്യുബേറ്റര്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജില്‍ ആരംഭിച്ചു. കൊല്ലം ടി കെ എം കോളജ് ഓഫ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട്, കോഴിക്കോട് കിനാലൂര്‍ വ്യവസായ കേന്ദ്രം, കൊച്ചി ഇന്‍ഫോപാര്‍ക്ക് എന്നിവിടങ്ങളില്‍ ബിസിനസ് ഇന്‍ക്യുബേറ്റര്‍, ബാലരാമപുരത്ത് കൈത്തറി ഇന്‍ക്യുബേറ്റര്‍ എന്നിവക്ക് തുടക്കമായി. അടിസ്ഥാന സൗകര്യമൊരുക്കിയാല്‍ വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നു വ്യക്തമായ സാഹചര്യത്തിലാണിത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായസംരംഭങ്ങളുടെ കാര്യത്തില്‍ കേരളം ഇപ്പോള്‍ മുന്‍നിരയിലാണ്.
വിദ്യാസമ്പന്നരുടെ നാടാണ് നമ്മുടെത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി 23.63 ലക്ഷം മലയാളികള്‍ ജോലി ചെയ്യുന്നുവെന്നാണ് കണക്ക്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിനു മലയാളികളുണ്ട്. ഇത്രയും വിപുലമായ കുടിയേറ്റം ലോകത്തുതന്നെ അപൂര്‍വമാണ്. എന്നാല്‍, വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും മലയാളികളുടെ തൊഴിലവസരങ്ങള്‍ കുറഞ്ഞുവരുന്നു. കേരളത്തില്‍ പ്രൊഫഷനല്‍ മേഖലയില്‍ മാത്രം ഏതാണ്ട് രണ്ട് ലക്ഷം പേര്‍ പ്രതിവര്‍ഷം പഠിച്ചിറങ്ങുന്നു. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇവിടെനിന്നുള്ള മസ്തിഷ്‌ക ചോര്‍ച്ച. ഇതിനു നാം പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു. എമെര്‍ജിംഗ് കേരള എന്നതിനപ്പുറം എമെര്‍ജിംഗ് വിതിന്‍ കേരള എന്നതാണ് നമ്മുടെ മുദ്രാവാക്യം. കേരളത്തിനകത്തുനിന്ന് പ്രതീക്ഷയുടെ നാമ്പുകള്‍ ഉയര്‍ന്നിരിക്കുന്നു.