മുണ്ടുപരീക്ഷണങ്ങള്‍

Posted on: September 27, 2014 6:00 am | Last updated: September 26, 2014 at 8:26 pm
SHARE

cartoon autoമുണ്ടുപേക്ഷിക്കുക, രാഷ്ട്രീയ മലയാളിയാകുക എന്നത് ഞാനെഴുതിയ ഒരു ലേഖനത്തിന്റെ ശീര്‍ഷകമാണ്. 2006ല്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം, 2013ലിറക്കിയ പച്ച ബ്ലൗസ് എന്ന പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. മുഖ്യധാരാ കേരളം ഈ പുസ്തകം തമസ്‌കരിച്ചെങ്കിലും, ഒന്നാം പതിപ്പ് ഏതാണ്ട് മുഴുവനും വിറ്റുതീര്‍ന്നു. തമസ്‌കരണവാദികള്‍ക്ക് സന്തോഷമുളവാക്കാന്‍ വേണ്ടി രണ്ടാം പതിപ്പ് അച്ചടിച്ചിറക്കുന്നില്ലെന്നു തീരുമാനിച്ചു. എന്നാല്‍, താത്പര്യമുള്ളവര്‍ക്ക് വായിക്കാന്‍ വേണ്ടി ഇ- പതിപ്പ് തയ്യാറാക്കിയിട്ടുമുണ്ട്. ഇതോടൊപ്പമുള്ള ഇ മെയിലില്‍ ബന്ധപ്പെട്ടാല്‍ ലിങ്ക് അയച്ചു തരാം.
ഇപ്പോഴതല്ല പ്രശ്‌നം. ഞാനുയര്‍ത്തിയ ആഹ്വാനം ഏതാണ്ട് എട്ട് കൊല്ലക്കാലയളവിനു ശേഷം കോഴിക്കോട്ട് സിറ്റി പോലീസ് കമ്മീഷണര്‍ ഭാഗികമായി അംഗീകരിച്ചിരിക്കുകയാണ്. തത്വത്തിലല്ല, പ്രയോഗത്തില്‍ തന്നെ. ആദ്യ പടിയായി കോഴിക്കോട്ട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കാക്കി പാന്റ്‌സും ഷര്‍ട്ടും നിര്‍ബന്ധമാക്കിയെന്നും മുണ്ട് ഒരു കാരണവശാലും ധരിക്കാനനുവദിക്കുന്ന പ്രശ്‌നമില്ലെന്നുമാണ് കമ്മീഷനര്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചത്. (മദ്യനിരോധത്തെത്തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാന സര്‍ക്കാറിന് മുണ്ടുടുക്കല്‍ കരം എന്ന പേരില്‍ ഒരു നികുതി ഏര്‍പ്പെടുത്താവുന്നതുമാണ്). ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷനര്‍ എ വി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഏതു നിയമസംഹിത അനുസരിച്ചാണ് നടപടി എടുക്കുക എന്ന ചോദ്യം ഉയര്‍ത്തുന്നില്ല. കാരണം, അതു സംബന്ധമായ ഒരു നിയമവും എനിക്കറിയുകയില്ല എന്നതു തന്നെ. എന്നാല്‍, കേരളത്തിന്റെ ഔദ്യോഗിക വേഷം പുരുഷന്മാര്‍ക്ക് ഡബിള്‍ വേഷ്ടി മുണ്ടും നേരിയതും സ്ത്രീകള്‍ക്ക് സെറ്റുമുണ്ടും ബ്ലൗസും മറ്റുമാണെന്ന് സര്‍ക്കാറുത്തരവ് വഴിയും അല്ലാതെയും സ്ഥിരീകരിച്ചിട്ടുള്ളതാണ് എന്ന വസ്തുതയെ ഈ മുണ്ടുനിരോധ ഉത്തരവ് എങ്ങിനെയാണ് ബാധിക്കുക എന്ന് തീരുമാനിക്കാനാകുന്നില്ല. വ്യവസായ(സി)വകുപ്പ് 957/2009/വ്യവ. തിരുവനന്തപുരം തീയതി 20-07-2009 പ്രകാരം; ആണ്‍, പെണ്‍, ശിശു വ്യത്യാസമില്ലാതെ മുഴുവന്‍ കേരളീയരും വാരാന്ത്യങ്ങളിലെങ്കിലും (ശനി, ഞായര്‍) കൈത്തറി/ഖാദി വസ്ത്രങ്ങള്‍(മുണ്ട്, സാരി മറ്റു പരമ്പരാഗത വേഷം) ധരിക്കുമെന്ന് സ്വയം പ്രതിജ്ഞയെടുക്കണം, എന്നാണ് ഗവര്‍ണറുടെ ഉത്തരവിന്‍ പ്രകാരം ചീഫ് സെക്രട്ടറി നീലാ ഗംഗാധരന്‍ ആജ്ഞാപിച്ചിരിക്കുന്നത്. മുണ്ട്, സാരി മറ്റു പരമ്പരാഗത വേഷം എന്ന് എടുത്തെഴുതുന്നതാണ് സംഭ്രമജനകം എന്നായിരുന്നു എന്റെ അഭിപ്രായം. ഏത് പാരമ്പര്യം? ആരുടെ പാരമ്പര്യം? അതിരൂക്ഷമായ അടിച്ചമര്‍ത്തലുകളില്‍ നിന്നും അടിമത്തത്തില്‍ നിന്നും വിടുതി നേടി മാന്യമായ പല വര്‍ണശബള വേഷമണിയുന്ന മുഴുവന്‍ കേരളീയരെയും സാങ്കല്‍പ്പികവും ആദര്‍ശവത്കരിക്കപ്പെട്ടതുമായ ഭൂതകാല വ്യാമോഹത്തിലേക്ക് കീഴ്‌പ്പെടുത്തുന്നതായിരുന്നു ആ പാരമ്പര്യ പ്രയോഗം.
ഇപ്പോള്‍, ഭൂതകാലവും പാരമ്പര്യവും ആദര്‍ശവും എല്ലാം പോയൊലിച്ച ശ്രേഷ്ഠമലയാള കേരളത്തില്‍, അലക്ഷ്യമായി മുണ്ട് ധരിക്കുന്ന ഓട്ടോ ഡ്രൈവര്‍മാരെ കുറിച്ച് സ്ത്രീകളുടെ പരാതിയെ തുടര്‍ന്നാണ് പാന്‍ഡ് നിര്‍ബന്ധമാക്കുന്നതെന്ന് കമ്മീഷനര്‍ വിശദീകരിക്കുകയുമുണ്ടായി. പാന്റ്‌സ് ശരീരത്തെ വെളിപ്പെടുത്തുകയും മുണ്ട് മറച്ചുവെക്കുകയും ചെയ്യുന്നു എന്നാണ് ഇ പി രാജഗോപാലന്‍ (മുണ്ടും പാന്റ്‌സും/മാധ്യമം ആഴ്ചപ്പതിപ്പ് 2006 ജൂണ്‍ 23) നിര്‍ണയിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരവും മുഖ്യമന്ത്രിമാരടക്കമുള്ള ഭരണാധികാരികളുടെയും രാഷ്ട്രീയക്കാരുടെയും നിഗമനങ്ങളനുസരിച്ചും മലയാളി ഉടുക്കുന്ന കേരളീയ വേഷമായ മുണ്ട് ഇടത്തോട്ടാണോ വലത്തോട്ടാണോ ഉടുക്കേണ്ടത്? അതിന്റെ നിറം വെള്ളയോ കറുപ്പോ അതോ കാവിയോ? അത് കള്ളിമുണ്ടോ ലുങ്കിയോ ആകുമ്പോഴോ? മുണ്ട് മാടിക്കുത്താമോ അതോ അഴിച്ചിടണോ? മുണ്ട് മുട്ടിനു താഴെയെത്തും വിധം ധരിക്കാമോ അതോ മുട്ടിനു മുകളിലേക്കു പരിമിതപ്പെടുത്തണോ? ഇത്തരം രാഷ്ട്രീയ ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ എളുപ്പത്തില്‍ മുണ്ടുടുത്ത് കേരളീയനാകാന്‍ സാധിക്കുമെന്നാണോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നതിനു മുമ്പു തന്നെ മുണ്ട് നിരോധിക്കല്‍ പ്രക്രിയ ആരംഭിച്ചിരിക്കുന്നു.
തമിഴ്‌നാട്ടിലാണെങ്കില്‍, വരേണ്യര്‍ കയറിയിറങ്ങുന്ന ക്ലബ്ബുകളില്‍ മുണ്ട് നിരോധിച്ചിരുന്ന മുന്‍ ഉത്തരവ് മുതലമൈച്ചര്‍ കുമാരി ജയലളിത അടുത്ത ദിവസമാണ് തിരുത്തിയത്. അതോടെ; ഒരു പക്ഷേ, മുണ്ട് തമിഴ്‌നാടിന്റെ ഔദ്യോഗിക വേഷമായിത്തീരുകയും ചെയ്തിട്ടുണ്ടാകുമോ? ഇനി അതുകൊണ്ടായിരിക്കുമോ കേരളത്തില്‍ അതും കോഴിക്കോട്ട് മുണ്ട് നിരോധ നിയമം പരീക്ഷണാടിസ്ഥാനത്തില്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ടാകുക! മുല്ലപ്പെരിയാറില്‍, തമിഴ്‌നാടും കേരളവും തമ്മില്‍ യുദ്ധവും ശീതസമരവും ആയതു കൊണ്ട് തമിഴ്‌നാട് എടുക്കുന്ന ഏതു തീരുമാനത്തിനും കടകവിരുദ്ധമായ തീരുമാനമായിരിക്കണം നാം കേരളീയര്‍ എടുക്കേണ്ടത്. അതായിരിക്കും ഒരുപക്ഷേ ഇവിടെ മുണ്ട് വിരോധപ്രസ്ഥാനം ആരംഭിച്ചിട്ടിണ്ടാവുക.
അന്ന് ഒരു നിര്‍ബന്ധമായിരുന്നു – വസ്ത്രധാരണം കൊണ്ട് ഒരാള്‍ ഏത് ജാതിയില്‍, ഏതു നിലയില്‍പ്പെട്ടവനാണെന്ന് ഒറ്റ നോട്ടത്തില്‍ അറിയണം. ആ വിധത്തിലേ മുണ്ടുടുക്കലും മേല്‍മുണ്ടിടീലും ആകാവൂ. ഉടുക്കുന്നതു ജാതിഭേദവും അവസ്ഥാഭേദവുമനുസരിച്ച്, മുട്ടിനുമേല്‍ വരെ, മുട്ടുവരെ, കണങ്കാലെത്തിച്ച്, നെരിയാണി വരെ അങ്ങനെ പ്രത്യേകമായി നിബന്ധനപ്പെടുത്തിയ കീഴ്‌നടപ്പുണ്ടായിരുന്നു. ഈ കീഴ്‌നടപ്പ് അലംഘനീയവുമായിരുന്നു. പല വിഭാഗക്കാര്‍ക്കുമുള്ള രണ്ടാം മുണ്ട്, മറ്റു ചില യജമാനന്മാരുടെ മുമ്പാകെ എളിയില്‍ ചുറ്റിക്കെട്ടാനോ ചുരുട്ടി കക്ഷത്തുവെക്കാനോ ഉള്ളതുമായിരുന്നു. (പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം- പി ഭാസ്‌ക്കരനുണ്ണി പേജ് 62)
നായര്‍ സ്ത്രീകളും മറ്റു ഹിന്ദു സ്ത്രീകളും മുണ്ടു ചുറ്റിത്തന്നെയാണ് ഉടുത്തിരുന്നത്. എന്നാല്‍ നായര്‍ സ്ത്രീകള്‍ ഉടുത്തിരുന്നത് ഒന്നരയും മുണ്ടുമാണ്. ഇതിനു നാല് വാരയോളം നീളം കാണും. ഈ വെള്ളമുണ്ടിന്റെ ഒരു വശം അരക്കു ചുറ്റി തറ്റുടുക്കും. ശേഷിച്ച ഭാഗം ഞൊറിഞ്ഞു വലതുവശത്ത് ഉടുത്തുറപ്പിക്കുന്നതാണ് ഒന്നരയുടുക്കല്‍. ഈ മുണ്ട്, ആഭിജാത്യത്തിന്റെയും ജാതിമേന്മയുടെയും ഒരടയാളമാണ്. മുട്ടിനു കീഴ് നില്‍ക്കുന്ന ഈ മുണ്ടിന് ഒരു പ്രത്യേക പേരുണ്ട് – അച്ചിപ്പുടവ. അച്ചിപ്പുടവ നായര്‍ സ്ത്രീകള്‍ക്കു മാത്രം വിധിച്ചിട്ടുള്ളതാണ്. ഈ അച്ചിപ്പുടവ നെയ്യുന്നതും വില്‍ക്കുന്നതും ഈഴവനാണ്. പക്ഷേ അവന്റെ ഭാര്യക്ക് ഇത് ഉടുത്തുനടക്കാന്‍ യോഗമില്ല. ഈഴത്തികള്‍ക്കും മറ്റ് അധഃകൃത സ്ത്രീകള്‍ക്കും ‘മുട്ടിനു കീഴെത്താത്ത മൂണ്ടേ ഉടുക്കാന്‍ പാടുണ്ടായിരുന്നുള്ളൂ'(പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം- പി ഭാസ്‌ക്കരനുണ്ണി പേജ് 63)
ഒരീഴത്തി മുട്ടിനു കീഴ് നില്‍ക്കുന്ന മുണ്ട് ഉടുത്തുകൊണ്ടു പോകുന്നതു കണ്ട് അരിശം പൂണ്ട നായന്മാര്‍ അവളെക്കൊണ്ട് ആ മുണ്ട് അഴിപ്പിച്ചു (സി കേശവന്റെ ‘ജീവിതസമര’ത്തില്‍ നിന്ന് -പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം- പി ഭാസ്‌ക്കരനുണ്ണി പേജ് 66)
മലയാളിയുടെ -പുതിയ ഇന്റര്‍നെറ്റ് ഭാഷയില്‍ പറഞ്ഞാല്‍ മല്ലു കമ്മ്യൂനിറ്റിയുടെ – ദേശീയ വസ്ത്രമായി മുണ്ടിനെ സ്ഥിരീകരിച്ചതിന്റെ അര്‍ഥം കേരള സമൂഹത്തെ സാര്‍വകാലികവും ചരിത്രേതരവും അരാഷ്ട്രീയവും ആയ ഒന്നായി സങ്കല്‍പ്പിച്ചു എന്നായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ പോലും സര്‍വസാധാരണമായി ആരെയും ഭയക്കാതെ ഏത് മലയാളിക്കും സ്വാംശീകരിക്കാന്‍ സാധ്യമല്ലാതിരുന്ന മുണ്ടുടുപ്പിനെ പിന്നീട് ഏതാനും ദശകങ്ങളിലെ സാമ്രാജ്യത്വവിരുദ്ധ-ജന്മിവിരുദ്ധ സമരകാലത്തിന്റെ ഐക്യ കേരളാഹ്വാനമാണ് പ്രചുരപ്രചാരത്തിലെത്തിച്ചത് എന്നതാണ് വാസ്തവം. ആ മുണ്ടിനെ ചരിത്രേതരമായും രാഷ്ട്രീയേതരമായും കേരള വേഷമായി കൊണ്ടാടുന്നതും; ഇപ്പോള്‍, അലക്ഷ്യമായി ധരിച്ച് സ്ത്രീകളെ ഭയപ്പെടുത്തുന്ന മര്‍ദനോപകരണമായി പോലീസിനാല്‍ സ്ഥിരീകരിക്കുന്നതും ഒരു പോലെ ജനാധിപത്യവിരുദ്ധവും സ്വാതന്ത്ര്യനിരാസവുമാണ്.
വസ്ത്രധാരണം എന്ന വ്യവഹാരത്തെ രാഷ്ട്രീയേതരവും ചരിത്രാതീതവും ആയ ഒന്നായിട്ടാണ് ഈ മനോഭാവങ്ങള്‍ വിഭാവനം ചെയ്യുന്നതെന്ന് ചുരുക്കം. സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന എം പി നാരായണ മേനോന്‍ മദിരാശി ലോ കോളജില്‍ പഠിച്ചിരുന്ന കാലം. എല്ലാ വിദ്യാര്‍ഥികളും പാന്റ്‌സും ഷര്‍ട്ടും ഓവര്‍കോട്ടും അടങ്ങുന്ന സായിപ്പിന്റെ വേഷം ഉപേക്ഷ വരുത്താതെ അണിയണമെന്ന് കോളജ് അധികൃതര്‍ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച്, ഇടത്തോട്ട് മുണ്ടുടുത്ത്, തലേക്കെട്ടുമായി തനി ‘മലപ്പുറം കാക്ക’യായി പിറ്റേന്ന് എം പി നാരായണ മേനോന്‍ ക്ലാസില്‍ ഹാജരായി. ‘എന്റെ നാട്ടിലെ സാധാരണ വേഷമാണിത്; ഇതിനില്ലാത്ത ഒരു മഹത്വവും സായിപ്പിന്റെ വേഷത്തിനില്ല’ എന്ന് പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
വാഴനാരു കൊണ്ട് അരയില്‍ ചരട് കെട്ടി ഇലക്കോണകമുടുത്തു നടന്ന ഒരു കാലം കേരളത്തിലുണ്ടായിരുന്നു. സമാനമായ കാലം നമ്മുടെ സമീപ പ്രവിശ്യകളിലും നിലനിന്നിരുന്നു എന്നതും നിസ്തര്‍ക്കമാണ്. അതില്‍ നിന്ന് വളര്‍ന്ന് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും ശ്രീലങ്കയിലും മാലിദ്വീപിലും ബംഗ്ലാദേശിലും വ്യാപകമായി എന്നാല്‍ വ്യത്യസ്തമായ ധരിക്കല്‍ രീതിയില്‍ ഉപയോഗിക്കപ്പെടുന്ന മുണ്ടിന്റെ അഥവാ ധോത്തിയുടെ ആവരണത്തിലേക്ക് പുരുഷന്മാര്‍ എത്തിപ്പെട്ടതെങ്ങനെ എന്ന് ആലോചിക്കാനുള്ള ബാധ്യത നഷ്ടപ്പെടുത്തിക്കളയുന്ന സമീപനം ഒരേ സമയം നാടുവാഴിത്ത-മുതലാളിത്ത ആധിപത്യവാസനകളെ സ്ഥിരീകരിക്കുന്ന ഒന്നാണ്. കക്ഷിരാഷ്ട്രീയ പ്രവര്‍ത്തകര്‍ പ്രത്യേകിച്ച് നേതാക്കള്‍, ക്ലാസിക്കല്‍ സംഗീതജ്ഞര്‍, കവികള്‍, സാഹിത്യകാരന്മാര്‍ എന്നിവര്‍ തങ്ങളുടെ യൂനിഫോമായി ഈ പ്രദേശങ്ങളില്‍ മുണ്ടും ധോത്തിയും മാത്രം അണിയുന്നതിലൂടെ പ്രത്യക്ഷമാകുന്ന സാംസ്‌കാരിക പ്രസ്താവന എന്താണ്?
കോഴിക്കോട്ടെ ഓട്ടോക്കാര്‍ ലോക മാതൃകകളാണ് എന്നായിരുന്നു ഇത്രയും നാളത്തെ പ്രചാരണങ്ങള്‍. അതെല്ലാം ഇപ്പോള്‍ പൊളിഞ്ഞിരിക്കുകയാണോ? മുണ്ടുടുക്കുകയും ആഭാസകരമായി അത് മാടിക്കുത്തുകയും കാല്‍ വിടര്‍ത്തി ഇരിക്കുകയും അടിവസ്ത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന എക്‌സിബിഷനിസ്റ്റുകളാണോ കോഴിക്കോട്ടെ ഓട്ടോക്കാര്‍? ഓട്ടോക്കാരല്ലാതെ ആരും കോഴിക്കോട്ട് മുണ്ടുടുത്ത് നഗരത്തില്‍ വരുന്നില്ലേ? എം പിമാര്‍, എം എല്‍ എമാര്‍, മന്ത്രിമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ മിക്കവാറും മുണ്ടുടുത്താണ് പൊതുവേദികളില്‍ വരാറുള്ളത്. ഇവരാരും മുണ്ട് മാടിക്കുത്താറില്ലെന്നു മാത്രമല്ല, കാലുകള്‍ അടുപ്പിച്ചേ നടക്കുകയും ഇരിക്കുകയും ചെയ്യുന്നുണ്ടാകൂ. അപ്പോള്‍, കുഴപ്പമില്ല. പിന്നെയുള്ളത് കച്ചവടക്കാര്‍, ചുമട്ടുകാര്‍, യാചകര്‍, രോഗികള്‍ തുടങ്ങി മറ്റനേകം വിഭാഗക്കാരാണ്. ഇവരിലേക്ക് നിരോധം എപ്പോഴെത്തും എന്ന വിവരം പുറത്തു വന്നിട്ടില്ല. ഇനിയും ഒരു വിഭാഗമുണ്ട്. നവമ്പര്‍ ഒന്ന്, ചിങ്ങം ഒന്ന്, മേടം ഒന്ന്, അത്തം, ഓണം, വിഷു തുടങ്ങിയ ദിവസങ്ങളില്‍ മുണ്ട്/കേരള സാരി അഥവാ വേഷ്ടിയും മുണ്ടും ധരിച്ച് ഓഫീസിലും സ്‌കൂളിലും ടെലിവിഷന്‍ ചാനലുകളിലും മറ്റും ഹാജരാകുന്നവര്‍. എന്റെ നാടിനടുത്തുള്ള കുത്താമ്പുള്ളിയില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ മുണ്ടുകളും കേരള സാരികളും ആണ് ഇത്തരം അവസരങ്ങള്‍ക്കായി കേരളത്തിലേക്ക് തന്നെ കയറ്റി അയക്കുന്നത്. ഈ വ്യാപാര, വ്യവസായത്തിന്റെ ഭാവി എന്തായിത്തീരുമോ എന്നറിയില്ല.
സദാചാര പോലീസിന്റെ ജോലി യഥാര്‍ഥ പോലീസ് തന്നെ ഏറ്റെടുക്കുന്ന അവസരങ്ങളാണിതൊക്കെയും. മാത്രമല്ല ഇത്തരം കഠിനകഠോര പരീക്ഷണങ്ങളൊക്കെയും പൊതു വാഹനങ്ങളുടെ മേല്‍ നടത്താനാണ് പോലീസിനും അധികാരികള്‍ക്കും എപ്പോഴും ധൃതി. മുമ്പ് ഡല്‍ഹിയില്‍ സി എന്‍ ജി ഇന്ധനോപയോഗം വ്യാപിപ്പിക്കുന്നതിനു വേണ്ടി ഓട്ടോറിക്ഷകള്‍ക്കും ബസുകള്‍ക്കുമാണ് അത് നിര്‍ബന്ധമാക്കിയത്. ആഡംബര, സ്വകാര്യ കാറുകള്‍ക്ക് എന്തുമാകാം എന്നു ചുരുക്കം. നഗരങ്ങളിലെ ഗതാഗത പരിഷ്‌കാരവും ഇതേ രീതിയിലാണ്. ബസുകള്‍ക്ക് പോകുന്നതിന് വളഞ്ഞ റൂട്ടുകള്‍ നിശ്ചയിക്കുകയും അതില്‍ സഞ്ചരിക്കുന്ന സാധാരണക്കാരും വിദ്യാര്‍ഥികളും സമയ നഷ്ടം കൊണ്ട് ബോറടിച്ച് ചാവുകയും ചെയ്യുന്ന സ്ഥിതിയാണ് വരുത്തി വെക്കാറുള്ളത്. എല്ലാം കഴിഞ്ഞപ്പോള്‍ ചോദ്യം ബാക്കിയാകുന്നു. നിക്കണോ അതോ പോണോ. മുണ്ടുടുക്കണോ അതോ കരമൊടുക്കണോ?