മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ രാജിവെച്ചു

Posted on: September 26, 2014 6:49 pm | Last updated: September 27, 2014 at 12:44 am
SHARE

prwithiraj chavan

ന്യൂഡല്‍ഹി/ മുംബൈ: മുംബൈ: സര്‍ക്കാറിനുള്ള പിന്തുണ എന്‍ സി പി പിന്‍വലിച്ചതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ രാജിവെച്ചു. വൈകുന്നേരം രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ സി വിദ്യാസ്ഗര്‍ റാവുവിന് രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു. അടുത്ത മാസം 15ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചവാനോട് കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടില്ലെന്നാണ് അറിയുന്നത്. നേരത്തേ പൃഥ്വിരാജ് ചവാന്‍ ഗവര്‍ണറെ കണ്ട് പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.
15 വര്‍ഷം നീണ്ട സഖ്യം അവസാനിപ്പിക്കുന്നതായി എന്‍ സി പി നേതാവ് പ്രഫുല്‍ പട്ടേല്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. സീറ്റ് വിഭജനത്തില്‍ തട്ടിയാണ് സഖ്യം തകര്‍ന്നത്. എന്‍ സി പിക്ക് 124 സീറ്റ് നല്‍കാമെന്നായിരുന്നു കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ 144 സീറ്റ് ലഭിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു എന്‍ സി പി. ഇത്തവണ മുഖ്യമന്ത്രിപദം തങ്ങള്‍ക്ക് ലഭിക്കണമെന്നും എന്‍ സി പി വ്യക്തമാക്കി.
അതിനിടെ, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും കൈ കോര്‍ക്കുന്നു. ഇരുകൂട്ടരുടെയും കൂട്ടുകെട്ടിനുള്ള കൊണ്ടുപിടിച്ച അണിയറ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. എന്‍ സി പിയുമായി 15 വര്‍ഷം നീണ്ട സഖ്യം അവസാനിപ്പിച്ച കോണ്‍ഗ്രസും 25 വര്‍ഷത്തെ സഖ്യം ഉപേക്ഷിച്ച ബി ജെ പിയും ചെറുപാര്‍ട്ടികളെ വരുതിയിലാക്കാനുള്ള തീവ്രശ്രമത്തിലാണ്.
എസ് പിയുടെ സംസ്ഥാന നേതാവ് അബു ആസിം ആസ്മി കോണ്‍ഗ്രസ് നേതാക്കളായ പൃഥ്വിരാജ് ചവാനെയും മണിക്‌റാവു താക്കറെയെയും വ്യാഴാഴ്ച രാത്രി കണ്ട് പുതിയ സഖ്യത്തിന് അന്തിമ രൂപം നല്‍കാന്‍ തീരുമാനിച്ചതായി എസ് പി വക്താവ് അബ്ദുല്‍ ഖാദിര്‍ ചൗധരി അറിയിച്ചു. ആസ്മിയുടെ സിറ്റിംഗ് സീറ്റായ ശിവാജിനഗര്‍- മന്‍ഖുര്‍ദ് അടക്കമുള്ള നാല് മുതല്‍ അഞ്ച് വരെയുള്ള സീറ്റുകളില്‍ എസ് പി മത്സരിക്കാന്‍ ധാരണയായിട്ടുണ്ട്. ഭീവണ്ടി, കുര്‍ള, മിറാജ്, നാഗ്പൂര്‍ സെന്‍ട്രല്‍ പോലുള്ള എട്ട് സീറ്റുകളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കുമെന്നും ചൗധരി അറിയിച്ചു.
മഹായുതി സഖ്യത്തിലെ നാലില്‍ മൂന്ന് ചെറു പാര്‍ട്ടികളെ തങ്ങളുടെ ഭാഗത്താക്കാന്‍ ബി ജെ പിക്ക് സാധിച്ചിട്ടുണ്ട്. രാംദാംസ് അത്താവ്‌ലയുടെ റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയെ അനുയിപ്പിക്കാന്‍ തീവ്രശ്രമം നടത്തുന്നുമുണ്ട്. വിദര്‍ഭ മേഖലയില്‍ നിര്‍ണായക സ്വാധീനമുള്ള നേതാക്കളായ ജോഗേന്ദ്ര കവാഡെ, സുലഭ കുംഭാരെ എന്നിവരുടെ ഗ്രൂപ്പുകളെ വരുതിയിലാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്.
അതിനിടെ, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ എം എന്‍ എസ് നേതാവ് രാജ് താക്കറെയെ വിളിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് തവണ വിളിച്ചത് ആരോഗ്യ വിവരം അന്വേഷിക്കാനാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നതെങ്കിലും രാഷ്ട്രീയമാണ് സംസാരിച്ചതെന്നാണ് അണിയറ സംസാരം. തിരഞ്ഞെടുപ്പിന് ശേഷം എന്‍ സി പിയുമായി സഖ്യമുണ്ടാകില്ലെന്ന് ബി ജെ പി പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റക്ക് മത്സരിക്കുമെന്നാണ് ബി ജെ പി പറയുന്നത്.
പാരമ്പര്യ സഖ്യങ്ങള്‍ അവസാനിച്ചതോടെ 60 എം എല്‍ എമാരുടെ ഭാവി നിര്‍ണയിക്കുന്ന മുംബൈ- താനെ- പൂണെ- നാഷിക് മേഖല എല്ലാ പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്. എം എന്‍ എസ് കൂടി തിരഞ്ഞെടുപ്പ് ഗോദയിലുണ്ടാകുന്നതോടെ വാശിയേറിയ മത്സരമാണ് ഇവിടെ നടക്കുക.