Connect with us

Gulf

ഇന്ത്യന്‍ സ്‌കൂളിനേയും അസോസിയേഷനേയും തകര്‍ക്കാനുള്ള നീക്കം ചെറുക്കും

Published

|

Last Updated

indian schooദുബൈ: റാസല്‍ ഖൈമ ഇന്ത്യന്‍ അസോസിയേഷനെയും ഇന്ത്യന്‍ സ്‌കൂളിനെയും തകര്‍ക്കാനുള്ള നീക്കം ചെറുക്കുമെന്ന് വിവിധ സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂളിനും അസോസിയേഷനും എതിരെ നീക്കം നടത്തുന്നത് തല്‍പര കക്ഷികളാണെന്ന് ഇവര്‍ ആരോപിച്ചു. റാസല്‍ ഖൈമ ഇന്ത്യന്‍ അസോസിയേഷന്റെ മുന്‍ ഭാരവാഹിയായ വ്യക്തിയുടെ മകനെതിരെ സ്‌കൂളില്‍ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ നടപടി എടുത്തതാണ് കുപ്രചാരണത്തിന് അടിസ്ഥാനം. ഇദ്ദേഹത്തിനൊപ്പം അസോസിയേഷന്റെ ഭാരവാഹിത്വത്തിനായി മത്സരിച്ചു തോറ്റ ഒരാളും ജനറല്‍ ബോഡി ചേര്‍ന്നു മാറ്റിനിര്‍ത്തിയ മൂന്നാമനും ചേര്‍ന്നു. ഇവരൊക്കെയാണ് അസോസിയേഷനും സ്‌കൂളിനും എതിരെയുള്ള നീക്കത്തിന് പിന്നിലെന്ന് റിയാസ് അബ്ദുല്‍ മജീദ് ആരോപിച്ചു.

മുന്‍ ഭാരവാഹിയുടെ മകനെ സ്‌കൂള്‍ ബസില്‍ അശ്ലീല വീഡിയോകള്‍ കണ്ടതിന്റെ പേരില്‍ നടപടി സ്വീകരിച്ചതാണ് സംഘടനക്കും സ്‌കൂളിനും എതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. ഇദ്ദേഹത്തെ പിന്തുണക്കുന്നവരില്‍ ചിലര്‍ക്ക് റാസല്‍ ഖൈമയില്‍ സ്വകാര്യ വിദ്യാലയങ്ങളുണ്ട്. ഇവരില്‍ ഒരാളുടെ ഭാര്യ ഇത്തരം ഒരു വിദ്യാലയത്തിന്റെ മുഖ്യ പദവികളില്‍ ഒന്നില്‍ ഇരിക്കുന്ന വ്യക്തിയാണ്.
സ്വകാര്യ വിദ്യാലയങ്ങള്‍ ഫീസ് വര്‍ധനവ് ആവശ്യപ്പെട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടെങ്കിലും റാസല്‍ ഖൈമ ഇന്ത്യന്‍ സ്‌കൂളിലും കൂടിയ ഫീസ് അനുവദിക്കില്ലെന്ന് നിലപാടെടുത്തതും സ്ഥാപനങ്ങളെ കരിവാരിത്തേക്കുന്നതിലേക്ക് നയിച്ചു. നാമമാത്രമായ ഫീസിനാണ് തങ്ങളുടേത് ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ കുട്ടികള്‍ ഇന്ത്യന്‍ സ്‌കൂളില്‍ പഠിക്കുന്നത്. കുട്ടികള്‍ക്ക് ലഭിക്കുന്ന ഇത്തരം സൗകര്യം തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്നും ദുബൈ കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥനും തല്‍പര കക്ഷികള്‍ക്കൊപ്പം പക്ഷം ചേര്‍ന്നിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയതായും റിയാസ് വെളിപ്പെടുത്തി.
ഇന്ത്യന്‍ അസോസിയേഷനെയും സ്‌കൂളിനെയും സംരക്ഷിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമയായി മാറിയിരിക്കയാണെന്ന് റാസല്‍ ഖൈമ കെ എം സി സി ജനറല്‍ സെക്രട്ടറി ബഷീര്‍ കുഞ്ഞു പറഞ്ഞു. ജനറല്‍ബോഡി ചേര്‍ന്ന അവസരത്തില്‍ കാര്യങ്ങള്‍ പറയാതെ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ആസൂത്രിതമായി നടക്കുന്ന ശ്രമം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മകന്‍ ചെയ്ത തെറ്റിനെ വെള്ളപൂശാനായി മഹത്തായ ഒരു വിദ്യഭ്യാസ സ്ഥാപനം തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളെ എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് കേരള സമാജം ഭാരവാഹിയായ നാസര്‍ അല്‍ദാന പറഞ്ഞു. റാസര്‍ ഖൈമയില്‍ പ്രവര്‍ത്തിക്കുന്ന തല്‍പരകക്ഷികളുടെ സ്വകാര്യ വിദ്യാലയത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ സാധ്യമാവാത്തതാണ് ഇത്തരം കുല്‍സിത ശ്രമങ്ങള്‍ക്ക് പിന്നിലെന്ന് സേവനം ഭാരവാഹി എ സുദര്‍ശന്‍ അഭിപ്രായപ്പെട്ടു. തൃശൂര്‍ അസോസിയേഷന്‍ ഭാരവാഹി മനോജ്, അഷ്‌റഫ് തങ്ങള്‍, അയ്യൂബ്, എം എച്ച് നാസര്‍, അജയ്, ഷൂക്കൂര്‍ തൊഴിയൂര്‍, വിജയ് ബായ്, അഷ്‌റഫ് മാളിയേക്കല്‍ പങ്കെടുത്തു.

 

Latest