Connect with us

Gulf

യു എ ഇ ആളില്ലാ സൂപ്പര്‍ക്രാഫ്റ്റ് വികസിപ്പിച്ചു

Published

|

Last Updated

ദുബൈ: യു എ ഇ എഞ്ചിനിയര്‍മാര്‍ ആളില്ലാ സൂപ്പര്‍ക്രാഫ്റ്റ് വികസിപ്പിച്ചു. എയര്‍ബസ് ഡിഫന്‍സ് ആന്‍ സ്‌പെയ്‌സുമായി സഹകരിച്ചാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. 20 കിലോമീറ്റര്‍ വരെ ഉയരത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്നതാണ് ഈ സൂപ്പര്‍ക്രാഫ്റ്റ്. എമിറേറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്‌വാന്‍സ്ഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി(ഇ ഐ എ എസ് ടി)യാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടാഴ്ചയില്‍ കൂടുതല്‍ കാലം തുടര്‍ച്ചയായി പറക്കാന്‍ സാധിക്കുന്നതും ഫുള്‍ എച്ച് ഡി വീഡിയോ പകര്‍ത്താന്‍ ശേഷിയുള്ളതുമായ സൂപ്പര്‍ക്രാഫ്റ്റ്. രഹസ്യാന്വേഷണത്തിനും രാജ്യസുരക്ഷക്കും സൈനിക വിമാനങ്ങളുടെ രംഗനിരീക്ഷണ പറക്കലിനും ഉപയോഗിക്കാനാവും. താല്‍ക്കാലിക വാര്‍ത്താവിനിമയ സംവിധാനമായി പരിവര്‍ത്തിപ്പിക്കാനും തെര്‍മല്‍ ഇമേജിംഗിനുമെല്ലാം സൂപ്പര്‍ക്രാഫ്റ്റ് ഉപകരിക്കും.
സൂപ്പര്‍ക്രാഫ്റ്റിന്റെ പിരിശീലന പറക്കല്‍ 23 മണിക്കൂറും 47 മിനുട്ടുമായിരുന്നുവെന്ന് ഇ ഐ എ എസ് ടി അഡ്‌വാന്‍സ്ഡ് ഏരിയല്‍ സിസ്റ്റംസ് പ്രോഗ്രാം മാനേജര്‍ യൂസുഫ് അല്‍ അമീരി വ്യക്തമാക്കി. കാര്‍ബണ്‍ഫൈബര്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന സൂപ്പര്‍ക്രാഫ്റ്റിന് 34 കിലോഗ്രാമാണ് ഭാരം.
പരീക്ഷണാര്‍ഥമാണ് ഇത് നിര്‍മിച്ചിരിക്കുന്നതെന്ന് സൂപ്പര്‍ക്രാഫ്റ്റ് രൂപകല്‍പ്പനയില്‍ പങ്കാളിയായ സ്വദേശി എഞ്ചിനിയര്‍അമല്‍ അബ്ദുല്ല വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇതിന്റെ ഘടകങ്ങള്‍ കൂട്ടിയോജിപ്പിച്ചത്. സെപ്തംബറില്‍ ദുബൈയിലായിരുന്നു പരീക്ഷണ പറക്കല്‍ അരങ്ങേറിയത്. 18 മീറ്ററാണ് ചിറകുകളുടെ നീളം. 65,000 അടി ഉയരത്തില്‍ പറക്കുമ്പോഴും 10 സെന്റീമീറ്റര്‍ മാത്രം വലിപ്പമുള്ള ഭൂമിയിലെ വസ്തുക്കള്‍ പോലും കൃത്യമായി ഒപ്പിയെടുക്കാന്‍ സാധിക്കുന്ന ഹൈ റെസല്യൂഷന്‍ വീഡിയോ ക്യാമറയാണ് ഈ വിമാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും അവര്‍ പറഞ്ഞു.