കാന്തപുരത്തിന്റെ ഉസ്ബകിസ്ഥാന്‍ യാത്രയെ കുറിച്ച്: സമര്‍കന്ദിലെ പട്ടുപാതയിലൂടെ

  Posted on: September 26, 2014 6:16 pm | Last updated: September 26, 2014 at 6:16 pm
  SHARE

  samarkanthതാഷ്‌കന്റ്, തിര്‍മിദ്, സമര്‍കന്ദ്, ബുഖാറ… ഇസ്‌ലാമിക സംസ്‌കാര ധാരയിലെ പ്രോജ്വലിക്കുന്ന ഈടുവെപ്പിന്റെ ഭൂമികയിലൂടെയുള്ള യാത്രയെക്കുറിച്ച് ചോദിച്ചപ്പോള്‍ ആവേശത്തോടെയാണ് ഉസ്താദ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു തുടങ്ങിയത്. ഷെഡ്യൂള്‍ ചെയ്തതിലും മണിക്കൂറുകള്‍ വൈകിപ്പറന്ന ഉസ്ബകിസ്ഥാന്‍ എയര്‍ലൈന്‍സിലെ യാത്രയുടെ മുഷിപ്പ് തീരെ പ്രകടമായിരുന്നില്ല ആ മുഖത്ത്. വിദ്യയുടെ വിളക്കുകത്തിച്ച മഹാ മനീഷികള്‍ അന്തിയുറങ്ങുന്ന, ഉയര്‍ന്നു നില്‍ക്കുന്ന നിര്‍മിതികളുടെ നൂറ് നൂറ് വിസ്മയങ്ങളുടെ, ഇടതൂര്‍ന്ന ആപ്പിള്‍ മരങ്ങളുടെയും മുന്തിരി വള്ളികളുടെയും കുളിര്‍മയുടെ, കണ്ണെത്താ ദൂരത്തേക്ക് പരന്നു കിടക്കുന്ന പരുത്തിപ്പാടങ്ങളുടെ ഹൃദയഹാരിത, സരോഫാന്‍ നദിയില്‍ നിന്ന് അടിച്ചു വീശുന്ന മന്ദമാരുതന്റെ ശീതളിമ… യാത്രയുടെ ഓരോ നിമിഷവും സമ്മാനിച്ച പ്രസരിപ്പിലാണ് ഉസ്താദ് സംസാരിച്ചു കൊണ്ടിരുന്നത്.

  ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് താഷ്‌കന്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ നേരം പുലരുന്നുണ്ടായിരുന്നു. താഷ്‌കന്റ്, ഉസ്ബക്കിസ്ഥാന്റെ തലസ്ഥാന നഗരി. കല്ലുകൊണ്ടുള്ള പട്ടണം എന്നാത്രെ താഷ്‌കന്റ് എന്ന വാക്കിനര്‍ഥം. യാത്ര അവസാനിക്കുമ്പോള്‍ ഈ പേര് അന്വര്‍ഥമാണെന്ന് ബോധ്യപ്പെടും, ഓരോ സഞ്ചാരിക്കും. കല്ലുകള്‍ (ഇഷ്ടിക) കൊണ്ട് അത്രയും ഭംഗിയിലും ചാരുതയിലുമാണ് ഈ നഗരത്തിലെ നിര്‍മിതികള്‍.
  തുണി വ്യവസായത്തിലൂടെ പേരറിയിച്ച സമ്പന്നമായ നഗരം. സോവിയറ്റ് അധിനിവേശ കാലത്ത് ആയിരക്കണക്കിന് നെയ്ത്തുകാരുണ്ടായിരുന്നു ഈ നഗരത്തില്‍. റഷ്യന്‍ സാമ്രാജ്യത്തിന്റെയും സോവിയറ്റ് ശിഥിലീകരണത്തിന്റെയും പിന്നാലെ 1991ലാണ് താഷ്‌കന്റ് ഉസ്ബക്കിസ്ഥാന്റെ തലസ്ഥാനമാവുന്നത്.
  ഹിജ്‌റ 291ല്‍ ജനിച്ച ഇമാം ഖഫ്ഫാന്‍ കബീര്‍ (റ) യുടെ അന്ത്യവിശ്രമ കേന്ദ്രമാണ് ആദ്യമായി സന്ദര്‍ശിച്ചത്. അല്‍ ശാശ എന്ന സ്ഥലത്താണിത്. വിഖ്യാതനായ തഫ്‌സീര്‍ പണ്ഡിതനും വിശ്രുത കവിയുമായിരുന്നു അദ്ദേഹം. ചുറ്റുപാടും പ്രകൃതി രമണീയമായ ഒരു പ്രദേശത്താണിത്. ധാരാളം ആളുകള്‍ സന്ദര്‍ശനത്തിനായെത്തുന്നുണ്ടിവിടെ.
  തിര്‍മിദ് ആയിരുന്നു അടുത്ത സന്ദര്‍ശന കേന്ദ്രം. ഒരു രാത്രി മുഴുവന്‍ ട്രെയിനില്‍ സഞ്ചരിച്ചാണ് ഉസ്ബക്കിസ്ഥാന്റെ തെക്കു വശത്തുള്ള തിര്‍മിദിയില്‍ എത്തിച്ചേര്‍ന്നത്. താഷ്‌കന്റില്‍ നിന്ന് 700 കിലോമീറ്ററോളം ദൂരമുണ്ട് തിര്‍മിദിലേക്ക്. ഇമാം തിര്‍മിദി (റ)വെന്ന് ചുരുക്കപ്പേരില്‍ അറിയപ്പെട്ട അബൂ ഈസാ മുഹമ്മദ് ബ്‌നു ഈസ എന്നവരുടെ അന്ത്യവിശ്രമ കേന്ദ്രം സ്ഥിതി ചെയ്യുന്ന വിശാലമായ അങ്കണം ശില്‍പ ചാരുത കൊണ്ടും ശ്രദ്ധേയമായിരുന്നു. ഇമാം ബുഖാരി (റ)വിന്റെ അരുമ ശിഷ്യനായിരുന്നു ഇമാം തിര്‍മിദി (റ). സിയാഹുസിത്തയില്‍പ്പെട്ട വിശ്രുത പണ്ഡിതന്‍. ജാമിഉ തിര്‍മിദി, കര്‍മ ശാസ്ത്ര വിഷയത്തില്‍ ക്രോഡീകരിച്ച് രചിക്കപ്പെട്ട ശ്രദ്ധേയമായ ഗ്രന്ഥത്തിന്റെ ഉടമ. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലെയും മത പഠന കേന്ദ്രങ്ങളില്‍ പഠിപ്പിക്കപ്പെടുന്ന കിതാബാണിത്.
  ബുഖാറയിലേക്കായിരുന്നു പിന്നത്തെ യാത്ര. ബുഖാറയിലേക്കുള്ള യാത്രയെ കുറിച്ച് പറയാനൊരുങ്ങുമ്പോള്‍ ഉസ്താദിന്റെ മുഖത്തെ ശ്രദ്ധേയമായൊരു ചൈതന്യം കാണാതിരിക്കാനെനിക്കായില്ല. വര്‍ഷങ്ങളോളമായി മര്‍കസില്‍ സ്വഹീഹുല്‍ ബുഖാരി ദര്‍സ് നടത്തിക്കൊടുക്കുന്ന, പതിനായിരങ്ങളുടെ ഗുരുവര്യന്‍, വിശ്വവിഖ്യാതനായ ഇമാം ബുഖാരിയുടെ ജന്മ ദേശത്തേക്കുള്ള യാത്ര എന്തുകൊണ്ടും വിശേഷതയര്‍ഹിക്കുമല്ലോ.
  ബുഖാറ, പട്ടുപാതയിലെ മനോഹരമായ ഒരു നഗരം. വ്യാപാരത്തിന്റെയും പാണ്ഡിത്യത്തിന്റെയും കീര്‍ത്തിയില്‍ കിഴക്കും പടിഞ്ഞാറും തെക്കും വടക്കും ഒന്നിച്ച ഭൂമി. പള്ളികളും മത കലാലയങ്ങളും കൊണ്ട് സമ്പന്നമായ പ്രദേശം. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടികയിലും ഈ നാട് ഇടം നേടിയിട്ടുണ്ട്. ഏഴാം നൂറ്റാണ്ടോടെ ബുഖാറ ശരീഫ് ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ കേന്ദ്രമായി. സാഹിത്യം, തത്വചിന്ത, ജ്യോതി ശാസ്ത്രം, ഭൗതിക ശാസ്ത്രം എന്നുവേണ്ട മുഴുവന്‍ വിജ്ഞാന ശാഖകളിലും ബുഖാറയിലെ പണ്ഡിതന്മാര്‍ ലോകത്തോട് മത്സരിച്ചു.
  ലോകത്തെ മുഹദ്ദിസുകളില്‍ ഒന്നാമനാണ് ഇമാം ബുഖാരി (റ). മുഹമ്മദ് ഇബ്‌നു ഇസ്മാഈല്‍ ബുഖാരി എന്ന് പൂര്‍ണ നാമം. ഹിജ്‌റ 194ല്‍ സമര്‍കന്ദിലെ ബുഖാറയിലാണ് ജനനം. വിജ്ഞാന സമ്പാദന, ഹദീസ് ശേഖരണ വഴിയില്‍ എന്തും ത്യജിക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നു. പത്താം വയസില്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുകയും കൗമാരമാകുമ്പോഴേക്ക് 70,000 ഹദീസുകള്‍ ഹൃദിസ്ഥമാക്കുകയും ചെയ്തു.
  വലിയ മസ്ജിദും നിരവധി മദ്‌റസകളും ചേര്‍ന്ന വിശാലമായ കോംപ്ലക്‌സാണ് മഹാനവര്‍കളുടെ അന്ത്യവിശ്രമ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം. സ്വദേശികളായ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഇവിടെ വിദ്യ അഭ്യസിക്കുന്നു. നമ്മുടെ നാട്ടില്‍ ഒക്കെ പിന്തുടരുന്ന മത പഠന രീതി തന്നെയാണ് ഇവിടെയും അനുവര്‍ത്തിക്കുന്നത്. വ്യാകരണ ശാസ്ത്രവും പദോത്പത്തി ശാസ്ത്രവും കുട്ടികള്‍ പഠിക്കുന്നത് കേരളത്തില്‍ പിന്തുടരുന്ന രീതിയില്‍ തന്നെ. നഖ്ശബന്തി ത്വരീഖത്തിന്റെ ശൈഖായ ബഹാഹുദ്ദീന്‍ നഖ്ശബന്തി (റ)യടക്കം നിരവധി മഹാന്മാരുടെ അന്ത്യവിശ്രമ കേന്ദ്രങ്ങളും ഇവിടെയുണ്ട്.
  സോവിയറ്റ് അധിനിവേശത്തോടെ മതത്തിന്റെ ചിഹ്നങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അതില്‍ പൂര്‍ണ വിജയം വരിക്കാനായിരുന്നില്ല. സിമന്റ് ഗോഡൗണാക്കി മാറ്റിയിരുന്ന ഒരു പള്ളി വീണ്ടും അവരുടെ പിന്മാറ്റത്തിനുശേഷം പള്ളിയായി തന്നെ പരിവര്‍ത്തിക്കപ്പെട്ടത് ഇവിടെ കാണാം.
  ജീവസുറ്റ കഴിഞ്ഞ കാലത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ സമ്മാനിക്കുന്ന നഗരമാണ് ബുഖാറ. ആധുനികതയുടെ അതിപ്രസരത്തില്‍ പഴമതയെ മുറുകെപിടിക്കുകയാണ് ഈ പവിത്രഭൂമി. കൂറ്റന്‍ നിര്‍മിതികളുടെ ശില്‍പ മാതൃക ഹൃദ്യമാണ്. ഖുബ്ബകള്‍ നിറഞ്ഞ നഗരി. ഇസ്‌ലാമിക കലയുടെ അതിവിശിഷ്ഠത ഇവിടെ നമുക്ക് ദര്‍ശിക്കാനാവും. ബുഖാറ കോംപ്ലക്‌സില്‍ തൂണുകളിലെ വാസ്തു വിദ്യ അതിശയിപ്പിക്കുന്നതാണ്. വിദഗ്ധനായ ഒരാള്‍ ഒരു മാസമെങ്കിലും പണിയെടുത്താല്‍ പൂര്‍ത്തിയാകൂ ഒരു തൂണിലെ ചിത്രകല. അങ്ങിനത്തെ നൂറുകണക്കിന് തൂണുകള്‍ ഇവിടെയുണ്ട്. വൃത്തിയും വെടിപ്പുമുള്ള റോഡുകളുടെ ഇരു പാര്‍ശ്വങ്ങളും മനോഹരമായ ചെടികള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. റോഡിന്റെ ഇരു ഭാഗങ്ങളിലുമുള്ള വീടുകളില്‍ വളര്‍ത്തുന്ന മുന്തിരിവള്ളികള്‍ കമ്പികെട്ടി കമാനം പോലെ റോഡിനുമുകളില്‍ കിടക്കുന്ന മനോഹരമായ കാഴ്ച.
  കൃഷിയാണ് ഇവിടത്തെ പ്രധാന വരുമാന സ്രോതസ്. ഏക്കറു കണക്കിന് ആപ്പിള്‍, മുന്തിരി, തക്കാളി, തണ്ണിമത്തന്‍ എന്നിവ പരന്നു കിടക്കുന്നു. വീടുകള്‍ക്ക് മുമ്പിലായി ടൂറിസ്റ്റുകള്‍ക്കായി ഭക്ഷണ സൗകര്യമൊരുക്കുന്ന റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നത് കാണാം. സമര്‍കന്ദില്‍ നിന്ന് ബുഖാറയിലേക്കുള്ള 500 കിലോമീറ്റര്‍ റോഡിന്റെ ഇരു പാര്‍ശ്വങ്ങളിലും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പരുത്തികൃഷി. ശാറ അല്‍ ഹരീര്‍ എന്നാണ് ഈ റോഡിന്റെ പേര് തന്നെ.
  യാത്രയുടെ ഓരോ അളവും നല്‍കിയ പ്രസരിപ്പോടെയാണ് ഉസ്താദ് പറഞ്ഞവസാനിപ്പിച്ചത്.
  .