ആറാട്ടുപാറ സംരക്ഷണം: കുമ്പളേരി റോക് ഗാര്‍ഡന്‍ ക്ലബ്ബുമായി വിദ്യാര്‍ഥികളും കൈകോര്‍ക്കുന്നു

Posted on: September 26, 2014 11:27 am | Last updated: September 26, 2014 at 11:27 am
SHARE

അമ്പലവയല്‍: പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പ്പെട്ട കുമ്പളേരിയിലുള്ള ആറാട്ടുപാറയുടെ സംരക്ഷണത്തിനു വിദ്യാര്‍ഥികളും കൈകോര്‍ക്കുന്നു.
അതീവ പരിസ്ഥിതി, ചരിത്ര പ്രാധാന്യമുള്ള പ്രദേശത്ത് സ്ഥിതിചെയ്യുന്ന പാറയുടെ സംരക്ഷണത്തിന് കുമ്പളേരി റോക് ഗാര്‍ഡന്‍ ടൂറിസം ക്ലബ്ബ് നടത്തുന്ന ശ്രമങ്ങളുമായി മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം(എന്‍.എസ്.എസ്.) അംഗങ്ങളാണ് തോള്‍ചേരുന്നത്. ടൂറിസം ക്ലബ്ബ് സെപ്റ്റംബര്‍ 27ന് നടത്തുന്ന ആറാട്ടുപാറ സംരക്ഷണയാത്രയില്‍ ഈ വിദ്യാലയത്തിലെ എന്‍.എസ്.എസ് പ്രവര്‍ത്തകരില്‍ 200 പേര്‍ അണിചേരും. സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബ്, ടൂറിസം ക്ലബ്ബ് അംഗങ്ങളും യാത്രയില്‍ പങ്കാളികളാകും.
ആറാട്ടുപാറയിലും സമീപങ്ങളിലും കരിങ്കല്ല്, മട്ടിക്കല്ല് ഖനനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിനു നിവേദനം നല്‍കാനും വിദ്യാര്‍ഥികള്‍ തീരൂമാനിച്ചതായി എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എം.സി.രാജേന്ദ്രന്‍ പറഞ്ഞു.
ഏഷ്യയിലെ റോക് ഗാര്‍ഡന്‍ എന്ന് അറിയപ്പെടുന്ന പാറസമൂഹത്തില്‍പ്പെട്ടതാണ് ആറാട്ടുപാറയെന്ന് റോക് ഗാര്‍ഡന്‍ ടൂറിസം ക്ലബ്ബ് പ്രസിഡന്റ് വി.ഡെല്‍ജിത്ത്, സെക്രട്ടറി എന്‍.കെ.ജോര്‍ജ് എന്നിവര്‍ പറഞ്ഞു. മൂന്നു കിലോമീറ്റര്‍ ആകാശദൂരപരിധിയില്‍ സ്ഥിതിചെയ്യുന്ന ആറ് പാറകള്‍ ചേര്‍ന്നതാണ് റോക് ഗാര്‍ഡന്‍. ഗതകാലത്തെ അളവുപാത്രമായ കൊളഗത്തിന്റെ ആകൃതിയിലുള്ള കൊളഗപ്പാറ, ചീങ്ങേരിപ്പാറ, എടകല്‍ ഗുഹ സ്ഥിതിചെയ്യുന്ന അമ്പുകുത്തിപ്പാറ, മഞ്ഞപ്പാറ, ഫാന്റം റോക് ഉള്‍പ്പെടുന്ന മട്ടിപ്പാറ എന്നിവ റോക് ഗാര്‍ഡന്റെ ഭാഗമാണ്.
കോഴിക്കോട്-കൊല്ലേഗല്‍ ദേശീയപാതയില്‍ മീനങ്ങാടി അന്‍പത്തിനാലില്‍നിന്നു കുമ്പളേരിയിലൂടെ അമ്പലയലിലേക്കുള്ള വഴിയില്‍ നാല് കിലോമീറ്റര്‍ സഞ്ചരിക്കുമ്പോളെത്തുന്ന എ.കെ.ജി ജംഗ്ഷനില്‍നിന്ന് റാട്ടക്കുണ്ടിലേക്കുള്ള ഗ്രാമപാതയിലൂടെ 10 മിനിറ്റ് നടന്നാല്‍ ആറാട്ടുപാറയുടെ ചുവട്ടിലെത്താം. 300 മീറ്ററായിരുന്നു കമാനാകൃതിയിയിലുള്ള ആറാട്ടുപാറയുടെ നീളം. സമുദ്രനിരപ്പില്‍നിന്നു 3500 അടി ഉയരത്തിലാണിത്. ഏറ്റവും മുകളില്‍ കിരീടംപോലെ കാണപ്പെടുന്ന മകുടപ്പാറ ആറാട്ടുപാറയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതാണ്. താഴ്‌വാരത്തുള്ള ചെറുതും വലുതുമായ മുനിയറകള്‍ പാറയ്ക്ക് ചരിത്രപ്രാധാന്യവും നല്‍കുന്നു. കലാവസ്ഥയുമായി ബന്ധപ്പെട്ടും ആറാട്ടുപാറ ഉള്‍പ്പെടുന്ന റോക് ഗാര്‍ഡന് പ്രാമുഖ്യമുണ്ട്. മെച്ചപ്പെട്ട വേനല്‍മഴയും തുലാവര്‍ഷവും തെക്കേവയനാട്ടില്‍ ലഭ്യമാക്കുന്നത് റോക് ഗാര്‍ഡനാണെന്നാണ് വിദഗ്ധമതം. പാറസമുച്ചയമാണ് മഴക്കാറ്റിനെ തടഞ്ഞുനിര്‍ത്തി അന്തരീക്ഷത്തില്‍ എയറിവെല്‍(കിണര്‍) രൂപപ്പെടുത്തുകയും മഴ പെയ്യിക്കുകയും ചെയ്യുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
വര്‍ഷങ്ങള്‍ മുന്‍പ് ഖനനലോബി കണ്ണുവെച്ച ആറാട്ടുപാറയില്‍നിന്ന് ഇപ്പോള്‍ ഉയരുന്നത് നിലനിപ്പിനായുള്ള നിശബ്ദമുറവിളിയാണ്. കിഴക്കേ അറ്റത്ത് മൂന്ന് ക്വാറികള്‍ പ്രവര്‍ത്തിച്ചതോടെ നീളം മൂന്നിലൊന്നായി കുറഞ്ഞ് പേക്കോലത്തിലായി പാറ. ഇവിടെ വന്‍തോതിലുള്ള കരിങ്കല്‍ ഖനനത്തിനു ചിലര്‍ കോപ്പുകൂട്ടുകയുമാണ്.
ആറാട്ടുപാറയുടെ പടിഞ്ഞാറും തെക്കുമായുളള്ള 20 കുടുംബങ്ങളുടെ കൈവശത്തിലായിരുന്ന പട്ടയഭൂമി എറണാകുളം ജില്ലക്കാരായ ചിലര്‍ നാല് വര്‍ഷം മുന്‍പ് മോഹവിലക്ക് വാങ്ങിയിരുന്നു. കൈവശമായതില്‍ 15 സെന്റ് പട്ടയഭൂമിയും അടുത്തുള്ള ഒരു ഏക്കറിലധികം വരുന്ന സര്‍ക്കാര്‍ ഭൂമിയും(റവന്യൂ പാറ) ചേര്‍ത്ത് ക്വാറി തുടങ്ങാന്‍ ഇവര്‍ പെര്‍മിറ്റ് നേടിയെങ്കിലും ഖനനം ആരംഭിച്ചിരുന്നില്ല.
ഖനനം നടത്താനുദ്ദേശിക്കുന്ന സ്ഥലത്ത് ‘ആള്‍ത്താമസമോ പൊതുവഴിയോ ഇല്ലെന്നും ഭൂമി ഭാവിയില്‍ സര്‍ക്കാരിന്റെ ഏതെങ്കിലും ആവശ്യത്തിനു പറ്റിയതല്ലെന്നുമുള്ള’ വില്ലേജ് ഓഫീസറുടെ തെറ്റായ റിപ്പോര്‍ട്ടിന്റെ ബലത്തിലാണ് ഖനനത്തിനു പെര്‍മിറ്റ് സമ്പാദിച്ചത്. ഈ വര്‍ഷം ആറാട്ടുപാറയ്ക്കടുത്ത് കുറച്ചുസ്ഥലം പൊന്നുംവിലയ്ക്ക് വാങ്ങിയ ബത്തേരി സ്വദേശി എറണാകുളംകാരുടെ ഭൂമിയും ചേര്‍ത്ത് ക്വാറിയും ക്രഷറും തുടങ്ങാനുള്ള ശ്രമത്തിലാണ്. ഈ സാഹചര്യത്തിലാണ് ആറാട്ടുപാറ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളെന്ന് റോക് ഗാര്‍ഡന്‍ ടൂറിസം ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു.
വിനോദസഞ്ചാരദിനവുമായ 27ന് രാവിലെ 10ന് കുമ്പളേരിയില്‍ അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് എം യു ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്ന സംരക്ഷണയാത്രയോടനുബന്ധിച്ച് ആറാട്ടുപാറയുടെ താഴ്‌വാരത്ത് പട്ടംപറത്തല്‍, ക്വിസ്, സെമിനാര്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം എന്ന വിഷയത്തിലുള്ള സെമിനാര്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ.പി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
റോക് ഗാര്‍ഡനും സമീപപ്രദേശങ്ങളും കരിങ്കല്ല്, മട്ടിക്കല്ല് ഖനനം പൂര്‍ണമായി തടഞ്ഞ് പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കണെന്ന് ആവശ്യപ്പെട്ട് റോക് ഗാര്‍ഡന്‍ ടൂറിസം ക്ലബ്ബ് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.