Connect with us

Wayanad

പാതിവഴിയിലായ വീടുപണി: കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും- മന്ത്രി ജയലക്ഷ്മി

Published

|

Last Updated

കല്‍പ്പറ്റ: ആദിവാസി ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കാതെ പാതിവഴിയില്‍ ഉപേക്ഷിക്കുന്ന കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയുമായി മന്ത്രി ജയലക്ഷ്മി. വീടുപണി പാതിവഴിയില്‍ നിര്‍മ്മാണം ഉപേക്ഷിച്ചുപോയ കരാറുകാരനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് പട്ടികവര്‍ഗക്ഷേമ- യുവജനകാര്യ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി നിര്‍ദ്ദേശിച്ചു.
മാനന്തവാടി തവിഞ്ഞാല്‍ വിമലനഗര്‍ നാവിക്കാംകുന്ന് കോളനി നിവാസികള്‍ നല്‍കിയ പരാതിയിലാണ് നിര്‍ദ്ദേശം. പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം കരാറുകാരനെതിരെ കേസെടുക്കണമെന്ന് എ.ഡി.ജി.പി. സന്ധ്യക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഐ.എ.വൈ. പദ്ധതി പ്രകാരമാണ് ഇവര്‍ക്ക് വീട് അനുവദിച്ചത്. കേരളത്തില്‍ പലയിടത്തും കരാറുകാര്‍ ആദിവാസി ഭവന നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ച് പണം വാങ്ങിയിട്ടുള്ളതായി മാധ്യമവാര്‍ത്തകള്‍ വന്നിട്ടുണ്ട്. എന്നാല്‍ പലരും രേഖാമൂലം പരാതി നല്‍കിയിട്ടില്ല. പരാതി ലഭിച്ചാല്‍ എല്ലാ പരാതിയിലും കേസ് രജിസ്റ്റര്‍ ചെയ്ത് കരാറുകാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു.
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തനത് ഫണ്ടില്‍നിന്നും, ഐ.എ.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും നേരിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയും ശരാശരി ആയിരത്തോളം വീടുകളാണ് പ്രതിവര്‍ഷം പുതിയതായി നിര്‍മ്മിക്കാന്‍ അനുമതി നല്‍കുന്നത്. ഇതിന് രണ്ടര ലക്ഷം രൂപ വീതമാണ് ഇപ്പോള്‍ ഭവന നിര്‍മ്മാണത്തിന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അനുവദിക്കുന്നത്.
അറ്റകുറ്റപ്പണികള്‍ക്കായി 1.25 ലക്ഷം രൂപ വീതവും അനുവദിക്കുന്നുണ്ട്. സമ്പൂര്‍ണ്ണ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടുവര്‍ഷംകൊണ്ട് മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും വീട് അനുവദിക്കുന്നതിനുള്ള നടപടി മിഷന്‍ 676 പദ്ധതിയില്‍ ഉള്‍പ്പെടുത്തി വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
ഗുണഭോക്താക്കളായ ആദിവാസികളെ കബളിപ്പിച്ച് കരാറുകാര്‍ പണം തട്ടുന്നത് പതിവാണ്. വയനാട് ജില്ലയില്‍ ഉള്‍പ്പെടെ നിരവധി കരാറുകാര്‍ക്കെതിരെ ഇപ്പോള്‍ പോലീസ് കേസുകള്‍ രജിസ്റ്റര്‍ നടപടികള്‍ നടന്നുവരുന്നുണ്ട്. പട്ടികവര്‍ഗ്ഗ മേഖലയില്‍ പ്രമോട്ടര്‍മാരും സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

Latest