ഇടമലയാര്‍ കനാല്‍ ; സര്‍ക്കാര്‍ നടപടിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നു

Posted on: September 26, 2014 11:24 am | Last updated: September 26, 2014 at 11:24 am
SHARE

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലേക്കുള്ള ഇടമലയാര്‍ കനാല്‍ നിര്‍മാണ നടപടികള്‍ അവസാനിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാലക്കുടി ഇടമലയാര്‍ ഇറിഗേഷന്‍ പ്രോജക്ട് ഓഫീസിലേക്ക് ശനിയാഴ്ച മാര്‍ച്ചും ധര്‍ണയും നടത്തുവാന്‍ തീരുമാനിച്ചതായി കര്‍ഷകസംഘം ഏരിയാപ്രസിഡണ്ട് ടി എസ് സജീവന്‍ മാസ്റ്ററും സെക്രട്ടറി ടി ജി ശങ്കരനാരായണനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തേയും മാള നിയോജക മണ്ഡലത്തിലെ വെള്ളാങ്കല്ലൂര്‍, പുത്തന്‍ച്ചിറ പഞ്ചായത്തുകളേയും പടിഞ്ഞാറ് മതിലകം പഞ്ചായത്ത് വരെയും ആയ കെട്ടമാപ്പ് തയ്യാറാക്കിയാണ് ഇടമലയാര്‍ ഇറിഗേഷന്‍ പ്രൊജക്ട് തയ്യാറാക്കിയത്.
ഇതനുസരിച്ച് കടുപ്പശ്ശേരി, മുരിയാട്, കാട്ടുര്‍, മതിലകം, പുത്തന്‍ച്ചിറ ബ്രാഞ്ച് കനാലുകളുടെ നിര്‍മാണത്തിന്‍ 40 വര്‍ഷങ്ങള്‍ക്കുമുമ്പ് സര്‍വ്വേ നടത്തുകയും കനാല്‍ നിര്‍മാണത്തിനായി കല്ലുകള്‍ സ്ഥാപിച്ച് പോയതുമാണ്.
കനാല്‍ നിര്‍മാണത്തിനായി വര്‍ഷങ്ങളായി കക്ഷി രാഷ്ട്രീയത്തിനതീതമായി നടത്തിയ മുറവിളിയെ തുടര്‍ന്ന് കനാലിന്റെ നിര്‍മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് അതിര്‍ത്തികള്‍ സ്ഥാപിക്കാനുള്ളവര്‍ക്ക് ടെന്‍ഡര്‍ ചെയ്യപ്പെടുകയും പാസ്റ്റ് റീച്ച് വര്‍ക്കുകള്‍ വരെജി ജോസഫ് എടുക്കുകയും ചെയ്തതാണ്.
എന്നാല്‍ ഏതാനു ചില തത്പരകക്ഷികള്‍ നടത്തിയ ഏതിര്‍പ്പിനെ തുടര്‍ന്ന് പൊതുതാത്പര്യം പരിഗണിക്കാതെ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെയും സമീപ പഞ്ചായത്തുകളിലെയും കാര്‍ഷിക പുരോഗതിക്ക് ഇടയാക്കുന്ന, കുടിവെള്ള ക്ഷാമത്തിന് ഒരളവ് വരെ പരിഹാരമാകുന്ന കനാല്‍ നിര്‍മാണ നടപടികള്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പ്രൊജക്ട് സര്‍ക്കിള്‍ പിറവം ഓര്‍ഡര്‍ നമ്പര്‍ EI20-2011(04-04-2014)ന്റെ ഉത്തരവ് പ്രകാരം ക്ലോസ് ചെയ്തിരിക്കുകായണ്. ഈ തെറ്റായ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് കൊണ്ടും കനാല്‍ നിര്‍രമാണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ടുമാണ് കര്‍ഷക സംഘം പ്രക്ഷോപം നടത്തുന്നത്. കര്‍ഷകസംഘം നേതാക്കളായ കെ പി ദിവാകരന്‍ മാസ്റ്റര്‍, എം ബി രാജു മാസ്റ്റര്‍, കെ കെ മോഹനന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.