Connect with us

Kozhikode

അനധികൃത കൈയേറ്റങ്ങള്‍ പൊളിച്ചുമാറ്റി

Published

|

Last Updated

താമരശ്ശേരി: താലൂക്ക് ആസ്ഥാനത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായി അനധികൃത കൈയേറ്റങ്ങള്‍ പൊളിച്ചുമാറ്റി. മിനി ബൈപ്പാസ് റോഡിലെ അനധികൃത കൈയേറ്റങ്ങള്‍ പൊളിച്ചുമാറ്റാനുള്ള ഗ്രാമപഞ്ചായത്ത് ‘ഭരണസമിതിയുടെ തീരുമാനം ജനകീയ പങ്കാളിത്തത്തോടെയാണ് നടപ്പാക്കിയത്.
താമരശ്ശേരി ടൗണ്‍ പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിന് മുന്‍വശത്ത് നിന്ന് ആരംഭിച്ച് ചുങ്കം ബി എസ് എന്‍ എല്‍ ജംഗ്ഷനില്‍ എത്തുന്ന മിനി ബൈപ്പാസ് വീതികൂട്ടി രണ്ടുവരിപ്പാതയാക്കാനാണ് പദ്ധതി. ഇതിന്റെ ‘ഭാഗമായി പൊതുമരാമത്ത് വകുപ്പും ഗ്രാമ പഞ്ചായത്തും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തഹസില്‍ദാറുടെ നിര്‍ദേശപ്രകാരം താലൂക്ക് സര്‍വേയര്‍മാര്‍ സര്‍വേ നടത്തുകയും കൈയേറ്റം അടയാളപ്പെടുത്തുകയും ചെയ്തിരുന്നു.
1930 ലെ റീ സര്‍വേ പ്രകാരമുള്ള അതിര്‍ത്തിയാണ് നിര്‍ണയിച്ചത്. അനധികൃത കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും പൊളിച്ചുമാറ്റാത്തതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി ഹബീബ് തമ്പിയുടെ നേതൃത്വത്തില്‍ കൈയേറ്റങ്ങള്‍ പൊളിച്ചുമാറ്റുകയായിരുന്നു. ബൈപ്പാസില്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള ഭൂമിയിലെ ഏതാനും അനധികൃത കെട്ടിടങ്ങള്‍ നേരത്തെ പൊളിച്ചു നീക്കിയിരുന്നു.
താമരശ്ശേരി ടൗണില്‍ നിന്ന് ആരംഭിച്ച് ചുങ്കം ബി എസ് എന്‍ എല്‍ ഓഫീസിന് സമീപം അവസാനിക്കുന്ന മിനി ബൈപ്പാസ് റോഡിന് ഒരു കിലോ മീറ്ററാണ് ദൈര്‍ഘ്യം. മിക്കയിടങ്ങളിലും റോഡിന് പതിനാല് മീറ്റര്‍ വീതിയുെണ്ടങ്കിലും പലസ്ഥലത്തും വീതി കുറവുള്ളത് റോഡിന്റെ വികസനത്തിന് തടസ്സമായിരുന്നു. റോഡിന്റെ അലൈന്‍മെന്റ് പ്രവൃത്തികള്‍ക്കായി പൊതുമരാമത്ത് വകുപ്പ് 15 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്.
ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായി ദേശീയപാതയോട് ചേര്‍ന്നുള്ള പഞ്ചായത്ത് കെട്ടിടം പൊളിച്ചുനീക്കും. കെട്ടിടം നില്‍ക്കുന്ന സ്ഥാനത്ത് ബസ് ബേ നിര്‍മിക്കാനാണ് പദ്ധതി. ഇതോടെ ബസ്‌റ്റോപ്പ് കാരണമുള്ള ഗതാഗത തടസ്സം അവസാനിക്കും. ബൈപ്പാസ് വീതികൂട്ടി രണ്ടുവരിപ്പാതയാക്കി ഗതാഗതം തിരിച്ചുവിടുന്നതോടെ താമരശ്ശേരി ടൗണിലെ ഗതാഗതക്കുരുക്കിന് ഒരളവോളം പരിഹാരമാകും.

 

Latest