വിദ്യാര്‍ഥികള്‍ എലിയോട്മല സംരക്ഷണകവചം തീര്‍ത്തു

Posted on: September 26, 2014 10:55 am | Last updated: September 26, 2014 at 10:55 am
SHARE

അത്തോളി: പ്രകൃതിസമ്പത്ത് നശിപ്പിക്കുന്ന ചെങ്കല്‍ ഖനനം അവസാനിപ്പിച്ച് പ്രകൃതിയെ സംരക്ഷിക്കാന്‍ തയ്യാറാകണമെന്ന് പരിസ്ഥിതിപ്രവര്‍ത്തകന്‍ പ്രൊഫ. ടി കെ ശോഭീന്ദ്രന്‍. അത്തോളി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹരിതസ്പര്‍ശം ക്ലബ്ബ് സംഘടിപ്പിച്ച എലിയോട് മല സംരക്ഷണ കവചം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയുടെ നാല് ഭാഗങ്ങളിലെയും കിണറുകളിലും കുളങ്ങളിലും വെള്ളം സംഭരിക്കുന്ന എലിയോട് മലയുടെ നാശമായിരിക്കും ചെങ്കല്‍ ഖനനം കൊണ്ട് സംഭവിക്കുക. എലിയോട് മലയുടെ നാശം പരിസരങ്ങളിലെ പാരിസ്ഥിതിക പ്രശ്‌നത്തിന് കാരണമാകും. കുറ്റിക്കാടുകള്‍ക്കും വള്ളിക്കാട്ടുകാവിലെ വാനരന്‍മാരുടെ ജീവനും നാശം സംഭവിക്കും. പ്രകൃതിയുടെ സമ്പത്ത് എന്നന്നേക്കുമായി നശിപ്പിച്ച് ചിലരുടെ സാമ്പത്തിക ലാഭം അംഗീകരിക്കാന്‍ കഴിയില്ല. വിദ്യാര്‍ഥികള്‍ക്ക് പ്രകൃതി സംരക്ഷണ പ്രതിജ്ഞ പ്രൊഫ. ടി കെ ശോഭീന്ദ്രന്‍ ചൊല്ലിക്കൊടുത്തു. അഭിലാഷ്, അജിത്കുമാര്‍, ടി കെ വിജയന്‍, അനീഷ്, സുനില്‍കുമാര്‍, ബഷീര്‍, സിന്ധു സംബന്ധിച്ചു.