Connect with us

Palakkad

സര്‍ക്കാര്‍ ജീവനക്കാരില്‍ ബി പി എല്‍ കാര്‍ഡുകള്‍ തിരിച്ചു പിടിക്കാന്‍ ഉത്തരവായി

Published

|

Last Updated

പാലക്കാട്: ജോലി കിട്ടി അഞ്ചുവര്‍ഷമായിട്ടും റേഷന്‍ കാര്‍ഡ് എ. പി.എല്‍. ആക്കാതെ ആനുകൂല്യം കൈപ്പറ്റിയ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരില്‍നിന്ന് റേഷനരി തിരിച്ചുപിടിക്കാന്‍ കളക്ടര്‍ കെ രാമചന്ദ്രന്‍ ഉത്തരവിട്ടു. കെ എസ് ഇ ബി, എക്‌സൈസ് വകുപ്പുകളില്‍ ജോലിചെയ്യുന്ന ചിറ്റൂര്‍ താലൂക്കിലുള്‍പ്പെട്ട സഹോദരന്മാരായ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി.
അരിക്കുപുറമേ സബ്‌സിഡിയിനത്തില്‍ വാങ്ങിയ മറ്റ് ഉത്പന്നങ്ങളും ഇതേരീതിയില്‍ തിരിച്ചടയ്ക്കണം. ബി പി എല്‍ നിരക്കിലുള്ള ഒന്നര ടണ്‍ അരി ഇവര്‍ കൈപ്പറ്റിയതായി കണ്ടെത്തി. ഇതിന്റെ മൂന്നിലൊരുഭാഗം കാര്‍ഡുടമകളും ബാക്കി റേഷന്‍കടയുടമയും അടയ്ക്കണമെന്ന് കളക്ടറുടെ ഉത്തരവിലുണ്ട്.
‘50,000ത്തോളം രൂപ ഇതിന് വില വരും. പണമായടച്ചാലും മതിയെന്ന നിര്‍ദേശവും ഉണ്ട്. എലവഞ്ചേരി പഞ്ചായത്തിലെ 67ാം നമ്പര്‍ റേഷന്‍കടയ്ക്കുകീഴിലാണ് ഇവരുടെ കാര്‍ഡ്. 2009ല്‍ സര്‍ക്കാര്‍ ജോലി കിട്ടിയതിനുശേഷവും ഇവര്‍ കാര്‍ഡ് എ പി എല്‍ ആക്കാതെ കൈവശം വെയ്ക്കുകയായിരുന്നു. കാര്‍ഡ് എ പി എല്‍ ആക്കിയെന്ന് കടയുടമ തങ്ങളെ തെറ്റിദ്ധരിപ്പിച്ചതായി ഇവര്‍ പറഞ്ഞെങ്കിലും വാദം കളക്ടര്‍ തള്ളി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ബി പി എല്‍ കാര്‍ഡുകള്‍ പിടിച്ചെടുക്കാന്‍ ‘ക്ഷ്യപൊതുവിതരണവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയുടെ ആദ്യഘട്ടത്തില്‍ പിടിച്ചെടുത്ത റേഷന്‍ കാര്‍ഡുകളിലൊന്നാണിത്.
ഇത്തരത്തില്‍ 1500ലധികം അനധികൃത ബി പി എല്‍ റേഷന്‍കാര്‍ഡുകളാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇതില്‍ നടപടിക്ക് ശുപാര്‍ശ ചെയ്ത കേസുകളില്‍ ഇനിയും സമാനവിധിയുണ്ടാകുമെന്നാണ് കരുതുന്നത്.സ്വമേധയാ ബി പി എല്‍ കാര്‍ഡുകള്‍ കൊണ്ടുവന്ന് എ പി എല്‍ ആക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഇത്തരം നടപടിയില്‍നിന്ന് ഒഴിവാക്കുമെന്ന് ജില്ലാ പൊതുവിതരണ ഓഫീസര്‍ പി എം കെ ഉണ്ണി അറിയിച്ചു. പരിശോധന തുടരുമെന്നും അദ്ദേഹം പറഞ്ഞു.