ഗുജറാത്ത് വംശഹത്യ: മോദിക്ക് അമേരിക്കന്‍ കോടതിയുടെ സമന്‍സ്

Posted on: September 26, 2014 9:13 am | Last updated: September 26, 2014 at 2:02 pm
SHARE

modiന്യൂഡല്‍ഹി: അമേരിക്കന്‍ സന്ദര്‍ശനം ഇന്ന് ആരംഭിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കന്‍ കോടതിയുടെ സമന്‍സ്. ഗുജറാത്ത് വംശഹത്യയില്‍ മോദിയുടെ പങ്ക് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയാണ് സമന്‍സ് അയച്ചിരുന്നത്. സമന്‍സില്‍ 21 ദിവസത്തിനകം മറുപടി നല്‍കണം. അല്ലാത്തപക്ഷം മോഡിയുടെ വാദം കേള്‍ക്കാതെ വിധി പ്രസ്താവിക്കും. വംശഹത്യയുടെ ഇരകള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സന്നദ്ധ സംഘടനയാണ് ഹര്‍ജി നല്‍കിയത്.

2002ലെ ഗുജറാത്ത് വംശഹത്യയെ തുടര്‍ന്ന് 2006ല്‍ മോദിക്ക് അമേരിക്ക യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മോദിക്ക് വിസ അനുവദിക്കാനുള്ള നീക്കത്തിനെതിരെ യുഎസ് കോണ്‍ഗ്രസിലെ ഒരു വിഭാഗം അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് വിസ അനുവദിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട സമര്‍പ്പിക്കാന്‍ സിആര്‍എസിനെ യുഎസ് കോണ്‍ഗ്രസ് ചുമതലപ്പെടുത്തി. വിസ ലഭിക്കുന്നതോടെ അമേരിക്ക സന്ദര്‍ശിക്കാന്‍ മോദിക്ക് സാധിക്കുമെന്നും യുഎസ് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഏഴ് പേജുള്ള സിആര്‍എസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം വംശഹത്യയെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങള്‍ നിയന്ത്രിക്കാന്‍ മോദി കര്‍ശന നടപടി സ്വീകരിച്ചില്ലെന്നും ഗുരുതരമായ വീഴ്ച വരുത്തിയെന്നും ഗുജറാത്ത് ഹൈക്കോടതി വിമര്‍ശിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷക സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മോദിഅമേരിക്കയിലെത്തുന്നത്. തിങ്കളാഴ്ച ഒബാമയുമായി കൂടിക്കാഴ്ച നടത്തും.

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെയും യു എസ് കോടതി സമന്‍സ് പുറപ്പെടുവിച്ചിരുന്നു. 1990കളില്‍ പഞ്ചാബിലെ തീവ്രവാദി വിരുദ്ധ നടപടകളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നുവെന്ന് ചൂണ്ടിക്കാട്ടി സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് മന്‍മോഹനെതിരെ ഹരജി നല്‍കിയിരുന്നത്.

യു പി എ അധ്യക്ഷ സോണിയാ ഗാന്ധി ചികിത്സക്കായി അമേരിക്കയില്‍ എത്തിയപ്പോള്‍ അവര്‍ക്കെതിരെയും ഫെറല്‍ കോടതി സമന്‍സ് അയച്ചിരുന്നു. 1984ലെ സിഖ് കലാപമായിരുന്നു സമന്‍സിന് ആധാരം.