Connect with us

National

കോടതിയലക്ഷ്യം: മുതിര്‍ന്ന ഡി ആര്‍ ഡി ഒ ശാസ്ത്രജ്ഞര്‍ക്ക് തടവ് ശിക്ഷ

Published

|

Last Updated

ചെന്നൈ: മംഗള്‍യാന്റെ വിജയത്തിന് ബഹിരാകാശ ശാസ്ത്ര സമൂഹം പരക്കെ പ്രശംസിക്കപ്പെടുമ്പോള്‍ രണ്ട് മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ക്ക് നീതി പീഠത്തില്‍ നിന്ന് ശിക്ഷ. ഡി ആര്‍ ഡി ഒയിലെ ശാസ്ത്രജ്ഞര്‍ക്കാണ് മദ്രാസ് ഹൈക്കോടതി കോടതിയലക്ഷ്യത്തിന് മൂന്നാഴ്ച ജയില്‍ ശിക്ഷ വിധിച്ചത്. പിഴയും ചുമത്തയിട്ടുമുണ്ട്. വകുപ്പ്തലത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ജോസഫ് രാജ് എന്ന ജീവനക്കാരന്റെ തൊഴില്‍ സംരക്ഷണവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്.
പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും ഡി ആര്‍ ഡി ഒ ഡയറക്ടര്‍ ജനറലുമായ വി കെ സാരസ്വത്, ഹൈദരാബാദ് ഡിഫന്‍സ് മെറ്റാലര്‍ജിക്കല്‍ റിസര്‍ച്ച് ലബോറട്ടറി ഡയറക്ടര്‍ മാലാകൊണ്ടയ്യ എന്നിവര്‍ ഒരാഴ്ചക്കകം പോലീസില്‍ കീഴടങ്ങണം. കീഴടങ്ങുന്നില്ലെങ്കില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കസ്റ്റഡിയില്‍ എടുക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.
കോടതിയലക്ഷ്യ നിയമത്തിന്റെ സെക്ഷന്‍ 12 പ്രകാരം മൂന്നാഴ്ച വെറും തടവും 2000 രൂപ പിഴയുമാണ് വിധിച്ചത്. 1985 ആഗസ്റ്റ് 13നാണ് ജോസഫ് രാജ് അവാദിയിലുള്ള കോംപാക്റ്റ് വെഹിക്കിള്‍ റിസര്‍ച്ച് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് സ്‌കൂളില്‍ ക്ലാര്‍ക്ക് കം സ്റ്റോര്‍ കീപ്പറായി നിയമിതനായത്. പിന്നീട് അദ്ദേഹം ബി കോം ബിരുദവും ലൈബ്രററി സയന്‍സില്‍ പി ജിയും കരസ്ഥമാക്കി. ലൈബ്രേറിയന്‍ തസ്തികയില്‍ ഒഴിവ് വന്നപ്പോള്‍ ഇതിന് അപേക്ഷിച്ചു. യോഗ്യത മാനദണ്ഡമാക്കി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാല്‍ 2001ല്‍ സ്‌കൂള്‍ അടച്ച് പൂട്ടുകയാണെന്ന് കാണിച്ച് ഇയാള്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കുകയായിരുന്നു.
ഇത് ചോദ്യം ചെയ്തും തനിക്ക് മറ്റൊരു യൂനിറ്റില്‍ തൊഴില്‍ നല്‍കണമെന്നും കാണിച്ച് ജോസഫ് രാജ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഹരജി ഫയല്‍ ചെയ്തു. പിന്നീട് നിയമയുദ്ധം ഹൈക്കോടതിയിലേക്കും സുപ്രീം കോടതിയിലേക്കും നീണ്ടു. ഇവിടെ നിന്നെല്ലാം അനുകൂല വിധി നേടിയിട്ടും ജോലി തിരികെ ലഭിക്കാതെ വന്നതോടെയാണ് ഇയാള്‍ കോടതി അലക്ഷ്യ ഹരജി നല്‍കിയത്. ഈ ഹരജിയില്‍ തീര്‍പ്പ് കല്‍പ്പിച്ചാണ് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് മുതിര്‍ന്ന ശാസ്ത്രജ്ഞരെ ശിക്ഷിച്ചത്.
ഈ ശാസ്ത്ര ഉദ്യോഗസ്ഥര്‍ ഒരു സാധാരണ ജീവനക്കാരന്റെ തൊഴില്‍ നിഷേധിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചുവെന്നത് വ്യക്തമാണ്. അത്‌കൊണ്ട് ജോലി തിരികെ നല്‍കണമെന്ന 2004ലെ വിധി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. തെറ്റ് അംഗീകരിക്കാതിരിക്കുകയെന്നത് ധീരകൃത്യമൊന്നുമല്ല. തെറ്റുകള്‍ സമ്മതിക്കുകയെതതാണ് കുലീനത. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഈ പാഠം പഠിക്കണം- ജസ്റ്റിസുമാരായ എസ് രാജേശ്വരന്‍, പി എന്‍ പ്രകാശന്‍ എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു.

Latest