Connect with us

Editors Pick

'ശാന്തിദൂതന്‍' ഒബാമ ആറ് വര്‍ഷത്തിനിടെ സൈനിക ഇടപെടല്‍ നടത്തിയത് ഏഴ് രാഷ്ട്രങ്ങളില്‍

Published

|

Last Updated

വാഷിംഗ്ടണ്‍: സമാധാനത്തിന്റെ പ്രസിഡന്റെന്ന് ഏറെ കൊട്ടിഘോഷിക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ആറ് വര്‍ഷത്തെ ഭരണത്തിനിടെ വിവിധ കാരണങ്ങള്‍ നിരത്തി ബോംബിട്ടു തകര്‍ത്തത് ഏഴ് രാഷ്ട്രങ്ങളെ. ഈ ആഴ്ചയുടെ തുടക്കത്തില്‍ സിറിയയില്‍ ഇസില്‍ തീവ്രവാദത്തിന്റെ പേരില്‍ ആക്രമണം തുടങ്ങിയതാണ് അവസാനത്തെ സംഭവം. ഇറാഖ് ആക്രമണത്തെ എതിര്‍ത്തതിന്റെ പേരില്‍ കൂടിയായിരുന്നു ഒബാമ അധികാരത്തിലേക്കെത്തിയത് തന്നെ. 2009ല്‍ സമാധാനനൊബേലും ഒബാമക്കായിരുന്നു. പ്രസിഡന്റായതിന് ശേഷം, മുസ്‌ലിം രാജ്യങ്ങളുമായി താന്‍ സമാധാനത്തിന്റെ പുതിയ പാതയാണ് താത്പര്യപ്പെടുന്നതെന്ന് കൈറോയില്‍ പ്രസംഗിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. തന്റെ മുന്‍ഗാമിയായ ജോര്‍ജ് ഡബ്ല്യൂ ബുഷിന്റെ നേരെ എതിരായ സമീപനമാണ് തന്റേതെന്നും അദ്ദേഹം അന്ന് പ്രഖ്യാപിച്ചിരുന്നു.
പക്ഷേ അതെല്ലാം വെറും വാക്കുകള്‍ മാത്രമായിരുന്നുവെന്ന് ആറ് വര്‍ഷത്തെ ഭരണം കൊണ്ട് അദ്ദേഹം തെളിയിച്ചതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, സോമാലിയ, യമന്‍, ലിബിയ, അവസാനമായി സിറിയ എന്നീ രാജ്യങ്ങളില്‍ സൈനിക ആക്രമണത്തിന് ഒബാമ മുന്നോട്ടുവന്നു. അഞ്ച് വര്‍ഷത്തിനിടെ ഭരണത്തിനിടക്ക് പാക്കിസ്ഥാന്‍, യമന്‍, സോമാലിയ എന്നീ രാജ്യങ്ങളിലായി 390 ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് അനുമതി നല്‍കിയത് ഒബാമയാണ്. ജോര്‍ജ് ബുഷിന്റെ ഭരണ കാലത്ത് നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളുടെ എണ്ണത്തേക്കാള്‍ എട്ടിരട്ടി വരും ഇത്.
അഫ്ഗാനിസ്ഥാന്‍
പത്ത് വര്‍ഷത്തെ തുടര്‍ച്ചയായ ഇടപെടലാണ് അമേരിക്ക അഫ്ഗാനില്‍ നടത്തിയത്. ഉസാമ ബിന്‍ലാദന്‍ അഫ്ഗാനില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക അഫ്ഗാനില്‍ ഇടപെട്ടു തുടങ്ങിയത്. ജോര്‍ജ് ബുഷാണ് ഇതിന് തുടക്കം കുറിച്ചതെങ്കിലും പിന്നീട് വന്ന ഒബാമയും ഇതേ പാത സ്വീകരിക്കുകയായിരുന്നു. 2014ല്‍ തങ്ങളുടെ ദൗത്യം പൂര്‍ത്തീകരിക്കുമെന്ന് അമേരിക്ക പറയുന്നു. ഇതിനിടയില്‍ നിരപരാധികളായ പതിനായിരങ്ങള്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമായിരുന്നു. അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായിയെന്ന പാവ സര്‍ക്കാറിനെ ഇതിനിടയില്‍ അമേരിക്ക ഇവിടെ അധികാരത്തിലേറ്റുകയും ചെയ്തു. എന്നാല്‍, തന്റെ ഭരണം അവസാനിക്കുന്ന അവസാന നിമിഷത്തിലെങ്കിലും അമേരിക്കന്‍ ആക്രമണങ്ങളെ എതിര്‍ത്ത് സംസാരിക്കാന്‍ കര്‍സായി രംഗത്തെത്തി. അമേരിക്കയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ അഫ്ഗാനിസ്ഥാനില്‍ യുദ്ധം തുടരുകയാണെന്നായിരുന്നു കര്‍സായിയുടെ പ്രതികരണം.
യമന്‍
അല്‍ ഖാഇദ തീവ്രവാദികളെ തുരത്തുക എന്ന പേരിലാണ് യമനിലേക്ക് അമേരിക്കന്‍ ഇടപെടല്‍ തുടങ്ങുന്നത്. ഇതിന് പെന്റഗണിന്റെയും അമേരിക്കന്‍ ചാര സംഘടനയായ സി ഐ എയുടെയും എരിവ് ചേര്‍ത്ത റിപ്പോര്‍ട്ടുകളുടെ പിന്തുണയുമുണ്ടായിരുന്നു. നൂറുക്കണക്കിന് നിരപരാധികള്‍ ഇവിടെ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. യമനില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളെ കുറിച്ച് കഴിഞ്ഞ വര്‍ഷം മനുഷ്യാവകാശ നിരീക്ഷണ സംഘം 102 പേജുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. അമേരിക്ക നടത്തിയ ആറ് വ്യോമ ആക്രമണങ്ങളില്‍ മാത്രം 82 പേര്‍ കൊല്ലപ്പെട്ടെന്നും ഇവരില്‍ 57 പേരും സാധാരണക്കാരായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2014ല്‍ മാത്രം നടത്തിയ അമേരിക്കന്‍ വ്യോമ ആക്രമണത്തില്‍ 68 പേരും കൊല്ലപ്പെട്ടു.
പാക്കിസ്ഥാന്‍
അല്‍ ഖാഇദ തന്നെയായിരുന്നു അമേരിക്കക്ക് പാക്കിസ്ഥാനിലേക്കുമുള്ള വഴി തുറന്നത്. നൂറുക്കണക്കിന് ഡ്രോണ്‍ ആക്രമണങ്ങളാണ് ഇവിടെ അമേരിക്ക നടത്തിയത്. പലപ്പോഴും നിരപരാധികളായ ആളുകള്‍ കൊല്ലപ്പെട്ടു. പള്ളികളും കല്യാണ വീടുകളും മദ്‌റസകളും വരെ ആക്രമിക്കപ്പെട്ടു. പാക്കിസ്ഥാന്‍ എന്ന രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യുന്ന നടപടിയാണ് അമേരിക്ക നടത്തുന്നതെന്ന് അന്താരാഷ്ട്ര സമൂഹം വരെ ചൂണ്ടിക്കാട്ടി. 2009 മുതല്‍ ഒബാമയുടെ നേതൃത്വത്തില്‍ പാക്കിസ്ഥാനില്‍ 330 വ്യോമ ആക്രമണങ്ങള്‍ അരങ്ങേറി. അതേസമയം നാല് വര്‍ഷത്തെ ആക്രമണത്തിനിടെ ജോര്‍ജ് ബുഷ് ഭരണകൂടം നടത്തിയതാകട്ടെ 51 ആക്രമണങ്ങള്‍.
സോമാലിയ
അല്‍ ശബാബ്, ഇസില്‍ തീവ്രവാദ പേരുകളില്‍ സോമാലിയയിലും ഒബാമ ഭരണകൂടം വ്യോമാക്രമണങ്ങള്‍ നടത്തി. വ്യത്യസ്ത ആക്രമണങ്ങളിലായി അല്‍ശബാബിന്റെ മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടെന്ന് അമേരിക്ക അവകാശപ്പെടുകയും ചെയ്യുന്നു. ഇവിടെയും ആക്രമണത്തിന്റെ യഥാര്‍ഥ ഇരകള്‍ സാധാരണക്കാരാണ്.
ലിബിയ
2011ലാണ് ലിബിയയില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായത്. അന്ന് അമേരിക്കയും ബ്രിട്ടനുമാണ് ലിബിയയില്‍ ഇടപെടുന്ന കാര്യത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. മുഅമ്മര്‍ ഗദ്ദാഫിയുടെ വ്യോമ പ്രതിരോധം തകര്‍ക്കാന്‍ 110 തോമഹൗക് മിസൈലുകളാണ് അമേരിക്ക ലിബിയയില്‍ പ്രയോഗിച്ചത്.
ഇറാഖ്
രണ്ട് തവണ നടത്തിയ അധിനിവേശം മതിയാകാതെ ഈ മാസം 10ന് അമേരിക്ക ഇറാഖില്‍ ആക്രമണം പുനരാരംഭിച്ചു. ഇറാഖില്‍ ആക്രമണം നടത്തുന്ന നാലാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ഒബാമ. ഇറാഖില്‍ ശക്തിപ്രാപിക്കുന്ന ഇസില്‍ തീവ്രവാദത്തിന്റെ പേരിലാണ് അമേരിക്ക ഇവിടേക്ക് കടന്നുകയറ്റം നടത്തുന്നത്. അതേസമയം, അമേരിക്കന്‍ ചാര സംഘടന ഐ എസ് ഐയുടെ ഗൂഢതന്ത്രമാണ് ഇസിലെന്ന പ്രചാരണങ്ങള്‍ കൊഴുക്കുകയാണ്.
സിറിയ
ആറ് വര്‍ഷത്തെ ഭരണത്തിനിടക്ക് ഒബാമ ഇടപെടുന്ന അവസാനത്തെ രാജ്യമാണ് സിറിയ. ഈ മാസം 22നായിരുന്നു സിറിയയില്‍ അമേരിക്ക വ്യോമാക്രമണം ആരംഭിച്ചത്. ഇസില്‍ തന്നെയായിരുന്നു സിറിയയിലേക്കും അമേരിക്കക്ക് വഴി എളുപ്പമാക്കിയത്. ഇറാഖ് സര്‍ക്കാറിന്റെ ആവശ്യപ്രകാരമാണ് ഇറാഖിലും സിറിയയിലും തങ്ങള്‍ വ്യോമ ആക്രമണം നടത്തുന്നതെന്ന് അമേരിക്ക വാദിക്കുന്നുണ്ടെങ്കിലും ഇവരുടെ ഉദ്ദേശ്യ ശുദ്ധിയെ ചെയ്ത് ഇറാന്‍ പോലുള്ള നിരവധി രാജ്യങ്ങള്‍ രംഗത്തുണ്ട്.

Latest