Connect with us

International

സിറിയയില്‍ വീണ്ടും യു എസ് ആക്രമണം

Published

|

Last Updated

ദമസ്‌കസ്: തുടര്‍ച്ചയായി മൂന്നാം ദിവസവും ഇസില്‍ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തി. ഇറാഖിലും സിറിയയിലും ഇസില്‍ സായുധ സംഘം കൈവശം വെച്ചിരിക്കുന്ന എണ്ണ ശുദ്ധീകരണ ശാലകളെ ലക്ഷ്യം വെച്ചായിരുന്നു ഇന്നലത്തെ അമേരിക്കയുടെ ആക്രമണം. സഊദി അറേബ്യ, യു എ ഇ എന്നീ അറബ് രാജ്യങ്ങളും ഇന്നലത്തെ വ്യോമാക്രമണത്തില്‍ പങ്കെടുത്തു. അല്‍ മയാദീന്‍, അല്‍ ഹസാഖ്, അല്‍ബുകമാല്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി അമേരിക്ക വ്യക്തമാക്കി. സംഭവത്തില്‍ ചുരങ്ങിയത് 14 ഇസില്‍ തീവ്രവാദികളെങ്കിലും കൊല്ലപ്പെട്ടു. അഞ്ച് സാധാരണക്കാര്‍ക്ക് വ്യോമാക്രമണത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തു. മൊത്തം 12 എണ്ണ ശുദ്ധീകരണ ശാലകള്‍ക്കെതിരെ 13 വ്യോമാക്രമണം നടന്നതായും ഇസിലിന്റെ വാഹനങ്ങല്‍ ആക്രമണത്തില്‍ നശിച്ചതായും അമേരിക്ക അവകാശപ്പെടുന്നു. ഒരാഴ്ചക്കുള്ളില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യം 200ലധികം ആക്രമണങ്ങള്‍ സിറിയയില്‍ നടത്തി. ശക്തമായ ആക്രമണങ്ങള്‍ വരുന്ന സാഹചര്യത്തില്‍ പല സ്ഥലങ്ങളില്‍ നിന്നും സായുധ സംഘങ്ങള്‍ ഒഴിഞ്ഞുപോകുന്നതായി അമേരിക്ക പറയുന്നു. എണ്ണ ശുദ്ധീകരണ ശാലകളില്‍ നടത്തിയ ആക്രമണങ്ങളുടെ ഫലങ്ങളെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ആക്രമണം വിജയകരമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതെന്നും അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ അവകാശപ്പെടുന്നു. എണ്ണ ശുദ്ധീകരണ ശാലകളിലൂടെ കോടികള്‍ സായുധ സംഘം കവര്‍ന്നെടുത്ത് ആക്രമണത്തിന് മൂര്‍ച്ച കൂട്ടുന്ന രീതിയാണ് ഇസില്‍ അവലംബിക്കുന്നതെന്നും അതിനാലാണ് ഇവ ലക്ഷ്യം വെച്ചതെന്നും അമേരിക്ക ന്യായീകരിക്കുന്നു. അതേസമയം, ഈ എണ്ണശുദ്ധീകരണ ശാലകളില്‍ നിന്നെടുക്കുന്ന എണ്ണയുടെ അളവ് എത്രയാണെന്ന് വ്യക്തമല്ല. ഒരു ലക്ഷത്തിലധികം ബാരല്‍ എണ്ണ ഒരു ദിവസം ഇവിടങ്ങളില്‍ നിന്ന് ഇസില്‍ തീവ്രവാദികള്‍ ഉത്പാദിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
അമേരിക്കയുടെ നേതൃത്വത്തിലുള്ള ഇസില്‍വിരുദ്ധ സഖ്യം വ്യോമാക്രണം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ബ്രിട്ടനും ഇതേ നിലപാടുമായി രംഗത്തെത്തി. ഇസിലിനെതിരെയുള്ള വ്യോമാക്രമണത്തില്‍ എന്തായാലും പങ്ക് ചേരുമെന്ന് ഐക്യരാഷ്ട്ര സഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വ്യക്തമാക്കി. ഇതിനുള്ള അനുമതിക്കായി പാര്‍ലിമെന്റ് ഇന്ന് വീണ്ടും വിളിച്ചുകൂട്ടുമെന്നും കാമറൂണ്‍ പറഞ്ഞു.
ഇതുവരെ ഒന്നര ലക്ഷത്തിലധികം സിറിയക്കാര്‍ തുര്‍ക്കിയിലേക്ക് പാലായനം ചെയ്തിട്ടുണ്ട്.