Connect with us

Editorial

വ്യാജ ഏറ്റുമുട്ടലുകളും കോടതി മാര്‍ഗ രേഖയും

Published

|

Last Updated

സ്വന്തം പൗരന്മാരെ ഭീകരമുദ്ര ചാര്‍ത്തി ഇരുട്ടിന്റെ മറവില്‍ വെടിവെച്ചു കൊല്ലുക; പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് പ്രചരിപ്പിക്കുക. തുടര്‍ന്ന് പോലീസുകാര്‍ക്ക് സ്ഥാനക്കയറ്റവും ക്രെഡിറ്റും. രാജ്യത്ത് നടക്കുന്ന മിക്ക ഏറ്റുമുട്ടല്‍ കൊലകളുടെയും സ്വഭാവമിതാണ്. 2009നും 2013നു മിടയിലുള്ള അഞ്ച് വര്‍ഷത്തിനിടയില്‍ പൊലീസും പ്രതിരോധ വിഭാഗവും അര്‍ധസൈനികരും 555 വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തിയെന്നാണ് ആഭ്യന്തര മന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്ത കണക്കുകള്‍ കാണിക്കുന്നത്. ഇതില്‍ 25 ശതമാനത്തില്‍ മാത്രമാണ് തീര്‍പ്പായത്. നിരവധി കേസുകള്‍ യാതൊരു തീര്‍പ്പുമില്ലാതെ എഴുതിത്തള്ളുകയായിരുന്നു. മണിപ്പൂരിലെ ഏറ്റുമുട്ടലുകള്‍ കേസുകളെക്കുറിച്ചു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ അന്വേഷണത്തിലും ബഹുഭൂരിഭാഗവും വ്യാജമാണെന്നാണ് കണ്ടെത്തിയത്. ഇത്തരം കേസുകളില്‍ ഇരകള്‍ക്ക് നീതി ലഭിക്കുന്നതും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടുന്നതും അപൂര്‍വമാണ്. ഇന്ത്യയിലെ വര്‍ഗീയ സംഘര്‍ഷങ്ങളെയും കൂട്ടക്കൊലകളെയും സംബന്ധിച്ചു പഠിക്കാന്‍ ഐക്യരാഷ്ട്ര സഭ നിയോഗിച്ച പ്രത്യക അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രിസ്റ്റഫ് ഹെയിന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും സമാനമായ നിരീക്ഷണങ്ങളാണുള്ളത്.
ഏറ്റുമുട്ടല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് സുപ്രീം കോടതി ചൊവ്വാഴ്ച പുറപ്പെടുവിച്ച പുതിയ മാര്‍ഗ രേഖയുടെ പ്രസക്തി ഇവിടെയാണ്. പോലീസ് ഏറ്റുമുട്ടലുകള്‍ നടന്നാല്‍ ഉടന്‍ വിവരം ജില്ലാ മജിസ്‌ട്രേറ്റിനെയും ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളെയും അറിയിക്കണമെന്നും ഏറ്റുമുട്ടലില്‍ മരണം സംഭവിച്ചാല്‍ നിര്‍ബന്ധമായും എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. മജിസ്‌ട്രേറ്റിന് കീഴില്‍ സി ഐ ഡിയുടെയോ, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക ഏജന്‍സിയുടെയോ സ്വതന്ത്ര അന്വേഷണം, സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കല്‍, ഏറ്റുമുട്ടലില്‍ പങ്കാളിയായ ഉദ്യോഗസ്ഥര്‍ക്ക് പെട്ടെന്ന് പാരിതോഷികങ്ങളോ മെഡലുകളോ പ്രഖ്യാപിക്കാതിരിക്കുക, മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കല്‍ തുടങ്ങിയവയാണ് മറ്റു നിര്‍ദേശങ്ങള്‍.
സ്ഥാനക്കയറ്റത്തിന് വേണ്ടി പോലീസുദ്യോഗസ്ഥര്‍ ആസൂത്രണം ചെയ്തിരുന്ന ഏറ്റുമുട്ടല്‍ നാടകം പിന്നീട് തീവ്രവാദവിരുദ്ധ നിയമങ്ങള്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തന്നെ സ്‌പോണ്‍സര്‍ ചെയ്ത കഥ ആഭ്യന്തര മന്ത്രാലയത്തിലെ മുന്‍ അണ്ടര്‍ സെക്രട്ടറി ആര്‍ വി എസ് മണി വെളിപ്പെടുത്തിയതാണ്. 2001 ഡിസംബര്‍ 13ന് നടന്ന പാര്‍ലിമെന്റ് ആക്രമണവും, 2008 നവംബര്‍ 26ലെ മുംബൈ ഭീകരാക്രമണവും സര്‍ക്കാര്‍ സംഘടിപ്പിച്ച ഏറ്റുമുട്ടലുകളായിരുന്നുവെന്ന് ഇസ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച സി ബി ഐ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ സതീഷ് വര്‍മ്മയെ ഉദ്ധരിച്ചു മണി വെളിപ്പെടുത്തുകയുണ്ടായി. നരേന്ദ്ര മോദിയുടെ ഭരണ കാലത്ത് ഗുജറാത്ത് സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിനായും ഏറ്റുമുട്ടല്‍ കൊലകള്‍ ആസൂത്രണം ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സ്വയം പ്രതിരോധം ഉറപ്പ് നല്‍കുന്ന 97,103 വകുപ്പുകളും സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ നിയമവും ഇതിനായി ദുരുപയോഗം ചെയ്യുകയാണ്. സംഭവം പുറത്തുവരുമ്പോള്‍ പണം നല്‍കി ഒത്തുതീര്‍പ്പാക്കി ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തുന്നതായി മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ഹെഗ്‌ഡെ സമിതി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നുണ്ട്. യാതൊരു ക്രിമിനല്‍ പശ്ചാത്തലവുമില്ലാത്ത ആളുകളെയാണ് നിയമവിരുദ്ധമായി സൈന്യവും പോലീസും കൊല്ലുന്നതെന്നും ഇത്തരം കേസുകളില്‍ ശരിയായ അന്വേഷണം നടക്കുന്നില്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തികച്ചും ഭരണ കൂട ഭീകരതയാണ് പല പോലീസ് ഏറ്റുമുട്ടലുകളുമെന്ന് ചുരുക്കം.
ജനങ്ങളെയും നിയമത്തെയും കബളിപ്പിച്ചു ഇരകളെ തന്നെ പ്രതികളാക്കുന്ന വ്യാജഏറ്റുമുട്ടലുകള്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥക്ക് കടുത്ത നാണക്കേടാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ ഇന്ത്യന്‍ നീതിന്യായ സംവിധാനം തുടരുന്നതില്‍ എന്തര്‍ഥമെന്ന് സുപ്രീംകോടതിക്ക് ചോദിക്കേണ്ടി വന്നത് ഇതുകൊണ്ടാണ്. ജസ്റ്റിസ് ഹെഗ്‌ഡെ സമിതി റിപ്പോര്‍ട്ട് പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ പരാമര്‍ശം. സുപ്രീം കോടതിയുടെ പുതിയ മാര്‍ഗരേഖകള്‍ നടപ്പാക്കുന്നതോടൊപ്പം കാശ്മീരിലും ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മറ്റും സൈന്യത്തിന് നല്‍കിയ പ്രത്യേക അധികാരങ്ങള്‍ എടുത്തുകളുയുക കൂടി ചെയ്‌തെങ്കിലേ ഈ ഭരണകൂട ഭീകരതക്ക് അറുതി വരുത്താനാവുകയുള്ളു.

---- facebook comment plugin here -----

Latest