മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഏഴ് ഗോള്‍ ജയം

Posted on: September 25, 2014 11:23 pm | Last updated: September 25, 2014 at 11:24 pm
SHARE

manchester cityലണ്ടന്‍: ഷെഫീല്‍ഡ് യുനൈറ്റഡിന്റെ വലയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോളഭിഷേകം. മടക്കമില്ലാത്ത ഏഴ് ഗോളുകളുടെ വന്‍ ജയവുമായി സിറ്റി ലീഗ് കപ്പിന്റെ നാലാം റൗണ്ടിലേക്ക് കുതിച്ചു. ബോള്‍ട്ടന്‍ വാണ്ടറേഴ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ചെല്‍സിയും നാലാം റൗണ്ടിലെത്തി.

ടോട്ടനംഹോസ്പര്‍, ന്യൂകാസില്‍ യുനൈറ്റഡ്, വെസ്‌ബ്രോം, ബ്രൈറ്റണ്‍ ടീമുകളും അടുത്ത റൗണ്ടിലേക്ക് മുന്നേറി.ചെല്‍സിയുടെ മുന്‍ താരം ഫ്രാങ്ക് ലംപാര്‍ഡിന്റെയും എദിന്‍ സെകോയുടെയും ഇരട്ടഗോളുകളാണ് സിറ്റിക്ക് വന്‍ ജയം സമ്മാനിച്ചത്. ജീസസ് നവാസ്, യായ ടുറെ (പെനാല്‍റ്റി), പോസോ എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. ഷെഫീല്‍ഡിന്റെ സയാറ്റെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടു.
ഏഴ് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു എന്നതാണ് രസകരം. നാല്‍പ്പത്തേഴാം മിനുട്ടില്‍ ഫ്രാങ്ക് ലംപാര്‍ഡാണ് തുടക്കമിട്ടത്. ജെയിംസ് മില്‍നറുടെ പാസ് പിടിച്ചെടുത്തായിരുന്നു ലംപാര്‍ഡ് വല തുളച്ചത്. ഫോം മങ്ങിയിട്ടില്ലെന്ന വിളംബരമായിരുന്നു ലംപാര്‍ഡ് നടത്തിയത്. ഞായറാഴ്ച ചെല്‍സിക്കെതിരെ ലംപാര്‍ഡ് സമനില ഗോളോടെ തിളങ്ങിയിരുന്നു. ടോട്ടനം 3-1ന് നോട്ടിംഗ്ഹം ഫോറസ്റ്റിനെയും ന്യൂകാസില്‍ 3-2ന് ക്രിസ്റ്റല്‍പാലസിനെയും വെസ്‌ബ്രോം 3-2ന് ഹള്ളിനെയും തോല്‍പ്പിച്ചു.