മെയ്ക്ക് ഇന്‍ ഇന്ത്യാ ക്യാമ്പയിന് തുടക്കം

Posted on: September 25, 2014 10:26 pm | Last updated: September 25, 2014 at 10:52 pm
SHARE

make in india

ന്യൂഡല്‍ഹി: ഇന്ത്യയെ മികച്ച നിര്‍മാണ രാഷ്ട്രമാക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ ‘മേക് ഇന്‍ ഇന്ത്യ’ (ഇന്ത്യയില്‍ നിര്‍മിക്കൂ)ക്ക് തുടക്കം കുറിച്ചു. ഉയര്‍ന്ന വളര്‍ച്ചയും തൊഴില്‍ സാധ്യതയും നേടാന്‍ കാര്യക്ഷമവും എളുപ്പവുമായ ഭരണം പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തു. മെക് ഇന്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റല്‍ നെറ്റ്‌വര്‍ക് നിര്‍മിക്കുന്നതിനൊപ്പം ഭൗതിക അടിസ്ഥാന സൗകര്യ വികസനത്തിനും കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കും. കാറ് മുതല്‍ സോഫ്റ്റ്‌വെയര്‍ വരെയും ഉപഗ്രഹങ്ങള്‍ തൊട്ട് അന്തര്‍വാഹിനികള്‍ വരെയും കടലാസ് മുതല്‍ ഊര്‍ജം വരെയുമുള്ള ചരക്കുകളുടെ നിര്‍മാണ ഹബ്ബായി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യം. സദ്ഭരണത്തെ സംബന്ധിച്ച് മാത്രമല്ല പറയുന്നത്. മറിച്ച് കാര്യക്ഷമവും സുഗമവുമായ ഭരണത്തെ കുറിച്ചാണ്. മോദി പറഞ്ഞു. സൈറസ് മിസ്ത്രി, മുകേഷ് അംബാനി, അസിം പ്രേംജി, കുമാര്‍ മംഗലം ബിര്‍ള, ചന്ദ കോച്ചാര്‍, വൈ സി ദേവേശ്വര്‍ തുടങ്ങിയ വ്യവസായ ഭീമന്‍മാരുടെ നീണ്ട നിര തന്നെ പരിപാടിയില്‍ സംബന്ധിച്ചു.
ആഭ്യന്തര, വിദേശ കമ്പനികളെ രാജ്യത്ത് നിക്ഷേപിക്കാന്‍ മോദി ക്ഷണിച്ചു. കിഴക്കിനെ ശ്രദ്ധിക്കുക എന്നത് മാത്രമല്ല തന്റെ സര്‍ക്കാര്‍ കേന്ദ്രീകരിക്കുന്നത്, മറിച്ച് പടിഞ്ഞാറിനെ ബന്ധിപ്പിക്കലില്‍ കൂടിയാണ്. ഹൈവേകള്‍ അനിവാര്യമാണ്, അതോടൊപ്പം ഐ വേ (ഇന്‍ഫര്‍മേഷന്‍ വേ)കളും ഡിജിറ്റല്‍ ഇന്ത്യക്ക് ആവശ്യമാണ്. മേക് ഇന്‍ ഇന്ത്യ ഒരു മുദ്രാവാക്യമോ ക്ഷണമോ അല്ല. കഴിഞ്ഞ രണ്ട്, മൂന്ന് വര്‍ഷത്തനിടക്ക് രാജ്യത്ത് നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നാണ് കമ്പനികള്‍ ആലോചിച്ചത്. എന്നാല്‍ മൂന്ന് മാസം കൊണ്ട് തന്നെ എന്‍ ഡി എ സര്‍ക്കാര്‍ ഈ അവസ്ഥക്ക് മാറ്റം വരുത്തി. മോദി പറഞ്ഞു.
മേക്ക് ഇന്‍ ഇന്ത്യ പ്രചാരണം മൃഗരാജന്റെ ചുവടുവെപ്പാണ്. നമ്മുടെ മേല്‍വിലാസത്തെ സംബന്ധിച്ച് ലോകത്തോട് പറയേണ്ടതില്ല. ഓരോ മുക്കിലും മൂലയിലും ഒരു വാസ്‌കോ ഡ ഗാമയുണ്ടാകും. ഉന്നത ജനാധിപത്യ മൂല്യവും ജനസംഖ്യാ ശക്തിയും ഉയര്‍ന്ന ചോദനവും പ്രദാനം ചെയ്യുന്ന ഇന്ത്യയിലേക്കും ഏഷ്യയിലേക്കും വരാന്‍ ലോകം സജ്ജമാണ്. മോദി ചൂണ്ടിക്കാട്ടി.