എന്‍ഡോസള്‍ഫാന്‍ പീഡിതര്‍ക്ക് പരിചരണമൊരുക്കും

Posted on: September 25, 2014 9:47 pm | Last updated: September 25, 2014 at 9:47 pm
SHARE

endoദുബൈ: കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ വിഷ പ്രയോഗത്തിന്റെ ഇരകളായി ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി ആല്‍ഫ പാലിയേറ്റീവ് കെയര്‍ പരിചരണ സംവിധാനമൊരുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹെല്‍പ്പ് മീയുടെയും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെയും സഹകരണത്തോടെയാണ് ആല്‍ഫ ഇതിനായി പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
കാസറകോഡ്, കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവിടങ്ങളില്‍ ഹോംകെയറും ഫിസിയോ തെറാപ്പിയും നല്‍കുന്ന മുഴുവന്‍ സമയ ഡോക്ടറും ഫിസിയോതെറാപ്പിസ്റ്റുമാരും നഴ്‌സുമാരും സന്നദ്ധപ്രവര്‍ത്തകരുമടങ്ങുന്ന ലിങ്ക് സെന്ററുകളും ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കിടത്തി ചികിത്സാ സൗകര്യമുള്ള ഹോസ്പീസും സ്ഥാപിച്ചാണ് ആല്‍ഫ പരിചരണം നല്‍കുക. എന്‍ഡോസള്‍ഫാന്‍ പോലുള്ള പ്രശ്‌നങ്ങളിലും ഭക്ഷ്യ പദാര്‍ഥങ്ങളിലെ അനിയന്ത്രിത വിഷ പ്രയോഗത്തിനെതിരെയും കേരള മനസ്സാക്ഷിയുണര്‍ത്തുന്നതിനും ആരോഗ്യകരമായ ജീവിതത്തിന് മലയാളിക്ക് ദിശാബോധം നല്‍കുന്നതിനുമായി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 14ന് തിരുവനന്തപുരത്തു നിന്ന് റാലി ആരംഭിക്കും. 31ന് കാസറഗോഡ് നടക്കുന്ന റാലിയുടെ സമാപനത്തില്‍ പരിചരണ പ്രവര്‍ത്തന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും.
തിരുവനന്തപുരത്തും മറ്റു ജില്ലകളിലും ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെയും പൊതുജനങ്ങളുടെയും നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ കൂട്ട നടത്തം സംഘടിപ്പിക്കും. നാഷനല്‍ സര്‍വീസ് സ്‌കീം, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, കേരള സി ബി എസ് ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ തുടങ്ങിയ നിരവധി സംഘടനകളുടെ സഹകരണത്തോടെയാണ് കൂട്ടനടത്തം സംഘടിപ്പിക്കുന്നത്.
മണപ്പുറം ഫിനാന്‍സ്, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്, ഹെല്‍പ് മി തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ പരിപാടിയുമായി സഹകരിക്കുന്നുണ്ട്. മുന്നോട്ടുവന്നിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. ആല്‍ഫ പാലിയേറ്റീവ് ചെയര്‍മാന്‍ കെ എം നൂറുദ്ദീന്‍, മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ എ കെ ഫൈസല്‍, ഹെല്‍പ് മി ഡയറക്ടര്‍ രാധാകൃഷ്ണന്‍ ലിയോ, മലബാര്‍ ഗോള്‍ഡ് സി എസ് ആര്‍ മാനേജര്‍ കെ എസ് ഹംസ, ആല്‍ഫ പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ രവി കണ്ണമ്പിള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവരങ്ങള്‍ക്ക്: 050-6465764.

LEAVE A REPLY

Please enter your comment!
Please enter your name here