അന്താരാഷ്ട്ര ഇസ്‌ലാമിക സിമ്പോസിയം ശൈഖ് സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു

Posted on: September 25, 2014 9:45 pm | Last updated: September 25, 2014 at 9:45 pm
SHARE

ഷാര്‍ജ: ഇസ്‌ലാമിക നാഗരികത ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, ആഗോള പരിപ്രേക്ഷ്യത്തില്‍ എന്ന വിഷയത്തില്‍ ഷാര്‍ജ മ്യൂസിയം ഡിപ്പാര്‍ട്‌മെന്റും ഷാര്‍ജ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയും സംഘടിപ്പിച്ച അന്താരാഷ്ട്ര സിമ്പോസിയം സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. അമേരിക്കന്‍ യൂണിവേഴ്‌സിറ്റി കാമ്പസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ വൈജ്ഞാനിക രംഗത്തെ ഉന്നത വ്യക്തിത്വങ്ങള്‍ സംബന്ധിച്ചു.

ഷാര്‍ജയെ 2014ലെ ഇസ്‌ലാമിക സാംസ്‌കാരിക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഭാഗമായാണ് സിമ്പോസിയം സംഘടിപ്പിച്ചത്.
ഇസ്‌ലാമിക നാഗരികതക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ മഹദ്‌വ്യക്തിത്വങ്ങളുടെ നേട്ടങ്ങള്‍ ലോക തലത്തില്‍ പ്രകാശിപ്പിക്കുകയാണ് സിമ്പോസിയത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഷാര്‍ജ മ്യൂസിയംസ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ മനാല്‍ അതായ പറഞ്ഞു. ഈ സംഭാവനകളെക്കുറിച്ച് പുതിയ തലമുറക്ക് അവബോധം സൃഷ്ടിക്കേണ്ടതുണ്ട്.
യുവ അറബ് തലമുറക്ക് വ്യക്തമായ പ്രോത്സാഹനവും ആത്മവിശ്വാസവും ലഭിക്കാന്‍ ഇത്തരം മഹത് മാതൃകകളെ പിന്തുടരണം. ശോഭനമായ നാളെകള്‍ സൃഷ്ടിക്കാന്‍ അവ ഉതകുമെന്നും അവര്‍ പറഞ്ഞു. സിമ്പോസിയം ഇന്ന് സമാപിക്കും.