അടച്ചിട്ട വില്ലകളില്‍ നിന്നു കവര്‍ന്നത് 40 ലക്ഷത്തിന്റെ വസ്തുക്കള്‍

Posted on: September 25, 2014 8:07 pm | Last updated: September 25, 2014 at 8:09 pm
SHARE

robbery-gun-6ദുബൈ: അടച്ചിട്ട വില്ലകളില്‍ നിന്നു നാലംഗ മോഷണ സംഘം കവര്‍ന്നത് 40 ലക്ഷം ദിര്‍ഹം വിലവരുന്ന വസ്തുക്കള്‍. വേനല്‍ അവധി ആഘോഷിക്കാനും മറ്റുമായി താമസക്കാര്‍ അടച്ചിട്ട 20 വില്ലകളില്‍ നിന്നാണ് ഇത്രയും തുകയുടെ ആഭരണം ഉള്‍പ്പെടെയുള്ളവ മോഷ്ടിച്ചതെന്ന് ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് അല്‍ മസിന വെളിപ്പെടുത്തി. മൂന്നു എമിറേറ്റുകളില്‍ നിന്നായാണ് ഒരു സ്ത്രീ ഉള്‍പ്പെടെയുള്ള നാലംഗ സംഘം മോഷണം നടത്തിയത്. മോഷ്ടാക്കളില്‍ രണ്ടു പേര്‍ സഹോദരന്മാരാണ്. വില്ലകളുടെ മതില്‍ക്കെട്ട് ചാടിക്കടന്ന ശേഷം വാതില്‍ തകര്‍ത്തായിരുന്നു മോഷണങ്ങള്‍.
പിടിയിലായ സംഘത്തിലെ ഒരാളുടെ മാതാവ് പോലീസുകാരനെ ആക്രമിച്ച കേസില്‍ പ്രതിയായിരുന്നു. മോഷണ വസ്തു കടത്താന്‍ വീടുകളിലെ കാറുകളും ഇവര്‍ ഉപയോഗിച്ചിരുന്നുവെന്നും പോലീസ് മേധാവി വെളിപ്പെടുത്തി. മോഷണം നടന്ന വീടുകളില്‍ ബഹുഭൂരിപക്ഷവും ആളില്ലാത്ത സമയത്ത് വീടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് ആരംഭിച്ച ഹൗസ് സെക്യൂരിറ്റി സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തവയായിരുന്നുവെന്ന് കുറ്റാന്വേഷണ വിഭാഗം ഉപ മേധാവി മേജര്‍ ഖലീല്‍ അല്‍ മന്‍സൂരിയും വെളിപ്പെടുത്തി.