Connect with us

National

അസം റൈഫിള്‍സിലെ അഴിമതിയുടെ ഒളി ക്യാമറ ദൃശ്യങ്ങള്‍ പുറത്ത്

Published

|

Last Updated

ന്യൂഡല്‍ഹി: അര്‍ധ സൈനിക വിഭാഗമായ അസം റൈഫിള്‍സില്‍ നിര്‍മാണകരാറിന്റെ പേരില്‍ വന്‍ അഴിമതി നടക്കുന്നതിന്റെ തെളിവുമായി തെഹല്‍ക്ക. മുന്‍ സൈനികനും മലയാളിയുമായ കരാറുകാരന്‍ സിസി മാത്യുവില്‍ നിന്നും സൈനിക ഉദ്യോഗസ്ഥര്‍ പണം വാങ്ങുന്ന ദൃശ്യങ്ങളാണ് തെഹല്‍ക്ക പുറത്തുവിട്ടത്. കരാര്‍ തുകയുടെ 30 ശതമാനം വരെ കൈക്കൂലിയായി നല്‍കേണ്ട അവസ്ഥയാണ് ഉള്ളതെന്നും കരാറുകാര്‍ വെളിപ്പെടുത്തി.
ഓപ്പറേഷന്‍ ഹില്‍ടോപ്പ് എന്ന പേരില്‍ തെഹല്‍ക്കയുടെ ഒളിക്യാമറകള്‍ ഏറ്റവും ഒടുവില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അര്‍ധ സൈനിക വിഭാഗമായ അസം റൈഫിള്‍സിലെ അഴിമതി കഥകളുടെ ചുരുളാണ് അഴിക്കുന്നത്.
മണിപ്പൂര്‍ തമാങ്‌ലോങ് ജില്ലയില്‍ 24 ലക്ഷം രൂപയ്ക്ക് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ കരാര്‍ ഉറപ്പിക്കുന്നതിന് കൈക്കൂലി വാങ്ങുന്നതാണ് ഒളിക്യാമറാ ദൃശ്യങ്ങളിലുള്ളത്. മൊത്തം കൈക്കൂലി തുകയുടെ 16 ശതമാനം സിസി മാത്യുവില്‍ നിന്നും ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ വാങ്ങിയിരുന്നു. 18 ശതമാനം തുക വിവിധ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്.
മുന്‍ സൈനികനും മലയാളിയുമായ സിസി മാത്യുവാണ് കരാറുകാരന്‍. റൈഫിള്‍സിലെ മറ്റൊരു ഉദ്യോഗസ്ഥനായ സുബൈദാര്‍ ഗൗതം ചക്രവര്‍ത്തി തനിക്കുള്ള വിഹിതം വാങ്ങുന്നതിനൊപ്പം മേലുദ്യോഗസ്ഥന്‍ ലഫ്. കേണല്‍ കക്കാറിന് കഴിഞ്ഞ കരാറിലുണ്ടായിരുന്ന കരാറിന്റെ ബാക്കി 20000 രൂപയും കരാറുകരില്‍ നിന്ന് ചോദിച്ച് വാങ്ങുന്നു. പിന്നീട് പണം കൈപ്പറ്റിയ വിവരം കേണല്‍ കക്കാറിന് വിളിച്ച് സൈനികനും കരാറുകാരനും അറിയിക്കുന്നു.
പ്രതിവര്‍ഷം ബജറ്റ് വിഹിതമായ 3000 കോടി രൂപ ലഭിക്കുന്ന അസം റൈഫിള്‍സ് തുകയുടെ സിംഹഭാഗവും ചെലവഴിക്കുന്നത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാണ്. അംഗീകൃത കരാറുകാര്‍ക്കാണ് നിര്‍മാണ ചുമതലയേറ്റെടുക്കാന്‍ അവകാശമുള്ളത്.

Latest