2020ല്‍ ദുബൈയിലെ വിദ്യാലയങ്ങളുടെ എണ്ണം 250 ആവും

Posted on: September 25, 2014 5:35 pm | Last updated: September 25, 2014 at 5:35 pm
SHARE

studentsദുബൈ: 2020 ആവുമ്പോഴേക്കും ദുബൈയിലെ വിദ്യാലയങ്ങളുടെ മൊത്തം എണ്ണം 250 ആവുമെന്ന് കെ എച്ച് ഡി എ. 80 വിദ്യാലയങ്ങള്‍ ആറു വര്‍ഷത്തിനകം ദുബൈയില്‍ പുതുതായി നിര്‍മിക്കപ്പെടുന്നതോടെയാണ് എണ്ണം 250ന് അരുകില്‍ എത്തുക.
നിലവില്‍ 169 വിദ്യാലയങ്ങളാണ് ദുബൈയില്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യാലയങ്ങളുടെ എണ്ണം 250ലേക്ക് എത്തുന്നതോടെ വിദ്യാര്‍ഥികളുടെ എണ്ണവും നിലവിലെ 2.43 ലക്ഷത്തില്‍ നിന്നു നാലു ലക്ഷമായി വര്‍ധിക്കും. ഈ അധ്യയന വര്‍ഷം ദുബൈയില്‍ 11 പുതിയ വിദ്യാലയങ്ങളാണ് പ്രവര്‍ത്തനം തുടങ്ങിയതെന്ന് കെ എച്ച് ഡി എക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദുബൈ പ്രൈവറ്റ് എജ്യുക്കേഷന്‍ റെഗുലേറ്റര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല അല്‍ കറം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പുതിയ വിദ്യാലയങ്ങള്‍പൂര്‍ത്തിയാവുന്നതോടെ എമിറേറ്റിലെ കുട്ടികളുടെ പഠനസൗകര്യത്തിനുള്ള ബുദ്ധിമുട്ടുകള്‍ പൂര്‍ണമായും ഇല്ലാതാവുമെന്നാണ് കരുതുന്നത്. ദുബൈ നഗരത്തിന്റെ പുത്തന്‍ മേഖലകളിലാവും വിദ്യാലയങ്ങള്‍ ഉയരുകയെന്നത് ഈ ഭാഗങ്ങളിലുള്ളവരുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്കും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്ക് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവും.
ദുബൈക്ക് 2020 വേള്‍ഡ് എക്‌സ്‌പോക്ക് ആതിഥ്യം അരുളാന്‍ അവസരം ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ നഗരത്തിലേക്ക് എത്തും. ഇവര്‍ക്കൊപ്പം മികച്ച സാങ്കേതിക വിദഗ്ധരും ഉയര്‍ന്ന പ്രൊഫഷണലുകളും ഉണ്ടാവും. ഇത്തരം ആളുകള്‍ക്ക് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉതകുന്ന മികച്ച വിദ്യാഭ്യാസ സംവിധാനങ്ങള്‍ കൂടുതലായി സൃഷ്ടിക്കാനാണ് ദുബൈ പദ്ധതി തയ്യാറാക്കി നടപ്പാക്കുന്നത്. ദുബൈയിലെ വിദ്യാലയങ്ങള്‍ പൊതുവില്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയും ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവയുമാണ്. ഇത് കൂടുതല്‍ കുടുംബങ്ങളെ ദുബൈയില്‍ തങ്ങാനും മികച്ച വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കാനും പ്രേരിപ്പിക്കും. 2007 മുതല്‍ ഇതുവരെ 21 വിദ്യാലയങ്ങളാണ് പുതുതായി തുറന്നത്. അവയില്‍ 15ഉം കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്ക് ഇടയിലായിരുന്നുവെന്നത് എമിറേറ്റിലെ വര്‍ധിച്ചു വരുന്ന വിദ്യാലയങ്ങളുടെ ആവശ്യമാണ് കാണിക്കുന്നത്.
ദുബൈയില്‍ ഇന്റര്‍നാഷനല്‍ സ്‌കൂളുകള്‍ വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 60 ഇന്റര്‍നാഷനല്‍ സ്‌കൂളുകളാണ് ദുബൈയില്‍ ആരംഭിച്ചത്. ഇവയുടെ വളര്‍ച്ച 73 ശമാതമാനം ആവുമ്പോള്‍ മറ്റ് വിദ്യാലയങ്ങളുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വളര്‍ച്ച 34 ശതമാനം മാത്രമാണ്. ഇന്റര്‍നാഷനല്‍ സ്‌കൂളുകള്‍ ഇംഗ്ലീഷ്, യു എസ്്, ഫ്രഞ്ച് പാഠ്യപദ്ധതികളാണ് പിന്തുടരുന്നത്. മികച്ച ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിനാല്‍ ഇന്റര്‍നാഷനല്‍ സ്‌കൂളുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കെ എച്ച് ഡി എ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.