Connect with us

Gulf

ദുബൈയില്‍ എട്ടു വര്‍ഷത്തിനിടയില്‍ 7,300 കോടിയുടെ പൊതു ഗതാഗത വികസനം

Published

|

Last Updated

ദുബൈ: ദുബൈയില്‍ ഗതാഗത മേഖലയില്‍ അടിസ്ഥാന സൗകര്യവികസനത്തിന് 2005 മുതല്‍ 7,300 കോടി ദിര്‍ഹം ചെലവു ചെയ്തതായി ആര്‍ ടി എ ചെയര്‍മാന്‍ മതര്‍ അല്‍ തായര്‍ അറിയിച്ചു. ബര്‍ലിനില്‍ റെയില്‍ ലീഡേഴ്‌സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ദീര്‍ഘ വീക്ഷണത്തിന്റെ ഫലമാണിത്. ജനങ്ങള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തുകയാണ് ശൈഖ് മുഹമ്മദിന്റെ അത്യന്തിക ലക്ഷ്യം.
75 കിലോമീറ്റര്‍ നീളത്തില്‍ ദുബൈ മെട്രോ റെയില്‍ പണിതതാണ് വലിയ നേട്ടങ്ങളിലൊന്ന്. 47 സ്റ്റേഷനുകളാണ് ഇവിടെയുള്ളത്. 2005ല്‍ 8715 കിലോമീറ്റര്‍ റോഡാണ് ദുബൈക്കുണ്ടായിരുന്നത്. ഇത് 2013ല്‍ 12,545 കിലോമീറ്ററായി. നിരവധി ആധുനിക ബസുകള്‍ വാങ്ങി. 2005ല്‍ 11.2 കോടി യാത്രകളാണ് നടന്നത്. 2013ല്‍ 44.6 കോടിയായി വളര്‍ന്നു.
ഈ വര്‍ഷം നവംബര്‍ 11ന് ദുബൈ ട്രാം പദ്ധതി യാഥാര്‍ഥ്യമാകുന്നു. ഭൂഗര്‍ഭത്തില്‍ ഇലക്ട്രിക് കേബിളുകള്‍ സ്ഥാപിച്ചുള്ള ട്രാം പദ്ധതി യൂറോപ്പിന് പുറത്ത് ആദ്യമാണ്. 27,000 പേര്‍ പ്രതിദിനം ഇതില്‍ യാത്ര ചെയ്യുമെന്നും അല്‍ തായര്‍ അറിയിച്ചു.