നിലമ്പൂര്‍ രാധ വധക്കേസ്: രണ്ടാം പ്രതിയുടെ ഭാര്യ കൂറുമാറി

Posted on: September 25, 2014 10:38 am | Last updated: September 25, 2014 at 10:38 am
SHARE

RADHAമഞ്ചേരി: നിലമ്പൂര്‍ രാധാ വധക്കേസിലെ വിസ്താരത്തിനിടെ രണ്ടാം പ്രതി ശംസുദ്ദീന്റെ ഭാര്യ കല്ലക്കുന്നന്‍ ജസ്‌ല കൂറുമാറി.
മഞ്ചേരി അഡീഷണല്‍ സെഷന്‍ കോടതിയിലെ വിസ്താരത്തിനിടെയാണ് നൂറാം സാക്ഷിയായ ജസ്‌ല മൊഴി മാറ്റിയത്. രാധയെ കാണാതായ ദിവസം ശംസുദ്ദീന്‍ കറുത്ത പാന്റസ് ധരിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിയെന്നും രാത്രി വൈകിയാണ് വീട്ടില്‍ എത്തിയതതെന്നും ജസ്‌ല അന്വേഷണ ഉദ്യോസ്ഥന് മൊഴി നല്‍കിയിരുന്നു. ഈ പാന്റ്‌സ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോള്‍ എടുത്തുനല്‍കുകയും ഇതുസംബന്ധിച്ച രേഖയില്‍ ഒപ്പു വെക്കുകയും ചെയ്തു. ഇക്കാര്യമാണ് ജസ്‌ല കോടതിയില്‍ നിഷേധിച്ചത്. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടര്‍ ജസ്‌ല ഒപ്പിട്ട രേഖ കോടതിയില്‍ സമര്‍പ്പിച്ചു. ആവശ്യം കോടതി ശരിവെച്ചു. ശംസുദ്ദീന്റെ മാതാവ് ആഇശയേയും വിസ്തരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് റേഷന്‍കാര്‍ഡ് പരിശോധിച്ചെന്ന് ആഇശ മൊഴി നല്‍കി.
രാധക്ക് മേല്‍വരിയിലേയും താഴെവരിയിലേയും മൂന്ന് വീതം കൃത്രിമ പല്ലുകള്‍ വെച്ചുനല്‍കിയ നിലമ്പൂര്‍ ആശുപ്രതി റോഡിലെ ദന്താശുപത്രിയുടെ ഉടമ ഡോ. വിജയനെയും വിസ്തരിച്ചു. കോടതിയില്‍ ഹാജരാക്കിയ പല്ലുകള്‍ താന്‍ രാധക്ക് വെച്ച് കൊടുത്തത് തന്നെയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ശംസുദ്ദീനെയും കൂട്ടി തൊണ്ടിവളവില്‍ റോഡിനടുത്തുളള പൊന്തക്കാട്ടില്‍ നിന്ന് കാപ്പിനിറത്തില്‍ പുളളികളുളള രാധയുടെ കുട പോലീസ് കണ്ടെടുക്കുന്നത് കണ്ടതായി സാക്ഷിയായ ശൗക്കത്ത് മൊഴിനല്‍കി. കോടതിയില്‍ ഹാജരാക്കിയ കുട ഇയാള്‍ തിരിച്ചറിഞ്ഞ രാധയെ മുഖത്തൊട്ടിച്ച പ്ലാസ്റ്ററിന്റെ അവശിഷ്ടം ഒന്നാംപ്രതി ബിജു ഉളളാടിലെ റോഡരികിലുളള കുറ്റിക്കാട്ടില്‍ നിന്ന് പോലീസിന് എടുത്തു നല്‍കുന്നത് കണ്ടതായി കരുമത്തില്‍ മോഹന്‍ദാസ് മൊഴി നല്‍കി.