Connect with us

Malappuram

സ്‌കൂള്‍ വിദ്യാര്‍ഥികളെ വലയിലാക്കാന്‍ കഞ്ചാവ് ലോബി

Published

|

Last Updated

കാളികാവ്: മലയോര പ്രദേശത്തെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പനയും ഉപയോഗവും വര്‍ധിച്ചു. കഴിഞ്ഞ ദിവസം ഉദരംപൊയിലില്‍ കല്ലാമൂല സ്വദേശിയായ കഞ്ചാവ് വില്‍പനക്കാരനെ പിടികൂടിയ സംഭവം ഇത് വ്യക്തമാക്കുന്നതാണ്.
പത്താംക്ലാസും അതിന് തൊട്ട് മുകളിലും പഠിക്കുന്ന നിരവധി വിദ്യാര്‍ഥികള്‍ ഇയാള്‍ വഴി കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നാണ് രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. കുട്ടികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ചിലരാണ് ഏതാനും ദിവസത്തെ നിരീക്ഷണത്തിന് ശേഷം കഞ്ചാവ് ഉപയോഗം കൈയോടെ പിടികൂടിയത്. പിടികൂടിയവരെ വീട്ടുകാരും ബന്ധുക്കളും ചോദ്യം ചെയ്തതോടെയാണ് സംഘത്തെക്കുറിച്ച് വിവരം കിട്ടിയത്.
ഫോണ്‍വിളിച്ച് തന്ത്രപൂര്‍വ്വം കഞ്ചാവ് എത്തിക്കുന്നയാളെ ഉദരംപൊയിലില്‍ എത്തിച്ചെങ്കിലും രണ്ട് ബീഡിക്കുള്ള കഞ്ചാവ് മാത്രമാണ് പിടികൂടാനായത്. ഇയാളെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പിച്ചെങ്കിലും കേസെടുക്കാനുള്ളത്രയും അളവ് കൈവശം ഇല്ലാതിരുന്നതിനാല്‍ വിട്ടയക്കുകയായിരുന്നു. സ്‌കൂള്‍ പരിസരങ്ങളില്‍ കറങ്ങി നടക്കുന്ന ഇത്തരക്കാരെക്കുറിച്ച് നാട്ടുകാര്‍ക്ക് മുമ്പേ സംശയങ്ങളുണ്ടായിരുന്നു. സമീപ പ്രദേശങ്ങളായ ചോക്കാട്, പൂക്കോട്ടുംപാടം, കാളികാവ് പ്രദേശങ്ങളില്‍ കഞ്ചാവ് വില്‍പന നടത്തുന്നവരും ഉപയോഗിക്കുന്നവരും വര്‍ധിച്ച് വരുന്നതായി നേരത്തെതന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഉദരംപൊയില്‍ പ്രദേശത്ത് ഇത്തരം ഒരു സംഭവം ഇതാദ്യമായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുല്ലങ്കോട് സ്രാമ്പിക്കല്ല് കഞ്ചാവ് മൊത്തം വില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണികള്‍ ഇപ്പോഴും സജ്ജീവമാണ്. സ്ത്രീകള്‍ വരെ ഈ വില്‍പന സംഘത്തിലുള്ളതായി പറയപ്പെടുന്നു. ഇതിനൊപ്പം അന്യ സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമാക്കി പലയിടത്തും കഞ്ചാവിനൊപ്പം കറങ്ങി നടന്നുള്ള മൊബൈല്‍ പാന്‍മസാല വില്‍പനയും നടക്കുന്നുണ്ട്. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് പുറമെ ഇത്തരം വസ്തുക്കളുടെ ഉപയോഗത്തിന്റെ ഇരകളാവുന്നത് പ്രധാനമായും കുട്ടികളാണ്. യു പി തലം മുതല്‍ മുകളിലേക്കുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഈ കെണിയില്‍ കുടുങ്ങുന്നത്.