Connect with us

Kozhikode

കടകളില്‍ അനധികൃതമായി സൂക്ഷിച്ച റേഷനരി പിടികൂടി

Published

|

Last Updated

കോഴിക്കോട്: സ്വകാര്യവ്യക്തിയുടെ കടകളില്‍ അനധികൃതമായി സൂക്ഷിച്ച നൂറോളം ചാക്ക് റേഷനരി പിടിച്ചെടുത്തു. ഹല്‍വ ബസാറില്‍ എസ് കെ ഗോവിന്ദന്‍ എന്റര്‍പ്രൈസസില്‍ നിന്നാണ് ടൗണ്‍ പോലീസ് അരി പിടിച്ചെടുത്തത്. 130 ചാക്ക് റേഷനരി രണ്ട് കടകളിലായിട്ടാണ് സൂക്ഷിച്ചിരുന്നത്. ഇവയില്‍ 38 ചാക്ക് അരി ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സീല്‍ പതിച്ചതായിരുന്നു. ബാക്കിയുള്ള അരി മുഴുവന്‍ ചാക്കുകള്‍ മാറ്റി നിറച്ചതായിരുന്നു. ഇവ വില്‍പ്പനക്കായി എത്തിച്ചതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനക്ക് ശേഷം അരി റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി. ജില്ലാ കലക്ടര്‍ക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയതായി പോലീസ് അറിയിച്ചു.
ടൗണ്‍ പ്രിന്‍സിപ്പല്‍ എസ് ഐ. എം ഉണ്ണികുമാരന്‍, അഡീഷണല്‍ എസ് ഐമാരായ ശിവദാസന്‍, സതീശ്ബാബു, വിനയന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബാബു, ഉണ്ണി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.