Connect with us

Sports

ഏഷ്യന്‍ ഗെയിംസില്‍ ചൈനയുടെ വിജയക്കുതിപ്പ്‌

Published

|

Last Updated

ഇഞ്ചോണ്‍: ഏഷ്യന്‍ കായികബഹിരാകാശത്തേക്ക് വീണ്ടും ചൈനയുടെ വിജയപേടകം എതിരില്ലാതെ കുതിക്കുന്നു. ഇഞ്ചോണില്‍ നടക്കുന്ന പതിനേഴാമത് ഏഷ്യാഡിന്റെ ചാമ്പ്യന്‍പട്ടം നിര്‍ണയിക്കുന്ന “ഭ്രമണപഥത്തില്‍” ചൈന ഏറെക്കുറെ എത്തിക്കഴിഞ്ഞു. അഞ്ച് ദിനം പിന്നിട്ട ഗെയിംസില്‍ 59 സ്വര്‍ണവും 32 വെള്ളിയും 27 വെങ്കലവും ഉള്‍പ്പടെ 118 മെഡലുകളുമായി ബഹുദൂരം മുന്നിലാണ് ചൈന. രണ്ടാം സ്ഥാനത്തുള്ള ആതിഥേയരായ ദക്ഷിണകൊറിയക്ക് 26 സ്വര്‍ണമുള്‍പ്പടെ 59 മെഡലുകള്‍ മാത്രം. മൂന്നാമതുള്ള ജപ്പാന്‍ 76 മെഡലുകളോടെ കരുത്തറിയിക്കുന്നെങ്കിലും വിജയിയെ പ്രഖ്യാപിക്കുന്ന സ്വര്‍ണനേട്ടത്തില്‍ ജപ്പാന്‍ പിറകിലാണ്, ആകെ ഇരുപത് സ്വര്‍ണം. ആറ് സ്വര്‍ണവുമായി നാലാംസ്ഥാനത്തുള്ള കസാഖിസ്ഥാന്‍ മുതല്‍ക്കുള്ള ഏഷ്യാഡ് രാഷ്ട്രങ്ങളുടെ ബഹിരാകാശ കാഴ്ചയില്‍ നിന്നെല്ലാം ചൈന മറഞ്ഞു കഴിഞ്ഞു ! അത്യുന്നതങ്ങളില്‍ …
നാലു വര്‍ഷം മുമ്പ് ഗ്വാംഗ്ഷുവില്‍ സ്വന്തമാക്കിയ 199 മെഡലുകള്‍ എന്ന ചരിത്ര നേട്ടത്തിനൊപ്പം നില്‍ക്കുന്ന പ്രകടനം തന്നെയാണ് ഇക്കുറിയും ചൈനക്കാര്‍ പുറത്തെടുക്കുന്നത്.
1982 മുതല്‍ ഏഷ്യന്‍ ഗെയിംസില്‍ ചൈനയുടെ കുതിപ്പിനും വെട്ടിപ്പിടിക്കലിനും എതിരില്ല. അരങ്ങേറിയ 1974ലെ ഗെയിംസില്‍ മൂന്നാം സ്ഥാനം നേടിയാണ് അവര്‍ വരവറിയിച്ചത്. 1978ല്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ പോലും ജപ്പാനുള്‍പ്പടെയുള്ളവര്‍ ചൈന വന്‍ ശക്തിയായി മാറുമെന്ന് പ്രതീക്ഷിച്ചതല്ല. ഏഷ്യാഡ് ചരിത്രം തന്നെ അവര്‍ മാറ്റിയെഴുതുകയാണ് പിന്നീടുണ്ടായത്.
ബാഡ്മിന്റണില്‍ ഒമ്പതാം തവണയും വനിതാ വിഭാഗം ടീം സ്വര്‍ണം ചൈന കരസ്ഥമാക്കി. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ഈയിനത്തില്‍ ചൈന സ്വര്‍ണമണിയുന്നത്. ഫൈനലില്‍ ദക്ഷിണ കൊറിയയെ 3-0നാണ് ചൈന തകര്‍ത്തത്.
എല്ലായിനത്തിലും ഇതുവരെ ചൈനീസ് ആധിപത്യം പ്രകടമാണ്. ഷൂട്ടിംഗില്‍ വിധി നിര്‍ണയിക്കപ്പെട്ട 16 സ്വര്‍ണമെ!ഡലുകളില്‍ പത്തും ചൈനക്ക് സ്വന്തം. ഷൂട്ടിംഗ് റേഞ്ചില്‍ എല്ലായിനത്തിലും മെഡല്‍ സാന്നിധ്യമുറപ്പിച്ചത് ഈയിനത്തില്‍ അവരുടെ ഭാവി ശോഭനമാണെന്ന് തന്നെയാണ്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഒളിമ്പിക് ജേതാവ് അഭിനവ് ബിന്ദ്ര ചൈനീസ് ഷൂട്ടര്‍മാരുടെ പ്രൊഫഷണലിസത്തെ കുറിച്ച് വ്യക്തമായി പറഞ്ഞിരുന്നു. ആഴ്ചയില്‍ അമ്പതിലേറെ മണിക്കൂര്‍ ഷൂട്ടിംഗ് റേഞ്ചില്‍ ചെലവഴിക്കുന്ന ചൈനക്ക് മുന്നില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ മറ്റ് രാഷ്ട്രങ്ങള്‍ക്ക് കഠിനാധ്വാനം ചെയ്യേണ്ടതായിട്ടുണ്ടെന്നാണ്.നീന്തലില്‍, 11 സ്വര്‍ണമെഡലുകളാണ് ചൈന സ്വന്തമാക്കിയത്. നീന്തല്‍ക്കുളത്തില്‍ ഏഴ് സ്വര്‍ണമടക്കം 24 മെഡലുകള്‍ ജപ്പാന്‍ സ്വന്തമാക്കിയപ്പോള്‍ ചൈനയുടെ 22 മെഡലുകളില്‍ സ്വര്‍ണം പത്തിലേറെ. ഭാരോദ്വഹനത്തില്‍ ചൊവ്വാഴ്ച പുതിയ രണ്ട് ലോകറെക്കോഡുകള്‍ പിറന്നു. ചൈനീസ് തായ്‌പേയിയുടെ ലിന്‍ സു ചിയാണ് രണ്ടിനും അവകാശിയായത്.
വനിതകളുടെ 63 കിലോ വിഭാഗത്തില്‍ 261 കിലോ ഉയര്‍ത്തി പുതിയ ലോകറെക്കോഡ് സ്ഥാപിച്ച ലിന്‍, ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും 145 കിലോയോടെ പുതിയ ലോകറെക്കോഡിനുടമയായി.

---- facebook comment plugin here -----

Latest