Connect with us

International

പാക്കിസ്ഥാനില്‍ യു എസ് വ്യോമാക്രമണം: അഞ്ച് പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ യു എസ് വ്യോമാക്രമണത്തില്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന അഞ്ച് പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലാണ് സംഭവം.
എട്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. വടക്കന്‍ വസീറിസ്ഥാനിലെ ഡാറ്റ ഖെല്‍ ജില്ലയില്‍ വ്യോമാക്രമണത്തില്‍ ആറ് തദ്ദേശീയരും രണ്ട് വിദേശികളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മേഖലയില്‍ ശക്തമായ പത്രപ്രവര്‍ത്തന നിയന്ത്രണമുള്ളതിനാല്‍ മരണ സംഖ്യ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ജൂണ്‍ മുതല്‍ ഇവിടെ താലിബാന്‍വിരുദ്ധ സൈനിക നടപടി നടന്നുകൊണ്ടിരിക്കുകയാണ്. വടക്കന്‍ വസീറിസ്ഥാനിലെ താലിബാന്‍ ശക്തികേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ യു എസ് ദീര്‍ഘകാലമായി പാക്കിസ്ഥാന് മേല്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ബോംബ് നിര്‍മിക്കുന്നതിനും തട്ടിക്കൊണ്ടുപോകുന്നതിനും നാറ്റോ, അഫ്ഗാന്‍ സൈന്യത്തിന് നേരെ ആക്രമണ പദ്ധതി ആവിഷ്‌കരിക്കുന്നതും ഈ മേഖലയില്‍ വെച്ചാണെന്നാണ് യു എസ് ആരോപിക്കുന്നത്. സീനിയര്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ നൂറുകണക്കിന് തീവ്രവാദികളെ ഓപറേഷനിലൂടെ കൊലപ്പെടുത്തിയതായി പാക് സൈന്യം അവകാശപ്പെടുന്നുണ്ട്. കൊല്ലപ്പെട്ടവരുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. താലിബാനുമായി സമാധാന ചര്‍ച്ചയുടെ ഭാഗമായി പാക്കിസ്ഥാന്‍ സമ്മര്‍ദമനുസരിച്ച ഈ വര്‍ഷത്തെ ആദ്യ ആറ് മാസത്തില്‍ യു എസ് ഡ്രോണ്‍ ആക്രമണം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് യു എസ് ആക്രമണം വീണ്ടും ആരംഭിക്കുകയായിരുന്നു.

Latest