ഭര്‍ത്തൃവീട്ടില്‍ യുവതി മരിച്ച കേസ്: അന്വേഷണം ഇഴയുന്നതായി ബന്ധുക്കള്‍

Posted on: September 25, 2014 12:01 am | Last updated: September 25, 2014 at 12:01 am
SHARE

മലപ്പുറം: പാലക്കാട് വെങ്ങാടില്‍ യുവതി ഭര്‍തൃവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യുവതിയുടെ ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തിരുവേഗപ്പുറ പൈലിപ്പുറം പുളിക്കപ്പണ്ടാറത്ത് രാജന്റെ മകള്‍ സജിനി(21) ആണ് മരിച്ചത്.—ബന്ധുക്കള്‍ പറയുന്നതിങ്ങനെ; സെപ്തംബര്‍ 9ന് പുലര്‍ച്ചെ സജിനിയെ ശരീരമാസകലം പൊള്ളലേറ്റ് പെരിന്തല്‍മണ്ണ സ്വകാര്യമെഡിക്കല്‍ കോളജിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. അന്നേദിവസം വൈകിട്ട് ഏഴോടെ സജിനി മരണപ്പെട്ടു. തലചുറ്റലുണ്ടായത് മൂലം ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നെന്നാണ് ഭര്‍തൃവീട്ടുകാര്‍ അറിയിച്ചത്. ചായ ഉണ്ടാക്കുന്നതിനിടെ അടുപ്പില്‍ നിന്ന് തീപടര്‍ന്നാണ് പൊള്ളലേറ്റതെന്ന് പിന്നീട് പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല. യുവതി മരണപ്പെട്ടതറിഞ്ഞതോടെ ഇവര്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു.
എട്ടുമാസം മുമ്പായിരുന്നു വെങ്ങാട് വെളിയംമണ്ണില്‍ ഗോപാലന്റെ മകന്‍ അനൂപുമായുള്ള സജിനിയുടെ പ്രണയ വിവാഹം. ഭര്‍ത്താവിന് സജിനിയെ അനാവശ്യ സംശയമായിരുന്നു. ഇതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നിന്ന് നിരന്തരം മാനസിക പീഢനങ്ങള്‍ക്കും ഒറ്റപ്പെടുത്തലിനും ഇരയായിട്ടുണ്ട്. ബന്ധുക്കളുമായി മൊബൈലില്‍ സംസാരിക്കാന്‍ പോലും സമ്മതിച്ചിരുന്നില്ല. മരണപ്പെടുന്നതിന്റെ തലേദിവസവും ഭര്‍തൃവീട്ടുകാര്‍ തന്നെ മാനസികമായി പീഢിപ്പിച്ചതായി ആശുപത്രിയില്‍ വെച്ചു സജിനി പറഞ്ഞിരുന്നു. യുവതി മരണപ്പെട്ടതോടെ തെളിവുകള്‍ നശിപ്പിക്കാനും ശ്രമമുണ്ടായി. സജിനിയുടെ മരണത്തിന് കാരണക്കാരായ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കാന്‍ പോലും കുളത്തൂര്‍ പോലീസ് തയ്യാറാവുന്നില്ല.
കേസെടുക്കാന്‍ കഴിയില്ലെന്നാണ് ആദ്യം അറിയിച്ചത്. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഭര്‍തൃവീട്ടുകാരെ അറസ്റ്റ് ചെയ്തത്. ഇവര്‍ റിമാന്റിലാണ്. അന്വേഷണം യഥാവിധി നടത്തിയില്ലെങ്കില്‍ കുറ്റക്കാര്‍ രക്ഷപ്പെടുമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പത്രസമ്മേളനത്തില്‍ സജിനിയുടെ പിതാവ് രാജന്‍, സഹോദരന്‍ ഗോപി, ബന്ധുക്കളായ മണികണ്ഠന്‍, സന്തോഷ്, പൊതുപ്രവര്‍ത്തകരായ വാസുദേവന്‍, പി ടി കുഞ്ഞലവി എന്നിവര്‍ പങ്കെടുത്തു.—