Connect with us

International

ഇസില്‍ വിരുദ്ധ യുദ്ധം വര്‍ഷങ്ങളോളം നീളുമെന്ന് പെന്റഗണ്‍

Published

|

Last Updated

iraqueവാഷിംഗ്ടണ്‍: ഇസിലിനെതിരെയുള്ള പോരാട്ടമെന്ന പേരില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന യുദ്ധം സിറിയക്ക് പുറമെ തുര്‍ക്കി അതിര്‍ത്തിയിലേക്കും പ്രവേശിക്കുന്നു. സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദ് ഇസില്‍ തീവ്രവാദി സംഘത്തെ തുടച്ചു നീക്കുന്നതില്‍ പരാജയപ്പെട്ടെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് അമേരിക്ക സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയിരുന്നത്. ഇതിന് തൊട്ടുപുറകെ, യുദ്ധത്തിന് തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ വിട്ടുതരില്ലെന്ന കര്‍ക്കശ നിലപാട് വ്യക്തമാക്കിയ തുര്‍ക്കിയുടെ അതിര്‍ത്തിയിലും കഴിഞ്ഞ ദിവസം അമേരിക്ക ആക്രമണം നടത്തി. സിറിയയോട് വളരെ ചേര്‍ന്നു കിടക്കുന്ന അതിര്‍ത്തി പ്രദേശങ്ങളിലാണ് ഇന്നലെ അമേരിക്ക വ്യോമാക്രമണം നടത്തിയത്. ഇറാഖിലും സിറിയയിലും വ്യാപകമാകുന്ന സായുധ സംഘത്തിനെതിരെ തങ്ങളുടെ വ്യോമാക്രമണം ഇനിയും ശക്തിപ്പെടുത്തുമെന്ന് അമേരിക്ക ആവര്‍ത്തിക്കുന്നുമുണ്ട്. അതേസമയം, തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ വ്യോമാക്രമണത്തിന് വേണ്ടി വിട്ടുനല്‍കിയിട്ടില്ലെന്ന് തുര്‍ക്കി വ്യക്തമാക്കി.

ഇറാനെ കൂടാതെ ഇസ്‌റാഈലിനെതിരെ മധ്യപൗരസ്ത്യ ദേശത്ത് ശക്തമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന രണ്ട് രാജ്യങ്ങളാണ് സിറിയയും തുര്‍ക്കിയും. ഇസ്‌റാഈലിനെതിരെ നീങ്ങുന്ന വിഷയത്തില്‍ നേരിട്ട് അമേരിക്കക്ക് ഇടപെടാന്‍ പ്രയാസമുള്ളതിനാല്‍ ഇസില്‍ തീവ്രവാദം ഒരു മറയാക്കുകയാണ് അമേരിക്ക എന്ന് വ്യാപകമായ സംശയം ഉയരുന്നുണ്ട്. ഇപ്പോഴത്തെ പോരാട്ടം ഇസിലിനെ ശിഥിലമാക്കിയിട്ടുണ്ടെന്നും അതേസമയം, ഇവര്‍ക്കെതിരെയുള്ള പോരാട്ടം വര്‍ഷങ്ങളോളം നീളുമെന്ന് കഴിഞ്ഞ ദിവസം പെന്റഗണ്‍ ചൂണ്ടിക്കാട്ടിയതും സംശയത്തിന്റെ മുന അമേരിക്കക്ക് നേരെ തിരിക്കുന്നതാണ്. ഇസിലിനെതിരെ ശക്തമായ മുന്നേറ്റമാണ് തങ്ങള്‍ നടത്തുന്നതെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും ഇവരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ ഇപ്പോഴും മോചിപ്പിക്കാനായിട്ടില്ല. അതേസമയം, പല നഗരങ്ങളും ഇവര്‍ കൂടുതല്‍ പിടിച്ചടക്കിക്കൊണ്ടിരിക്കുകയുമാണ്. ഇസില്‍ അമേരിക്കന്‍ ചാര സംഘടനയായ സി ഐ എയുടെ സൃഷ്ടിയാണെന്ന വാദങ്ങള്‍ക്ക് ഇത് കൂടുതല്‍ ശക്തിനല്‍കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിലവില്‍ ഇസിലിനെതിരെ ഇറാഖിലും സിറിയയിലും തുര്‍ക്കിയോട് ചേര്‍ന്ന പ്രദേശങ്ങളിലും നടത്തുന്ന വ്യോമാക്രമണങ്ങളില്‍ ഖത്തര്‍, യു എ ഇ, സഊദി അറേബ്യ, ബഹ്‌റൈന്‍ തുടങ്ങിയ അറബ് രാജ്യങ്ങളുടെയും പിന്തുണ അമേരിക്കക്കുണ്ട്. ഇതിന് പുറമെ, കാലങ്ങളായി ശത്രുതയില്‍ കഴിയുന്ന ഇറാനെയും ഇതില്‍ പങ്കാളികളാക്കാന്‍ അമേരിക്ക ശ്രമം നടത്തിയിരുന്നു. ഇസിലിനെതിരെയുള്ള പോരാട്ടത്തില്‍ ഇറാന് വ്യക്തമായ പങ്ക് വഹിക്കാനുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി നയം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, അമേരിക്കയുടെ നിലപാടുകളെ തള്ളിക്കളഞ്ഞ ഇറാന്‍, ഇപ്പോഴത്തെ അമേരിക്കയുടെ വ്യോമാക്രമണങ്ങള്‍ സംശയാസ്പദമാണെന്നും ആ രാജ്യത്തിന്റെ ചരിത്രം അതാണ് പഠിപ്പിക്കുന്നതെന്നും തുറന്നടിക്കുകയും ചെയ്തിരുന്നു. ഇസ്‌റാഈലും അമേരിക്കയും ചേര്‍ന്ന് നടപ്പാക്കിയ ആസൂത്രിതമായ പദ്ധതിയാണോ ഇസില്‍ എന്ന കാര്യവും വിദഗ്ധര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്. ഇതുസംബന്ധിച്ച ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസിലും പ്രത്യക്ഷപ്പെട്ടിരുന്നു. ആണവായുധങ്ങള്‍ സൂക്ഷിക്കുന്നുവെന്ന പേരില്‍ സദ്ദാം ഹൂസൈനെ താഴെയിറക്കിയതു വഴി രണ്ട് തവണ ഇറാഖില്‍ ഇടപെടാന്‍ അമേരിക്കക്ക് നേരത്തെ സാധിച്ചിരുന്നു. ഇതിന് പുറമെയാണ് അമേരിക്ക തന്നെ ജന്മം നല്‍കിയ തീവ്രവാദ സംഘടനയെന്ന് സംശയിക്കപ്പെടുന്ന ഇസിലിന്റെ പേരില്‍ സിറിയയിലും ഇറാഖില്‍ വീണ്ടും അമേരിക്ക ഇടപെടുന്നത്.
അതിനിടെ ഇസിലിനെതിരെ ആക്രമണത്തിന് തങ്ങളും പദ്ധതി തയ്യാറാക്കുന്നതായി ഡച്ച് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായി പ്രത്യേക കാബിനറ്റ് ചേരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.