Connect with us

Wayanad

മലിനജലം പുറത്തേക്ക് ഒഴുക്കിയ ജില്ലയിലെ 41 വീടുകള്‍ക്കെതിരെ നടപടി

Published

|

Last Updated

കല്‍പ്പറ്റ: സേഫ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 2907 വീടുകളിലും 179 സ്ഥാപനങ്ങളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മാലിന്യം കൃത്യമായി സംസ്‌കരിക്കുന്നതില്‍ വീഴ്ച വരുത്തിയ 104 വീടുകള്‍ക്കും 38 സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി. പകര്‍ച്ച വ്യാധികള്‍ പകരുന്നവിധത്തില്‍ മലിനജലം പുറത്തേക്ക് ഒഴുക്കിയതിന് 41 പേര്‍ക്കും കൊതുക് വളരുന്ന സാഹചര്യം സൃഷ്ടിച്ചതിന് 67 പേര്‍ക്കും നോട്ടീസ് നല്‍കി. മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ചതിന് 38, ഓടകളുടെ ഒഴുക്ക് തടസ്സപ്പെടുത്തിയതിന് 7, വളര്‍ത്തുമൃഗങ്ങളെ പൊതുജനാരോഗ്യ പ്രശ്‌നം ഉണ്ടാക്കുന്ന രീതിയില്‍ വളര്‍ത്തിയതിന് 22, ജല സ്രോതസ്സുകള്‍ മലിനമാക്കിയതിന് 8, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിന് 22 എന്നിങ്ങനെയും നോട്ടീസുകള്‍ നല്‍കി.
നോട്ടീസില്‍ നിഷ്‌കര്‍ഷിച്ചത് പ്രകാരം നിശ്ചിത തീയ്യതിക്കകം പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും പരിശോധനകള്‍ തുടരും. പരിശോധനകള്‍ക്ക് ടെക്‌നിക്കല്‍ അസിസ്റ്റന്റ്മാരായ കെ.ടി.മോഹനന്‍, സി.സി.ബാലന്‍, യു.കെ.കൃഷ്ണന്‍, മാസ് മീഡിയ ഓഫീസര്‍മാരായ ഹംസ ഇസ്മാലി, ബേബി നാപ്പള്ളി, മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജെ.പി.എച്ച്.എന്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Latest