ജില്ലാ ആശുപത്രിയിലെ സ്‌കാനിംഗ് നിലച്ചു; രോഗികള്‍ ദുരിതത്തിലായി

Posted on: September 25, 2014 12:56 am | Last updated: September 24, 2014 at 11:56 pm
SHARE

മാനന്തവാടി: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജില്ലാ ആശുപത്രിയിലെ സ്‌കാനിംഗ് നിലച്ചതോടെ ആദിവാസികളുള്‍പ്പെടെയുള്ള നൂറ്കണക്കിന് രോഗികള്‍ ദുരിതത്തിലായി. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ എണ്ണം കുറവ് വന്നതോടെ സ്‌കാനിംഗ് ഡ്യുട്ടിയിലുണ്ടായിരുന്ന ഡോ.ഇ രാജലക്ഷ്മിയെ ഒപി ഡ്യൂട്ടിക്ക് നിയോഗിച്ചതോടെയാണ് സ്‌കാനിംഗ് മുടങ്ങിയത്. ദിനം പ്രതി 70 ഓളം രോഗികള്‍ സ്‌കാനിംഗ് ആവശ്യങ്ങളുമായി ഇവിടെ എത്താറുണ്ട്. സ്‌കാനിംഗ് മുടങ്ങിയതോടെ വന്‍ തുക നല്‍കി മറ്റ് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിയും വരികയാണ്.
2012 നവംബര്‍ 10നാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ 1.3 കോടി രൂപ മുടക്കി സിടി സ്‌കാനിംഗ് യൂണിറ്റ് ആരംഭിച്ചത്. സിടി സ്‌കാന്‍, യുഎസ്ജി(അള്‍ട്രാ സൗണ്ട് സ്‌കാന്‍) എന്നീ സേവനങ്ങളാണ് ഇവിടെ രോഗികള്‍ക്ക് ലഭിച്ചിരുന്നത്. ആക്‌സിഡന്റ് കേസുകള്‍ ഉള്‍പ്പെടെ തലക്കും മറ്റും പരിക്കേല്‍ക്കുന്ന സമയത്ത് നടത്തുന്ന സിടി ഹെഡ് സ്‌കാന്‍ ആണ് പ്രധാനമായും ഇവിടെയുള്ളത്. അതോടൊപ്പം തന്നെ ഗര്‍ഭണികള്‍, മൂത്രകല്ല് രോഗികള്‍ തുടങ്ങി വയറും അനുബന്ധ ശരീശ ഭാഗങ്ങളും മറ്റുമുള്ള സ്‌കാനിംഗ് രോഗികള്‍ക്ക് സൗജന്യ നിരക്കിലാണ് ഇവിടെ ചെയ്തിരുന്നത്. എന്നാല്‍ സ്‌കാനിംഗ് മുടങ്ങിയതോടെ യുഎസ്ജി സ്‌കാനിംഗിന് ജില്ലാ ആശുപത്രിയില്‍ 150 രൂപ ഈടാക്കുമ്പോള്‍ മറ്റ് സ്വകാര്യ ഇടങ്ങളില്‍ 450-600 രൂപവരെയാണ് ഈടാക്കുന്നത്. സിടി സ്‌കാനിംഗിനാകട്ടെ 900 രൂപയോളമാണ് ജില്ലാ ആശുപത്രിയിലെ നിരക്ക്. മറ്റ് സ്വകാര്യ ആശുപത്രികളിലും ലാബുകളിലും 2500-3500 രൂപ വരെയാണ് ഇതിനായി ഈടാക്കുന്നത്. യുഎസ്ജി സ്‌കാനിംഗ് ഗര്‍ഭിണികള്‍, എസ്ടി വിഭാഗം, 18 വയസില്‍ താഴെയുള്ള കുട്ടികള്‍, ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് ഉള്ളവര്‍ എന്നിവര്‍ക്ക് സൗജന്യ നിരക്കിലാണ് സ്‌കാനിംഗ് നടത്തിയിരുന്നത്. ഇവര്‍ക്കുള്ള ആനുകൂല്യംവും പൂര്‍ണമായും മുടങ്ങുന്നതോടെ വന്‍ തുക നല്‍കി സ്വകാര്യ ആശുപത്രികളില്‍ നിന്നും സ്‌കാന്‍ ചെയ്യേണ്ടി വരും. മറ്റ് സ്വകാര്യ ആശുപത്രികളിലും ലാബുകളിലും വലിയ തുക മുടക്കാന്‍ കഴിയാതെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ ജില്ലാ ആശുപത്രയില്‍ സ്‌കാനിംഗിനായി കഴിഞ്ഞ മൂന്ന് ദിവസമായി പേര് രജിസ്റ്റര്‍ ചെയ്തിരുന്നു.