അബൂ ഖത്താദ നിരപരാധി: ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ കോടതി ഉത്തരവ്

Posted on: September 25, 2014 6:00 am | Last updated: September 24, 2014 at 11:56 pm
SHARE

abu qatadaഅമ്മാന്‍: തീവ്രവാദ കേസുകളില്‍ കുറ്റാരോപിതനായി ജോര്‍ദാനിലെ ജയിലില്‍ കഴിയുകയായിരുന്ന അബൂഖത്താദയെ മോചിപ്പിച്ചു. കേസില്‍ കുറ്റക്കാരനല്ലെന്നുകണ്ടാണ് അമ്മാനിലെ കോടതി ഇദ്ദേഹത്തെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. ജോര്‍ദാന്‍ സഹസ്ര വാര്‍ഷികാഘോഷത്തിനിടെ ടൂറിസ്റ്റുകള്‍ക്കും നയതന്ത്രജ്ഞര്‍ക്കുമെതിരെ തീവ്രവാദ അട്ടിമറിക്ക് പദ്ധതിയിട്ടുവെന്നതിന് മതിയായ തെളിവുകളില്ലെന്ന് ജഡ്ജി പറഞ്ഞു. 2013 ല്‍ ബ്രിട്ടനില്‍ നിന്ന് നാടുകടത്തുകയായിരുന്നു അബൂഖത്താദയെ. അബുഖത്താദ ബ്രിട്ടനിലേക്ക് തിരിച്ചുവരില്ലെന്നും ഇയാള്‍ സുരക്ഷക്ക് ഭീഷണിയാണെന്നും കോടതി സമ്മതിച്ചതായി ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. 53കാരനായ അബൂഖത്താദയെ മാതൃരാജ്യത്ത് വെച്ച് വിചാരണ ചെയ്യാന്‍ ബ്രീട്ടീഷ് മന്ത്രിമാര്‍ നീണ്ട നിയമ പോരാട്ടം നടത്തിയിരുന്നു. ജോര്‍ദാന്‍ സഹസ്രാബ്ദ രാവില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍നിന്നുള്ളവരെയും ഇസ്‌റാഈലികളെയും ലക്ഷ്യമിട്ട് അതിക്രമത്തിന് പ്രേരിപ്പിക്കും വിധം എഴുതി എന്നതാണ് ഇദ്ദേഹത്തിനെതിരായ കുറ്റം. ഈ പുസ്തകം അബൂഖത്താദയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ആക്രമണ പദ്ധതി നടത്തിപ്പകാര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത് അബൂഖത്താദയാണെന്ന് അമേരിക്കന്‍ അന്വേഷകര്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ വിചാരണ വേളയില്‍ എല്ലാ ആരോപണങ്ങളും ഇദ്ദേഹം നിഷേധിച്ചു.