മറവിരോഗ സൗഹൃദ സംസ്ഥാനത്തിനായി സാമൂഹ്യ നീതി വകുപ്പ്

Posted on: September 25, 2014 6:00 am | Last updated: September 24, 2014 at 11:45 pm
SHARE

alzheimersകൊച്ചി: കേരളത്തെ ഡിമെന്‍ഷ്യ സൗഹൃദ സംസ്ഥാനമായി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകീട്ട് 3.30ന് എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളജിന് പിന്നിലുള്ള പാപ്പാളി ഹാളില്‍ സംസ്ഥാന പഞ്ചായത്ത്, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. എം കെ മുനീര്‍ നിര്‍വഹിക്കും. ഉച്ചക്ക് രണ്ടു മണിക്ക് മറൈന്‍ ഡ്രൈവില്‍ നിന്ന് പാപ്പാളി ഹാളിലേക്ക് നടത്തുന്ന മെമ്മറി വാക്ക് സിറ്റി പോലീസ് കമ്മീഷണര്‍ കെ ജി ജെയിംസ് ഫഌഗ് ഓഫ് ചെയ്യുന്നതോടെയാണ് പരിപാടികളുടെ തുടക്കം. 700 ഓളം പേര്‍ പങ്കെടുക്കുന്ന മെമ്മറി വാക്കിന് ശേഷം ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ അല്‍ഷൈമേഴ്‌സ് ആന്‍ഡ് റിലേറ്റഡ് ഡിസോര്‍ഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ(എ ആര്‍ ഡി എസ് ഐ) ചെയര്‍പേഴ്‌സന്‍ മീപ പട്ടാഭിരാമന്‍ ലോക അല്‍ഷൈമേഴ്‌സ് ദിന സന്ദേശം നല്‍കും. ഹൈബി ഈഡന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. മേയര്‍ ടോണി ചമ്മിണി മുഖ്യാതിഥിയായിരിക്കും.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച കേരളത്തില്‍ മറവിരോഗം ബാധിക്കുന്നവരുടെ എണ്ണം അതിവേഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സാമൂഹ്യനീതി വകുപ്പും കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനും എ ആര്‍ ഡി എസ് ഐയും ചേര്‍ന്ന് ഇതാദ്യമായി ഇത്തരമൊരു ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നതെന്ന് സന്നദ്ധ സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
4 ദശലക്ഷം വൃദ്ധജനങ്ങളുള്ള കേരളത്തില്‍ 2015 ഓടെ 1.9 ലക്ഷം ഡിമെന്‍ഷ്യ രോഗികളുണ്ടാകുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇതിനെതിരായ പ്രചാരണ ബോധവത്കണ പരിപാടികള്‍ക്കായി സാമൂഹ്യ നീതി വകുപ്പ് അനുവദിച്ച 35.30 ലക്ഷം രൂപ പ്രയോജനപ്പെടുത്തി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള ഡിമെന്‍ഷ്യ ഡേ കെയര്‍ സെന്റര്‍ എറണാകുളത്ത് എടവനക്കാട് ഓള്‍ഡ് ഏജ് ഹോമിനോടനുബന്ധിച്ചും ഗുരുവായൂര്‍ അഗതി മന്ദിരത്തോടനുബന്ധിച്ചും ഡിസംബര്‍ ആദ്യവാരം പ്രവര്‍ത്തനമാരംഭിക്കും. പൈലറ്റ് പദ്ധതി വിജയകരമായാല്‍ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.
മെഡിക്കല്‍ കോളജുകളില്‍ മെമ്മറി ക്ലിനിക്കുകളും പൈലറ്റ് പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്നുണ്ട്. ഡിമെന്‍ഷ്യ രോഗികളുടെ പരിചരണത്തിനായി സന്നദ്ധ പ്രവര്‍ത്തകരെ പരിശീലിപ്പിക്കും. ടെലിഫോണിക് ഹെല്‍പ് ലൈന്‍ സര്‍വീസും വിപുലമായ പ്രചാരണ പരിപാടികളും നടപ്പാക്കാനും പരിപാടിയുണ്ട്. സാമൂഹ്യസുരക്ഷാ മിഷനില്‍ നിന്നുള്ള ഉനൈസ്, ദിവ്യ, എ ആര്‍ ഡി എസ് ഐ പ്രതിനിധികളായ ബാബു വര്‍ഗീസ്, ലതാ ജോസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.