പൊതുസ്ഥലങ്ങളിലെ കൊടിതോരണം; പ്രാദേശിക നേതാക്കള്‍ക്കെതിരെ കേസെടുക്കും

Posted on: September 25, 2014 12:30 am | Last updated: September 24, 2014 at 9:56 pm
SHARE

കാഞ്ഞങ്ങാട്: പൊതുസ്ഥലങ്ങളില്‍ കൊടി ഉയര്‍ത്തുന്നതും കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതും ഇരിപ്പിടങ്ങള്‍ നിര്‍മിക്കുന്നതും കര്‍ശനമായി തടയാന്‍ പോലീസ് നടപടി എടുക്കുന്നു. കേരള പോലീസ് ആക്ട് 120 ബി അനുസരിച്ച് ഇത്തരം സംഭവങ്ങളില്‍ പ്രാദേശിക നേതാക്കള്‍ക്കെതിരെ കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം. പൊതുസ്ഥലങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്തുവെന്ന് തെളിഞ്ഞാല്‍ 10,000 രൂപ വരെ പിഴ ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. സംസ്ഥാനത്തെമ്പാടും ഈ നടപടി കര്‍ശനമാക്കാന്‍ കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളിലെ കൊടിയും കൊടിമരവും ഇരിപ്പിടങ്ങളും മിക്ക രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്ന കണ്ടെത്തലുകളാണ് പോലീസിനെ ഇത്തരത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്.
ഏത് പാര്‍ട്ടിയുടെ പതാകയാണ് ഉയര്‍ത്തിയതെങ്കില്‍ ആ സ്ഥലത്തെ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ക്കെതിരെ പോലീസ് സ്വമേധയാ കേസെടുക്കും. രാഷ്ട്രീയ സംഘര്‍ഷ കേസുകളെക്കുറിച്ച് വിശകലനം ചെയ്തപ്പോഴാണ് മിക്ക രാഷ്ട്രീയ അക്രമ സംഭവങ്ങള്‍ കാരണമായത് കൊടിയും കൊടിമരവും ഇരിപ്പിടങ്ങളും മൂലമാണെന്ന് കണ്ടെത്തിയത്.
ചില അക്രമസംഭവങ്ങള്‍ പോലീസിന് ഒതുക്കി തീര്‍ക്കാന്‍ കഴിയാത്ത നിലയില്‍ പടര്‍ന്നു പിടിച്ചിട്ടുണ്ട്. നടപടിയുടെ തുടക്കമെന്ന നിലയില്‍ പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച കൊടിയും കൊടിമരങ്ങളും ഇരിപ്പിടങ്ങളും നീക്കം ചെയ്യാന്‍ പോലീസ് ആവശ്യപ്പെടുകയോ അല്ലെങ്കില്‍ പോലീസ് തന്നെ അത് നീക്കം ചെയ്യാന്‍ തുടങ്ങുകയോ ചെയ്യും. വീണ്ടും പൊതുസ്ഥല ദുരുപയോഗം തുടര്‍ന്നാല്‍ പോലീസ് പ്രാദേശിക നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ തുടങ്ങും.