ചൊവ്വാ വിജയം

Posted on: September 25, 2014 6:00 am | Last updated: September 24, 2014 at 8:59 pm
SHARE

mangalyan..........പൗരസ്ത്യ ദേശത്തെ തവിട്ടു നിറമുള്ള മനുഷ്യര്‍ക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലെ കടും കറുത്ത നിറമുള്ള മനുഷ്യര്‍ക്കും നിതാന്തമായ അപകര്‍ഷത സമ്മാനിച്ചു കൊണ്ടിരിക്കണമെന്നത് പാശ്ചാത്യരുടെ അജന്‍ഡയാണ്. അവര്‍ ഇടക്കിടക്ക് പുറത്തു വിടുന്ന റിപ്പോര്‍ട്ടുകള്‍, വസ്തുതാപരമെന്ന് തോന്നാവുന്ന നിരീക്ഷണങ്ങള്‍, മുന്നറയിപ്പുകള്‍, ക്രൂരമായ ഇടപെടലുകള്‍ എല്ലാം ഈ അപകര്‍ഷതയെയാണ് ആഘോഷിക്കുന്നത്. എല്ലാ വിജ്ഞാനങ്ങളുടെയും ഈറ്റില്ലം പാശ്ചാത്യ ലോകത്താണെന്ന് അവരുടെ മാധ്യമങ്ങള്‍ നിരന്തരം ഉദ്‌ഘോഷിക്കുന്നു. ഈ ഉദ്‌ഘോഷങ്ങള്‍ക്കുള്ള വിനീതമായ മറുപടിയാണ് ഇന്ത്യയുടെ ചൊവ്വാ വിജയം. ഇത് പൗരസ്ത്യ ദേശത്തിന്റെയും അവിടുത്തെ മഹത്തായ വൈജ്ഞാനിക ചരിത്രത്തിന്റെയും ആഘോഷമാണ്. ആദ്യത്തെ ഉദ്യമത്തില്‍ പിഴവുകളേതുമില്ലാതെ ചൊവ്വാ ദൗത്യത്തെ നിശ്ചിത ഭ്രമണപഥത്തില്‍ എത്തിക്കാന്‍ സാധിച്ചുവെന്നത് അത് കൊണ്ടുവരാന്‍ പോകുന്ന ശാസ്ത്രീയ അവബോധത്തേക്കാള്‍ എത്രയോ മൂല്യവത്താണ്. ആദ്യത്തേതെന്തും പ്രിയപ്പെട്ടതും ശ്രമകരവുമാണല്ലോ.

പരാജയങ്ങള്‍ക്ക് നടുവില്‍
ചൊവ്വയിലേക്ക് അയക്കപ്പെട്ട ദൗത്യങ്ങളില്‍ പകുതിയും പരാജയങ്ങളായിരുന്നു. പാതി വഴിക്ക് മടങ്ങിയവ. ചൊവ്വക്കടുത്തെത്തിയിട്ടും ഉപയോഗശൂന്യമായവ. ജപ്പാന്‍ 1998ലും ചൈന 2011ലും ചൊവ്വയിലേക്ക് ദൗത്യങ്ങളയച്ചു, വിജയിച്ചില്ല. 1988ല്‍ സോവിയറ്റ് യൂനിയന്‍ ഫോബോസ്-1, ഫോബോസ്-2 പേടകങ്ങള്‍ അയച്ചെങ്കിലും വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. റഷ്യ 1996ല്‍ അയച്ച ദൗത്യത്തിനും ഭൂമിയുടെ ആകര്‍ഷണ വലയത്തിന് അപ്പുറത്തേക്ക് സഞ്ചരിക്കാനായില്ല. ചൊവ്വാ ദൗത്യങ്ങളില്‍ വന്‍ വിജയം കൈവരിച്ച അമേരിക്കയുടെ തന്നെ ആദ്യ ദൗത്യങ്ങള്‍ പരാജയമായിരുന്നു. യൂറോപ്യന്‍ യൂനിയനും പല ശ്രമങ്ങള്‍ പരാജയപ്പെട്ടിട്ടാണ് വിജയതീരമണഞ്ഞത്. ബഹിരാകാശ ദൗത്യങ്ങള്‍ പരാജയപ്പെടുന്നത് ഒരു പാപമോ അപൂര്‍വമായ സംഗതിയോ അല്ല. ഒരു രാജ്യവും, പ്രത്യേകിച്ച് സമ്പന്ന രാജ്യങ്ങള്‍, പരാജയത്തെ കാര്യമായി കാണാറില്ല. എന്നാല്‍ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ചെറിയൊരു പിഴവ് ദൗത്യത്തിന് സംഭവിക്കുമ്പോഴേക്കും ശാസ്ത്ര സമൂഹത്തിന്റെ മനോവീര്യം മുച്ചൂടും കുഴിച്ചു മൂടുന്ന പ്രതികരണങ്ങളാണ് ഉണ്ടാകുക . ആ പരാജയങ്ങള്‍ വല്ലാതെ ഉയര്‍ത്തിക്കാട്ടാന്‍ പാശ്ചാത്യ മാധ്യമങ്ങള്‍ വലിയ ഉത്സാഹം കാട്ടുകയും ചെയ്യും. അവിടെയാണ് ആദ്യ ചാട്ടത്തില്‍ തന്നെ വിജയം തൊട്ടുവെന്നത് മധുരതരമാകുന്നത്. 2008ലെ ചാന്ദ്ര ദൗത്യം രണ്ട് വര്‍ഷത്തേക്കാണ് രൂപകല്‍പ്പന ചെയ്തിരുന്നത്. 312 ദിവസം കൊണ്ട് ആ വിജയ ഗാഥ ഒടുങ്ങി. അതുകൊണ്ട് ഈ വിജയം ഐ എസ് ആര്‍ ഒക്ക് അനിവാര്യമായിരുന്നു.

സ്വന്തം മാതൃക
മാതൃകകള്‍ എമ്പാടുമുണ്ടായിരുന്നുവെങ്കിലും ഇന്ത്യ അതിന്റെതായ വഴികള്‍ വികസിപ്പിച്ചുവെന്നതാണ് മറ്റൊരു പ്രധാന കാര്യം. ചെലവ് ചുരുക്കണമെന്ന ഒരു തരം ശാഠ്യം തന്നെ നമ്മുടെ ശാസ്ത്രസംഘത്തിന് ഉണ്ടായിരുന്നു. ആ നിര്‍ബന്ധ ബുദ്ധിയാണ് ദൗത്യത്തിന്റെ മൊത്തം ചെലവ് 450 കോടിയില്‍ പിടിച്ചുനിര്‍ത്തിയത്. ഇതിന്റെ പത്തിരട്ടിയാണ് നാസയുടെ മാര്‍സ് അട്‌മോസ്ഫിയര്‍ ആന്‍ഡ് വൊലാറ്റൈല്‍ എവല്യൂഷന്‍ -മാവേന്റെ ചെലവ്. സാധാരണ ബഹിരാകാശ പേടകങ്ങളെ അപേക്ഷിച്ച് വലിപ്പം കുറവാണ് മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ എന്ന മംഗള്‍യാന്. മംഗള്‍യാന്റെ ഇന്ധനത്തോട് കൂടിയ ഭാരം 1337 കിലോഗ്രാമും ഇന്ധനം കൂടാതെയുള്ള ഭാരം 500 കിലോഗ്രാമുമാണ്. മാവേനിന്റെത് ഇന്ധനത്തോട് കൂടി 2500 കിലോഗ്രാമും ഡ്രൈ മാസ് (ഇന്ധനം കൂടാതെ)717 കിലോഗ്രാമും. ആകെ അഞ്ച് പേലോഡുകളാണ് മംഗള്‍യാന്‍ വഹിക്കുന്നത്. മാവേനില്‍ 15 പേലോഡുകള്‍ ഉണ്ട്. മംഗള്‍യാനിലെ ഇന്ധനം 852 കിലോഗ്രാം മാത്രമാണ്. താരതമ്യത്തില്‍ കാണുന്ന ഈ കുറവുകളെല്ലാം ചെലവു്ചുരുക്കലിന്റെ ഭാഗമായിരുന്നു. റെക്കോര്‍ഡ് വേഗത്തിലാണ് പേടകത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. മാത്രമല്ല തികച്ചും തദ്ദേശീയമായി നിര്‍മിച്ച പി എസ് എല്‍ വിയുടെ ചിറകിലേറിയാണ് മംഗള്‍യാന്‍ പറന്നത്. ചൊവ്വാ ദൗത്യത്തിന് ഒരു പുതിയ ലോഞ്ച് വെഹിക്കിളിനായി ഐ എസ് ആര്‍ ഒ കാത്തിരുന്നില്ല. അല്‍പ്പമൊന്ന് അലസമായാല്‍ ചൊവ്വയെ അടുത്തു കിട്ടാന്‍ 2016 വരെ കാത്തിരിക്കേണ്ടി വരുമായിരുന്നു. പി എസ് എല്‍ വി എന്ന വിശ്വസ്ത ലോഞ്ച് വെഹിക്കിളിന്റെ കൃത്യത ഒരിക്കല്‍ കൂടി ലോകത്തിന് മുമ്പില്‍ വിളിച്ചു പറയുകയെന്ന ഒരു ലക്ഷ്യം കൂടി തീര്‍ച്ചയായും ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നു. വൈകിയയച്ച മേവന്‍ എങ്ങനെ നേരത്തെ എത്തിയെന്ന് ചോദിക്കുന്നവരുണ്ട്. അതിന്റെ ഉത്തരം തന്റെ ഇരുപത്തഞ്ചാമത്തെ ലോഞ്ചിംഗിനായി പി എസ് എല്‍ വിയെ തന്നെ നാം തിരഞ്ഞെടുത്തു എന്നതാണ്. ഭൂമിയുടെ ഉയര്‍ന്ന ഭ്രമണപഥം വരെ മാത്രമേ പി എസ് എല്‍ വിക്ക് മംഗള്‍യാനെ എത്തിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. പിന്നെ ഓരോ തവണയും ലിക്വിഡ് അപ്പോജി മോട്ടോര്‍ -ലാം ജ്വലിപ്പിച്ചാണ് ഭ്രമണപഥമുയര്‍ത്തിക്കൊണ്ടിരുന്നത്. ഇങ്ങനെ ആറ് തവണ തള്ളിയപ്പോഴാണ് മംഗള്‍യാന്‍ ചൊവ്വക്കരികിലെത്തിയത്. എന്നാല്‍ മേവന്റെ കാര്യമെടുക്കൂ. നാസയുടെ ശക്തിയേറിയ അറ്റ്‌ലസ് റോക്കറ്റുണ്ട് അവര്‍ക്ക്. അതുകഴിഞ്ഞാല്‍ സെന്റോര്‍ റോക്കറ്റ്. ഈ സൗകര്യങ്ങള്‍ ഉപയോഗിച്ച് കൃത്യമായി എത്തിക്കാനായാല്‍ സഞ്ചാര സമയത്തില്‍ ഒരു മാസം ലാഭിക്കാന്‍ മേവന് സാധിക്കുമായിരുന്നു.
പക്ഷേ, മംഗള്‍യാന്റെ ഈ ഇല്ലായ്മകള്‍ അതിനെ കരുത്തുറ്റതാക്കുകയും ശ്രദ്ധേയമാക്കുകയുമാണ് ചെയ്തത്. സിന്തറ്റിക് ട്രാക്ക് പോലുള്ള ആര്‍ഭാടങ്ങളില്ലാതെ വെറും മണ്ണില്‍ പരിശീലിച്ച്, ഒട്ടിയ വയറുമായി ലോക വേദികളില്‍ ഓടി മെഡല്‍ നേടിയ അത്‌ലറ്റുകളോടാണ് അതിന്റെ താരതമ്യം. അവന്റെ കരുത്ത് ആ ദാരിദ്ര്യമാണല്ലോ. ഓരോ തവണ ഭ്രമണ പഥം ഉയര്‍ത്തുമ്പോഴും ലോകം അത്ഭുതപ്പെടുകയായിരുന്നു. ഇന്ത്യ കൂടുതല്‍ തിളങ്ങുകയും.

മത്സരത്തിന്റെ തലം
ഞങ്ങള്‍ മത്സരിക്കുന്നത് ഞങ്ങളോട് തന്നെയാണെന്നായിരുന്നു ഐ എസ് ആര്‍ ഒ മേധാവി ഡോ. കെ രാധാകൃഷ്ണന്‍ മംഗള്‍യാന്റെ തുടക്ക ഘട്ടത്തില്‍ മാധ്യമങ്ങളോട് ബഹിരാകാശ മത്സരത്തെ കുറിച്ച് പറഞ്ഞിരുന്നത്. അത് ശരിയായിരിക്കാം. സ്വന്തം കഴിവ് നിരന്തരം പരിഷ്‌കരിക്കുകയും പരീക്ഷിക്കുകയും ചെയ്യുകയെന്ന തലം തന്നെയായിരിക്കാം ഈ ദൗത്യങ്ങള്‍ക്കുള്ളത്. പക്ഷേ, ചൈനയോടും ജപ്പാനോടും ആരോഗ്യകരമായ മത്സരത്തിന് പരോക്ഷമായെങ്കിലും ഇന്ത്യ മുതിരുന്നുവെന്നത് തള്ളിക്കളയാനാകില്ല. 2011ല്‍ ചൈനയുടെ യിംഗ്ഹൗ-1 ദൗത്യം പരാജയപ്പെട്ടതോടെയാണ് മംഗള്‍യാനുള്ള ശ്രമങ്ങള്‍ ഇന്ത്യ ഊര്‍ജിതമാക്കിയത്. നാസക്കും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിക്കും ബദലായി ബഹിരാകാശ ദൗത്യങ്ങളില്‍ പണം മുടക്കാന്‍ കെല്‍പ്പുള്ള ചൈനയും ജപ്പാനും ഈ രംഗത്ത് പിന്നോട്ട് പോകുമ്പോള്‍ ഏകപക്ഷീയമായ വിജയങ്ങള്‍ സമ്മാനിക്കുന്ന ഒരു ശൂന്യത സംജാതമായിരുന്നു. ശീതസമരാനന്തര കാലത്തെ നിശ്ചലതയില്‍ പ്രത്യേകിച്ചും. ഈ ശൂന്യതയാണ് മംഗള്‍യാന്‍ നിറക്കുന്നത്. പൗരസ്ത്യ ദേശത്ത് നിന്നുള്ള ഉറച്ച ശബ്ദമായി ഞങ്ങളുണ്ട് എന്ന സന്ദേശം നല്‍കുക വഴി വിശാല അര്‍ഥത്തില്‍ ഒരു ഏഷ്യന്‍ മത്സരം കാഴ്ച വെക്കുകയാണ് ഇന്ത്യ ചെയ്യുന്നത്.

ബഹിരാകാശ ദൗത്യങ്ങളുടെ വാണിജ്യപരമായ സാധ്യതകള്‍ ഇന്ത്യ ഇതിനകം ആരാഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇസ്‌റോയുടെ വാണിജ്യ വിഭാഗമായ ആന്റ്രിക്‌സിനെ ഈ വിജയം വലിയ തോതില്‍ സഹായിക്കും. മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിക്കാനടക്കമുള്ള കരാറുകള്‍ ഏറ്റെടുക്കാന്‍ നമുക്കും അത്തരം ദൗത്യങ്ങള്‍ ഏല്‍പ്പിക്കാന്‍ മറ്റ് രാജ്യങ്ങള്‍ക്കും ആത്മവിശ്വാസം പകരും ഈ ചൊവ്വാ വിജയം. വാണിജ്യ മത്സരത്തില്‍ ഇന്ത്യ ഒരു പടി മുന്നിലെത്തിയെന്ന് ചുരുക്കം. ചാന്ദ്ര ദൗത്യത്തില്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള പേലോഡുകളാണ് നമ്മള്‍ കൊണ്ടുപോയത്. ഇത് അന്താരാഷ്ട്ര സഹകരണത്തിന്റെ പേരിലെഴുതി നാം പുറമേ എളിമ കൊള്ളുന്നുണ്ടെങ്കിലും മുടക്കു്മുതല്‍ തിരിച്ചു പിടിക്കുകയെങ്കിലും ചെയ്യുകയെന്ന വാണിജ്യം ഇതിന് പിന്നിലുണ്ട്.

ചൊവ്വാ ദോഷമോ?
ചൊവ്വയിലേക്കുള്ള ശാസ്ത്രീയമായ കാഴ്ചക്ക് മംഗള്‍യാന്‍ ഹേതുവാകുമെന്നതാണ് പ്രധാന കാര്യം. അറിവിന്റെ ചക്രവാളം വികസിക്കുമ്പോള്‍, അജ്ഞാതമായ ഇടങ്ങളിലേക്ക് വെളിച്ചം പ്രസരിക്കുമ്പോള്‍ മിഥ്യാ ധാരണകള്‍ മുഴുവന്‍ പൊളിച്ചെഴുതപ്പെടുമല്ലോ. ജനപ്രിയ ശാസ്ത്രത്തിന്റെ അതിര്‍ത്തികള്‍ക്കകത്തേക്ക് ചൊവ്വയും പ്രവേശിക്കുകയാണ്. സാധാരണ ജനത്തിന് ചൊവ്വ ഇനി ഒരു അന്യ ഗ്രഹമല്ല. നമ്മുടെ നാട്ടില്‍ നിര്‍മിച്ച ഉപകരണങ്ങള്‍ക്ക് ചൊവ്വയെ അടുത്തു കാണാം. ചിത്രങ്ങള്‍ എടുക്കാം. അതുകൊണ്ട് ഇങ്ങ് താഴെ നില്‍ക്കുന്ന വെറും മനുഷ്യനും ചൊവ്വ അയല്‍ക്കാരനാകുന്നു. അപ്പോള്‍ കല്യാണംമുടക്കിയായ പാപഗ്രഹമെന്ന കുറ്റപ്പേരില്‍ നിന്ന് ചുവന്ന ഗ്രഹം മെല്ലെ പുറത്ത് കടക്കും.
ചൊവ്വയുടെ നിഗൂഢതകളിലേക്ക് മാര്‍സ് ഓര്‍ബിറ്റര്‍ മിഷന് എത്ര മാത്രം ഊളിയിടാനാകും? ലഭ്യമായ വിവരങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഇപ്പോള്‍ അവിടെയുള്ള മേവന്‍ അടക്കമുള്ള പേടകങ്ങള്‍ തരുന്നതിലപ്പുറം നിര്‍ണായകമായ വിവരങ്ങള്‍ താഴെയെത്തിക്കാന്‍ മംഗള്‍യാന് സാധിക്കില്ലെന്ന് തന്നെ പറയേണ്ടി വരും. അഞ്ച് പേ ലോഡുകളില്‍ നിര്‍ണായകമെന്ന് പറയാവുന്നത് മീഥേന്‍ സെന്‍സര്‍ മാത്രമാണ്. ചൊവ്വയുടെ അന്തരീക്ഷത്തില്‍ മീഥേനിന്റെ അളവ് എത്രയുണ്ട്? അതിന്റെ പ്രഭവ കേന്ദ്രം എവിടെ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ് മീഥേന്‍ സെന്‍സര്‍ ശ്രമിക്കുക. ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമുണ്ടായിരുന്നോ എന്ന മനുഷ്യന്റെ എക്കാലത്തേയും വലിയ ‘ക്യൂര്യോസിറ്റി’യിലേക്ക് തന്നെയാണ് മംഗള്‍യാന്‍ മിഴിയയക്കുന്നത്. പക്ഷേ ഈ ആകാംക്ഷയെ വലിയ തോതില്‍ ശമിപ്പിക്കാനൊന്നും ഈ ‘നാനോ കാര്‍’ പേടകത്തിന് സാധിച്ചെന്ന് വരില്ല.

പിന്നെന്തിനാണ് ഈ ആഘോഷം? ഇത് ആത്മവിശ്വാസത്തിന്റെ ആഘോഷമാണ്. എത്തിച്ചേര്‍ന്നതിന്റെ ആഘോഷമാണ്. രാജ്യത്തിന്റെ ഗണിത പാരമ്പര്യത്തിന്റെയും കൃത്യതയുടെയും ആഘോഷമാണ്. ക്രിക്കറ്റ് ടീം തുടര്‍ച്ചയായി ജയിച്ചാല്‍ രാജ്യത്ത് ക്രിക്കറ്റ് ജ്വരം പടരും. ഹീറോയിസത്തിന്റെ പ്രശ്‌നമാണ് അത്. മംഗള്‍യാന്‍ തീര്‍ച്ചയായും ഒരു ഹീറോ ആണ്. പുതിയ പ്രതിഭകളെ ശാസ്ത്രതത്പരരാക്കും ഈ വിജയം. അവരെ പുതിയ വഴികളിലേക്കും ഭാവനകളിലേക്കും നയിക്കും ഈ വിജയ മാതൃക. ഇത്ര പണം മുടക്കിയിട്ട് ഇതാണോ നേടിയതെന്ന വിമര്‍ശത്തിന്റെ അമ്പുകള്‍ തത്കാലം ആവനാഴിയില്‍ ഇടാം. ഓരോ ഉപഗ്രഹങ്ങള്‍ അയച്ചപ്പോഴും ശാസ്ത്രീയ നേട്ടങ്ങള്‍ക്കായി കുറേ മനുഷ്യര്‍ വിയര്‍ത്തപ്പോഴും ഇത് തന്നെ ചോദിച്ചിരുന്നു. കൈയിലിരിക്കുന്ന സ്മാര്‍ട്ട് ഫോണിലെ അതൃപ്പങ്ങള്‍ മാത്രം മതി ഈ ചോദ്യങ്ങളുടെ തലയരിയാന്‍.