Connect with us

Editorial

ചരിത്ര വിജയം

Published

|

Last Updated

പ്രഥമ ചൊവ്വാ ദൗത്യം തന്നെ വിജയം കണ്ട ചരിത്ര നേട്ടത്തിലാണ് ഇന്ത്യ. ബഹിരാകാശ ഗവേഷണം നടത്തുന്ന പ്രമുഖ രാജ്യങ്ങളെല്ലാം ചൊവ്വയിലേക്ക് ഉപഗ്രഹങ്ങള്‍ അയച്ചിട്ടുണ്ടെങ്കിലും ആദ്യപരീക്ഷണത്തില്‍ ലക്ഷ്യം കാണാന്‍ അവര്‍ക്കായിട്ടില്ല. 1964ല്‍ അമേരിക്ക വിക്ഷേപിച്ച പ്രഥമ ചൊവ്വാ പര്യവേക്ഷണ ഉപഗ്രഹമായ മാരിനര്‍-3 പരാജയമായിരുന്നു.അവരുടെ രണ്ടാം ദൗത്യമായ മാരിനര്‍-4 ആണ് ആദ്യമായി ഭ്രമണപഥത്തിലെത്തിയത്. സോവിയറ്റ് യൂണിയനും നിരവധി പരീക്ഷങ്ങളിലെ പരാജയത്തിനൊടുവില്‍ മാര്‍സ് രണ്ടിലൂടെയാണ് വിജയം കണ്ടത്. ചൈനയും, ജപ്പാനും നടത്തിയ ആദ്യ ശ്രമങ്ങളും പരാജയപ്പെട്ടു. ഇവരൊക്കെ തോറ്റിടത്താണ് ഇന്ത്യ ചരിത്രം കുറിച്ചത്. മംഗള്‍യാന്‍ ഇന്നലെ കാലത്ത് 7.41ന് ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തിയതോടെ ചൊവ്വാ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാഷ്ട്രമെന്ന പദവിയും ഇന്ത്യ കൈവരിച്ചു. അമേരിക്ക, റഷ്യ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവരാണ് ഇതിന് മുമ്പ് ചൊവ്വാ ദൗത്യം വിജയത്തിലെത്തിച്ചത്. ആഗോളതലത്തില്‍ 51 തവണ നടന്ന ചൊവ്വാ ദൗത്യത്തില്‍ വിജയിച്ചത് 21 എണ്ണം മാത്രം. നാല്‍പ്പത് കോടി കിലോമീറ്റര്‍ അകലെയുള്ള ചൊവ്വയിലെ രഹസ്യങ്ങള്‍ തേടി, ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും 2013 നവംബര്‍ അഞ്ചിന് ദൗത്യയാത്ര ആരംഭിച്ച മംഗള്‍യാന്‍ 666 ദശലക്ഷം കിലോമീറ്റര്‍ താണ്ടിയാണ് ചൊവ്വയില്‍ എത്തിയത്.
ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കാനുള്ള ശ്രമത്തിലാണിന്ന് അമേരിക്കയും റഷ്യയും. ഇതിന്റെ ഭാഗമായി അവിടെ ജീവനുണ്ടോ, വെള്ളമുണ്ടോ എന്നറിയാനുള്ള പരീക്ഷണത്തില്‍ മുഴുകിയിരിക്കയാണ് പ്രസ്തുത രാജ്യങ്ങള്‍. ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗം തന്നെയാണ് മംഗള്‍യാനും. ഏതു വഴി പോകണം, എങ്ങനെ പോകണം, സുരക്ഷിതമായരീതി ഏത് തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തി ചൊവ്വയിലേക്കുള്ള പാത നിശ്ചയിക്കലാണ് ഈ പേടകത്തിന്റെ ദൗത്യം. അവിടുത്തെ അന്തരീക്ഷത്തിന്റെ സ്വഭാവം സൂക്ഷ്മമായി പരിശോധിച്ചു വിവരം നല്‍കുകയും ചെയ്യും. ചൊവ്വയിലെ മീഥെയില്‍ വാതകത്തിന്റെ സാന്നിധ്യം അറിയാന്‍ മീഥെയില്‍ മാപിനി, ബഹുവര്‍ണ ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയക്കാന്‍ അത്യാധുനിക ക്യാമറകള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട് ഈ പേടകത്തില്‍.
അഭിനന്ദനങ്ങള്‍ക്കൊപ്പം വിമര്‍ശങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട് ഐ എസ് ആര്‍ ഒയുടെ ചൊവ്വാ ദൗത്യം. ഇസ്‌റോയുടെ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായരാണ് മംഗള്‍യാന്‍ പദ്ധതിയുടെ വിമര്‍ശകരിലൊരാള്‍. ചൊവ്വയില്‍ ജീവനുണ്ടോയെന്ന് അറിയാന്‍ മംഗള്‍യാള്‍ ദൗത്യത്തിലൂടെ കഴിയുമെന്ന വാദം തെറ്റാണെന്നും അവിടെ ജീവനില്ലെന്നു നാസ കണ്ടെത്തിയിരിക്കെ ഇസ്‌റോ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി. ജനസംഖ്യയില്‍ പകുതിയോളം ദാരിദ്ര്യ രേഖക്ക് താഴെ വരുന്ന രാജ്യത്ത് എന്തിനാണ് ചെലവേറിയ ഈ പദ്ധതി എന്നു ചോദിക്കുന്നവരുണ്ട്. എന്നാല്‍ ഇസ്‌റോയുടെ നിലവിലെ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടത് പോലെ ശാസ്ത്ര സാങ്കേതിക രംഗത്ത് വന്‍മുന്നേറ്റം നടത്തുന്ന ഇന്ത്യക്ക് ബഹിരാകാശ ഗവേഷണ രംഗത്ത് നിന്ന് മാറി നില്‍ക്കാന്‍ സാധിക്കില്ല. ആധുനിക മനുഷ്യന്റെ ദൈനംദിന ജീവിതത്തിന് അനിവാര്യമായ ഘടകമായി മാറിയിട്ടുണ്ട് ബഹിരാകാശ പേടകങ്ങള്‍. സമുദ്ര നിരീക്ഷണം, പ്രകൃതി ക്ഷോഭം, അതിര്‍ത്തി സംരക്ഷണം തുടങ്ങിയവ നിയന്ത്രിക്കുന്നതില്‍ ഉപഗ്രഹങ്ങളുടെ പങ്ക് വലുതാണ്. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളും അപകടങ്ങളും വളരെ കാലേക്കൂട്ടിത്തന്നെ അറിയിക്കാന്‍ ഇവക്ക് സാധിക്കും. വാര്‍ത്താവിതരണം, വിദ്യാഭ്യാസ പുരോഗതി, കാര്‍ഷിക മേഖലയെ പരിപോഷിപ്പിച്ചു ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കല്‍ തുടങ്ങിയവയിലെല്ലാം ഈ ശാസ്ത്ര സാങ്കേതിക സംവിധാനത്തിന് മികച്ച പങ്കുണ്ട്.
1960ല്‍ തുടക്കം കുറിക്കുകയും 1969ല്‍ ഐ എസ് ആര്‍ ഒയുടെ വരവോടെ ഗതിവേഗം കൈവരികയും ചെയ്ത ഇന്ത്യയിലെ ബഹിരാകാശ ഗവേഷണ മേഖല ഇന്ന് അഭൂതപൂര്‍വമായ വളര്‍ച്ചയിലാണ്. ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ചാന്ദ്രയാന്‍ ഒന്നും (2008) മംഗള്‍യാനും ഐ എസ് ആര്‍ ഒയുടെ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളാണ് . അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ ഇന്ത്യന്‍ ഐ എസ് ആര്‍ ഒയുമായി സഹകരിച്ചു തുടങ്ങിയത് ചാന്ദ്രയാന്‍ കൈവരിച്ച നേട്ടത്തോടെയാണ്. ജലഗവേഷണത്തിനുള്ള ഉപഗ്രഹം നിര്‍മിക്കുന്നതിനുള്ള സപ്ത വര്‍ഷ കരാറില്‍ ഇതിനിടെ നാസയും ഐ എസ് ആര്‍ ഒയും ഒപ്പ് വെക്കുകയുണ്ടായി. തുടര്‍ച്ചയായ വിജയങ്ങളിലൂടെ ബഹിരാകാശ രംഗത്തെ നിര്‍ണായക ശക്തിയായി മാറിയ ഐ എസ് ആര്‍ ഒ ഇന്ന് 120 കോടി വരുന്ന ഇന്ത്യന്‍ ജനതയുടെ അഭിമാനമായി മാറിയിട്ടുണ്ട്.