Connect with us

Science

മംഗള്‍യാന്‍: മീഥേന്‍ പഠനം നിര്‍ണായകം

Published

|

Last Updated

mangalyaanബംഗളൂരു: ഭൂമിയുടെ ഏകാന്തതക്കുള്ള പ്രതിക്രിയ തേടിയുള്ള മനുഷ്യന്റെ അന്വേഷണത്തിന് മംഗള്‍യാന്‍ പുതിയ ദിശാ ബോധം നല്‍കുമോയെന്നതാണ് ശാസ്ത്ര ലോകം ഉറ്റു നോക്കുന്നത്. ഭൂമിയുമായി ചൊവ്വക്കുള്ള സാമ്യവും അതിന്റെ അന്തരീക്ഷ പ്രത്യേകതകളുമാണ് ജീവന്റെ തുടിപ്പു തേടിയുള്ള അന്വേഷണത്തിന്റെ അടിസ്ഥാനം. ചൊവ്വയില്‍ ഇപ്പോള്‍ പ്രത്യക്ഷത്തില്‍ ജീവ നിലനില്‍പ്പിന് സാധ്യതയില്ലെങ്കിലും അത്തരമൊരു സാഹചര്യം ഉണ്ടായിരുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. അത് വീണ്ടെടുക്കാനാകുമെന്നും അവര്‍ കരുതുന്നു. നാസയുടെ വൈക്കിംഗ്, മാര്‍സ് ഗ്ലോബല്‍ സര്‍വേയര്‍, യുറോപ്യന്‍ യൂനിയന്റെ പേടകം എന്നിവയെല്ലാം ചൊവ്വയുടെ അന്തരീക്ഷത്തിന്റെയും ഉപരിതലത്തിന്റെയും പ്രത്യേകകളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ “ഭൂമിയിലെത്തിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ച തന്നെയാണ് മംഗള്‍യാനും നിര്‍വഹിക്കാനുള്ളത്. അതുകൊണ്ടാണ് ഐ എസ് ആര്‍ ഒയുമായി വിവരങ്ങള്‍ പങ്കുവെക്കാന്‍ ഒരുക്കമാണെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ചുവന്ന ഗ്രഹത്തിന്റെ നിഗൂഢതകളിലൂടെ സഞ്ചരിക്കാന്‍ അഞ്ച് ഉപകരണങ്ങളാണ് മംഗള്‍യാനില്‍ ഉള്ളത്. ലിമാന്‍ ആല്‍ഫാ ഫോട്ടോ മീറ്റര്‍, മാര്‍സ് കളര്‍ ക്യാമറ, മീഥേന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ്, മാര്‍സ് എക്‌സോസ്‌ഫെറിക് ന്യൂട്രല്‍ കമ്പസിഷന്‍ അനലൈസര്‍, തെര്‍മല്‍ ഇന്‍ഫ്രാ റെഡ് ഇമേജിംഗ് സ്‌പെക്‌ട്രോ മീറ്റര്‍ എന്നിവയാണ് അവ. ചൊവ്വയുടെ അന്തരീക്ഷത്തിന്റെ അപ്പര്‍ ലെയറുകളില്‍ ഡ്യൂട്ടീരിയത്തിന്റെയും ഹൈഡ്രജന്റെയും സാന്നിധ്യമളക്കുകയാണ് ലിമാന്‍ ആല്‍ഫാ ഫോട്ടോ മീറ്ററിനുള്ളത്. ഈ അന്വേഷണം ചൊവ്വയുടെ അന്തരീക്ഷ ഘടനയെക്കുറിച്ച് അമൂല്യമായ വിവരങ്ങള്‍ സമ്മാനിക്കും. മാര്‍സ് കളര്‍ ക്യാമറ ഉപരിതലത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തി വിശകലനം ചെയ്യും.
മീഥേന്‍ സെന്‍സറാണ് ഈ നിരയില്‍ കേമന്‍. മീഥേന്‍ വാതകത്തിന്റെ സാന്നിധ്യം നിര്‍ണയിക്കുകയും അതിന്റെ ഉത്ഭവം കണ്ടെത്തുകയുമാണ് ഇതിന്റെ ദൗത്യം. മീഥേന്‍ സാന്നിധ്യം കണ്ടെത്തിയാല്‍ ഇവിടെ സൂക്ഷ്മ ജീവികള്‍ ഉണ്ടായിരുന്നുവെന്നതിന് തെളിവാകും. ചൊവ്വയുടെ കാലാവസ്ഥാ മാറ്റങ്ങളും അന്തരീക്ഷത്തിന്റെ വിവിധ പാളികളുടെ വ്യത്യാസങ്ങളും മാര്‍സ് എക്‌സോസ്‌ഫെറിക് ന്യൂട്രല്‍ കമ്പസിഷന്‍ അനലൈസര്‍ പഠനവിധേയമാക്കും. ചൊവ്വയിലെ താപ വികിരണം അളക്കുകയാണ് തെര്‍മല്‍ ഇന്‍ഫ്രാ റെഡ് ഇമേജിംഗ് സ്‌പെക്‌ട്രോ മീറ്ററിന്റെ ജോലി. രാസഘടനയും ഇത് പഠിക്കും. ഈ പഠനങ്ങള്‍ക്കായി മംഗള്‍യാന്‍ ആറ് മാസത്തോളം ചൊവ്വയെ വലംവെക്കും. ഇതിന് പ്രത്യേക ഊര്‍ജം ആവശ്യമില്ല.
ഈ അന്വേഷണത്തില്‍ ഇതുവരെയുള്ള നേട്ടങ്ങളില്‍ ഒരടിയെങ്കിലും മുന്നോട്ട് വെക്കാനായാല്‍ ചൊവ്വയെക്കുറിച്ചുള്ള മനുഷ്യന്റെ അടങ്ങാത്ത ആകാംക്ഷകള്‍ക്ക് അറുതിയാകും.

 

Latest