ഐഫോണിന്റെ നട്ടെല്ലിന് ഉറപ്പില്ലെന്ന് റിപ്പോര്‍ട്ട്

Posted on: September 24, 2014 10:05 pm | Last updated: September 24, 2014 at 10:12 pm
SHARE

iphone bentടെക്‌നോളജി ലോകത്തെ പുതിയ വാര്‍ത്തകളില്‍ കൂടുതലും ഐഫോണിനെ കുറിച്ചാണ്. വിശേഷങ്ങളോടൊപ്പം ഐഫോണിനെതിരായ വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. ഐഫോണിന്റെ നടുവിന് വേണ്ടത്ര ഉറപ്പില്ലെന്നതാണ് ഐഫോണിനെതിരെ പുറത്ത് വരുന്ന പ്രധാനവാര്‍ത്ത. പൊക്കറ്റിലിട്ട് നടന്നാല്‍ ഒരു ദിവസം കൊണ്ട് ഫോണ്‍ വളഞ്ഞുപോവുമെത്രെ. പിന്നെയിത് പൂര്‍വസ്ഥിതിയിലാക്കാനും കഴിയില്ല.

‘ബെന്റ് ഗേറ്റ്’ എന്നാണ് ഓണ്‍ലൈന്‍ ലോകം ഈ കുഴപ്പത്തിന് പേര് നല്‍കിയിരിക്കുന്നത്. ആപ്പിള്‍ ഇതുവരെ ഇറക്കിയതില്‍ ഏറ്റവും കട്ടികുറഞ്ഞ മോഡലാണ് ഐഫോണ്‍ 6 പ്ലസ്. ഫോണിന്റെ ഒരു പ്രത്യേകതയായി കമ്പനി ഉയര്‍ത്തിക്കാട്ടിയതും സ്ലിം സ്‌റ്റൈല്‍ ആയിരുന്നു.

എന്നാല്‍ ഐഫോണ്‍ 6 പ്ലസ് മെലിഞ്ഞെങ്കിലും ഫോണിന് തീരെ കട്ടികുറവായതും രൂപകല്‍പ്പനയ്ക്ക് അലൂമിനിയം ഉപയോഗിച്ചതുമാണ് എളുപ്പം വളയാന്‍ കാരണമായി കരുതുന്നത്. ട്വിറ്ററില്‍ ഉയരുന്ന പരാതികള്‍ക്ക് പുറമെ ആപ്പിള്‍ കമ്പനിയുടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ‘മാക്‌റൂമേഴ്‌സ്’ എന്ന വെബ്‌സൈറ്റും ഐഫോണിന്റെ ന്യൂനതയെ കുറിച്ചുളള വാര്‍ത്ത പുറത്തുവിട്ടുകഴിഞ്ഞു.

ഒരു പകല്‍ മുഴുവന്‍ പാന്റ്‌സിന്റെ മുന്‍പോക്കറ്റില്‍ സൂക്ഷിച്ച ഫോണ്‍ വളഞ്ഞുവെന്ന ഉപയോക്താവിന്റെ വിവരണവും വളഞ്ഞ ഫോണിന്റെ ചിത്രങ്ങളും സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താവ് കൂടുതല്‍ സമയവും ഇരിക്കുകയായിരുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്. ഐഫോണ്‍ 6 പ്ലസ് പോക്കറ്റില്‍ സൂക്ഷിക്കരുതെന്ന ഉപദേശവും സൈറ്റ് നല്‍കുന്നുണ്ട്.