ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളുമായി ജെറ്റ് എയര്‍വേസ്

Posted on: September 24, 2014 9:48 pm | Last updated: September 24, 2014 at 9:48 pm
SHARE

Jet Airwaysടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ജെറ്റ് എയര്‍വേസ് യാത്രക്കാരെ ആകര്‍ഷിക്കുന്നു. വിമാനക്കമ്പനികള്‍ തമ്മിലുള്ള മല്‍സരം കടുത്തതോടെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനാണ് ജെറ്റ് എയര്‍വേസ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. ഓഫര്‍ അനുസരിച്ച് ഈ വര്‍ഷം ഒക്‌ടോബര്‍ അഞ്ചിനു മുമ്പ് ബുക്കിംഗ് നടത്തുന്നവര്‍ക്ക് അടുത്ത വര്‍ഷം ജനുവരി 15 ന് ശേഷം ഈ ആനുകൂല്യത്തില്‍ യാത്ര ചെയ്യാം.

കൊച്ചി – ബംഗളൂരു 908 രൂപ, ഗോവ – ബംഗളൂരു 916 രൂപ, ബംഗളൂരു – കൊച്ചി 1162 രൂപ, ബംഗളൂരു – ചെന്നൈ 1162 രൂപ, ചെന്നൈ – ബംഗളൂരു 1017 രൂപ, ബംഗളൂരു – ഗോവ 1162 രൂപ, ബംഗളൂരു – ഛണ്ഡീഗഡ്, ബംഗളൂരു – ജയ്പൂര്‍ ടിക്കറ്റുകള്‍ക്ക് 2390 രൂപ എന്നിങ്ങനെയാണ് ഓഫര്‍ ചെയ്യുന്ന ടിക്കറ്റ് നിരക്കുകള്‍.

സെപ്റ്റംബര്‍ 19 ന് 20 ശതമാനം ടിക്കറ്റ് ഇളവ് നല്‍കി മൂന്നു ദിന ഓഫര്‍ എയര്‍ ഏഷ്യ പ്രഖ്യപിച്ചിരുന്നു. 690 രൂപയായിരുന്നു ഇതുപ്രകാരം എയര്‍ ഏഷ്യയുടെ ഏറ്റവും ചുരുങ്ങിയ ടിക്കറ്റ് നിരക്ക്. ഇതിനു പിന്നാലെയാണ് ഓഫര്‍ നല്‍കാന്‍ ജെറ്റ് എയര്‍വേസും തീരുമാനിച്ചിരിക്കുന്നത്.

ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം ആഗസ്റ്റില്‍ 52.60 ലക്ഷത്തില്‍ നിന്നു 56.97 ലക്ഷത്തിലേക്ക് ഉയര്‍ന്നിരുന്നു. ആഭ്യന്തര സര്‍വീസുകളില്‍ യാത്രക്കാരെ ആകര്‍ഷിക്കാനുള്ള വിമാനക്കമ്പനികളുടെ മത്സരം കടുക്കുന്നതോടെ ഇനിയും ടിക്കറ്റ് നിരക്കില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.