Connect with us

Gulf

എമിറേറ്റ്‌സ് എയര്‍ലൈന്‍ പൈലറ്റ് വില്ലേജുമായി മൈദാന്‍

Published

|

Last Updated

ദുബൈ: 4.5 ലക്ഷം ചതുരശ്ര മീറ്ററില്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സിലെ പൈലറ്റുമാര്‍ക്കായി വില്ലേജ് നിര്‍മിക്കാന്‍ പ്രമുഖ നിര്‍മാണ കമ്പനിയായ മൈതാന്‍ ഒരുങ്ങുന്നു. ദുബൈയിലെ വന്‍ നിര്‍മാണ പദ്ധതിയായ മുഹമ്മദ് ബിന്‍ റാശിദ് സിറ്റിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് പൈലറ്റ് വില്ലേജ് പണിയുന്നത്. 2,100 കോടി ദിര്‍ഹമാണ് മുഹമ്മദ് ബിന്‍ റാശിദ് സിറ്റിയുടെ നിര്‍മാണ ചെലവ്. 1,500 വില്ലകളായിരിക്കും പദ്ധതിയുടെ ഭാഗമായി ദുബൈ റാശിദ് സിറ്റി ഡിസ്ട്രിക്ട് ഇലവനില്‍ നിര്‍മിക്കുക. ഒന്നിനോടൊന്നു കൈകോര്‍ത്തു നില്‍ക്കുന്ന രീതിയില്‍ നിര്‍മിക്കുന്ന ഓരോ വില്ലയിലും നാലു മുറികളാവും സജ്ജമാക്കുക.
ലോകത്തിലെ ഏറ്റവും വലിയ കുതിരയോട്ട കോംപ്ലക്‌സ് പണിത് പ്രശസ്തി നേടിയ നിര്‍മാണ കമ്പനിയാണ് മൈദാന്‍. ഇതിന് പുറമെ 2.1 ലക്ഷം ചതുരശ്ര മീറ്ററില്‍ നാലു മുറികളുള്ള 700 വില്ല ഒരുക്കാനും മൈദാന് പദ്ധതിയുണ്ട്. വില്‍പനക്കായാണ് ഇവ നിര്‍മിക്കുക. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനും അല്‍ ഐന്‍ റോഡിനും സമീപത്തായി കമ്പനിയുടെ കീഴില്‍ സ്വകാര്യ വിദ്യാലയം പണിയും. കുതിരയോട്ടത്തില്‍ വിദഗ്ധ പരിശീലനവും വിദ്യാലയം നല്‍കും. കെന്റ് കോളജ് കാന്റണ്‍ബറിമെയ്ഡണ്‍ എന്ന വിദ്യാലയം മൈദാന്‍ മിര്‍ ഹാഷിം ഖൂരി ഗ്രൂപ്പും സംയുക്തമായാവും യാഥാര്‍ഥ്യമാക്കുക. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളിലായി 2,000 കുട്ടികളെയാണ് തുടക്കത്തില്‍ പ്രവേശിപ്പിക്കുകയെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

 

Latest