Connect with us

Gulf

ശൈഖ് മുഹമ്മദ് ഓഹരിക്കമ്പോളം പ്രഖ്യാപിച്ചു

Published

|

Last Updated

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഓഹരിക്കമ്പോളം പ്രഖ്യാപിച്ചു. ദുബൈ സാമ്പത്തിക കമ്പോളത്തിലെ രണ്ടാമത്തെ ഓഹരിക്കമ്പോളമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ ഏതാനും മാസങ്ങള്‍ക്കകം ഷെയറുകളുടെ കൈമാറ്റങ്ങള്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.
ദുബൈ സാമ്പത്തിക കാര്യ മന്ത്രിയും സെക്യൂരിറ്റീസ് ആന്‍ഡ് കമോഡിറ്റീസ് അതോറിറ്റി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയര്‍മാനുമായ സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരിയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടയിലാണ് ശൈഖ് മുഹമ്മദ് പുതിയ ഷെയര്‍മാര്‍ക്കറ്റ് പ്രഖ്യാപിച്ചത്. സാമ്പത്തിക രംഗത്തെ ഭാവിയെക്കുറിച്ചുള്ള ശൈഖ് മുഹമ്മദിന്റെ വീക്ഷണമാണ് വീണ്ടുമൊരു ഓഹരിക്കമ്പോളം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നതിലൂടെ വ്യക്തമാവുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇത് പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ജോയന്റ് സ്‌റ്റോക്ക് കമ്പനികള്‍ക്ക് ഏറെ പ്രയോജനകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ സുസ്ഥിരമായ വികസനത്തിലേക്ക് നയിക്കുന്നതില്‍ ഇത്തരം സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളത്. പുതിയ ഓഹരിക്കമ്പോളം പൂര്‍ണമായും സ്വകാര്യ കമ്പനികളുടെ ഷെയര്‍ ഇടപാടുകള്‍ നടത്താനാണ് ലക്ഷ്യമിടുന്നതെന്നും അല്‍ മന്‍സൂരി വ്യക്തമാക്കി.