Connect with us

Gulf

ഉച്ച വിശ്രമ നിയമം 99.69 ശതമാനം കമ്പനികള്‍ പാലിച്ചു

Published

|

Last Updated

അബുദാബി: ഉച്ച വിശ്രമ നിയമം രാജ്യത്തെ 99.69 ശതമാനം കമ്പനികളും പാലിച്ചതായി യു എ ഇ തൊഴില്‍ മന്ത്രാലയം. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടിയ ശതമാനമാണിത്. ഉച്ച വിശ്രമവുമായി ബന്ധപ്പെട്ട് 77,522 പരിശോധനകളാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയത്. ഇതിന് പുറമേ ഉച്ചവിശ്രമവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് കമ്പനി അധികാരികളെയും തൊഴിലാളികളെയും ബോധവത്കരിക്കാന്‍ 27,752 സന്ദര്‍ശനങ്ങളും തൊഴിലിടങ്ങളില്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ നിയമം പാലിച്ചുവെന്നത് നിയമത്തിന്റെ പ്രാധാന്യമാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മുബാറക് സഈദ് അല്‍ ദാഹിരി വ്യക്തമാക്കി.
വേനല്‍ച്ചൂടില്‍ നിന്നു തൊഴിലാളിയെ രക്ഷിക്കാന്‍ യു എ ഇ സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷമായി നടപ്പാക്കി വരുന്നതാണ് ഉച്ച വിശ്രമ നിയമം. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയുള്ള മൂന്നു മാസങ്ങളിലാണ് നിയമം പ്രാബല്യത്തില്‍ വരുത്താറ്. തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ഉച്ച വിശ്രമം ലഭിക്കുമെന്നതാണ് നിയമത്തിന്റെ നേട്ടം. ഉച്ചക്ക് 12.30 മുതല്‍ മൂന്ന് വരെ തൊഴിലാളികള്‍ക്ക് നിര്‍ബന്ധമായും വിശ്രമം നല്‍കിയിരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്.
നിയമം ലംഘിച്ചു തൊഴിലെടുപ്പിച്ചാല്‍ നിര്‍മാണ കമ്പനി ഉടമയില്‍ നിന്നു 15,000 ദിര്‍ഹം പിഴയായി ഈടാക്കുമെന്നും തൊഴില്‍ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കുറ്റം ആവര്‍ത്തിക്കുന്ന കമ്പനികള്‍ക്കെതിരെ ഭീമമായ തുക പിഴയും അടച്ചുപൂട്ടല്‍ അടക്കമുള്ള നടപടികളും സ്വീകരിക്കാറുണ്ടെന്നതും നിയമം കര്‍ശനമായി പാലിക്കാന്‍ നിര്‍മാണ കമ്പനികളെ ഓരോ വര്‍ഷവും പ്രേരിപ്പിക്കുന്ന ഘടകമാണ്. കഴിഞ്ഞ വര്‍ഷവും 99 ശതമാനത്തിലധികം കമ്പനികളും തൊഴിലാളികള്‍ക്ക് ഉച്ച വിശ്രമം നല്‍കിയിരുന്നു.
തൊഴിലാളികളെ കൂട്ടത്തോടെ പുറം ജോലി ചെയ്യിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരായ റിപ്പോര്‍ട്ട് തൊഴില്‍ മന്ത്രിക്ക് നേരിട്ട് നല്‍കുമെന്ന് അണ്ടര്‍ സെക്രട്ടറി മുബാറക് സഈദ് അല്‍ ദാഹിരി മുന്നറിയിപ്പ് നല്‍കിയതും നിയമം പാലിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പത്തു വര്‍ഷം മുമ്പ് കനത്ത ചൂടില്‍ സൂര്യാതപമേറ്റ് തൊഴിലാളികളുടെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് ജീവനും ആരോഗ്യവും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് യു എ ഇ സര്‍ക്കാര്‍ ഉച്ചവിശ്രമ നിയമം ആവിഷ്‌ക്കരിച്ച് നടപ്പാക്കാന്‍ തുടങ്ങിയത്.