പെരുന്നാളിനെ വരവേല്‍ക്കാന്‍ നഗരസഭ ഒരുങ്ങി

Posted on: September 24, 2014 5:06 pm | Last updated: September 24, 2014 at 5:06 pm
SHARE

Eid in Dubai  (38)ദുബൈ: ബലി പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുക്കം പൂര്‍ത്തിയായതായി ദുബൈ നഗരസഭാധികൃതര്‍ അറിയിച്ചു. പെരുന്നാളിന് പൊതു ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈദ് മുസല്ലകളും പൊതുസ്ഥലങ്ങളും ശുചീകരിച്ചു. ഈദ് അവധി ദിനങ്ങളില്‍ ഉല്ലസിക്കാന്‍ ഉദ്യാനങ്ങളില്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തു.
ഇതോടൊപ്പം, ഭക്ഷ്യ സുരക്ഷക്ക് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഭക്ഷ്യ വിതരണ ശാലകളില്‍ പരിശോധന നടത്തി. റസ്റ്റോറന്റുകള്‍ക്കും കഫ്‌റ്റേരിയകള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കി. ചൂടുകാലാവസ്ഥയായതിനാല്‍ ഭക്ഷണ സാധനങ്ങളില്‍ എളുപ്പം അണുബാധയേല്‍ക്കും. കേടുവന്ന ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യപ്പെടാതിരിക്കാന്‍ വ്യാപക പരിശോധന നടത്തും. സാമ്പ്രദായിക ഭക്ഷ്യ വിതരണ കേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമായിരിക്കും.
പൊതു ഉദ്യാനങ്ങളിലും കാഴ്ച ബംഗ്ലാവുകളിലും നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ആറ് കൂറ്റന്‍ ഉദ്യാനങ്ങളും നൂറോളം താമസ ഉദ്യാനങ്ങളുമാണ് ദുബൈയിലുള്ളത്. ഇവിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തി. നീന്തല്‍ കുളങ്ങളും മറ്റും ശുചീകരിച്ചു. ശൗചാലയങ്ങളും നവീകരിച്ചു. അടിയന്തര സന്ദര്‍ഭങ്ങളില്‍ ഇടപെടാന്‍ സാങ്കേതിക വിദഗ്ധരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിവില്‍ ഡിഫന്‍സ് എപ്പോഴും ജാഗ്രതയോടെ പ്രവര്‍ത്തിക്കും.
അറവുശാലകളിലും മതിയായ ക്രമീകരണങ്ങള്‍ നടത്തിയെന്ന് മേധാവി അഹ്മദ് ഹസന്‍ ശമ്മരി അറിയിച്ചു. പടക്കങ്ങള്‍ ഉപയോഗിക്കരുതെന്നും നഗരസഭ മുന്നറിയിപ്പു നല്‍കി.